ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം അനവസരത്തിലുള്ളതാണെന്നും ദൗർഭാഗ്യകരമെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

''ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും''- ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.

ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാർത്താകുറിപ്പിൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീർത്ഥാടനങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പൻ തീരുമാനമെടുന്നത് ദൗർഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.

മൂന്നാം തരംഗത്തെ നേരിടാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു. പ്രതിരോധ വാക്‌സിൻ കൂടുതൽ കാര്യക്ഷമാക്കാനുള്ള നടപടി, ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ എന്നിവ ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടികളാണ്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി.

വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിർദ്ദേശിച്ചു. മെഡിക്കൽ ആരോഗ്യ മേഖലയുടെ സേവനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തിൽ കേസുകൾ കുറഞ്ഞുവരികയാണ്. എന്നാൽ കേരളം, മഹരാഷ്ട്ര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ ഉയർന്നുനിൽക്കുകയാണ്. - ഐഎംഎ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ബക്രീദിനോട് അനുബന്ധിച്ച് ഇളവുകൾ അനുവദിച്ചത്. വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും. ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കും.

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നൽകാനും നിർദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂർണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് അനൗൺസ്മെന്റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും.

ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോർസൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാസമയവും നിരത്തിലുണ്ടാകും. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.