തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കൗൺസിൽ ബിൽ പാസ്സാക്കുന്നതിനെതിരെ വൻ പ്രക്ഷോഭവുമായി ഐഎംഎയും വിദ്യാർത്ഥി സംഘടനകളും രംഗത്ത്. ബിൽ നടപ്പാക്കുന്നതിനെതിരെ ഇന്ന് ഐഎംഎ നടത്തിയ രാജ്ഭവന്മാർച്ചിൽ ബിൽ പാസാക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളാണുന്നയിക്കപ്പെട്ടത്. നാഷണൽ മെഡിക്കൽ കൗൺസിൽ ബിൽ നടപ്പാക്കുന്നത് ഇന്ത്യൻ ആരോഗ്യ മേഖലയിൽ തുരങ്കം വെക്കാനുള്ള പണപ്പിശാചുകളുടെ തന്ത്രം മാത്രമാണെന്ന് മാർച്ചിൽ കുറ്റപ്പെടുത്തി. എൻഎംസി നടപ്പിലാക്കുന്നത് ഓട്ടോ ഡ്രൈവറെ കൊണ്ട് എയറോപ്ലെയിൻ ഓടിപ്പിക്കുന്നതിന് സമാനമാണെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. വിഷയം ഗൗരവകരമായ കണ്ട് വേണ്ട തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകർച്ചയ്ക്കു വഴിയൊരുക്കുകയും അതുവഴി രോഗികൾക്ക് അവർ അർഹിക്കുന്ന ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബില്ലിനെതിരെ പ്രതിഷേധം ഇനിയും ശക്തമാകുമെന്നും ഐഎംഎ മുന്നറിപ്പ് നൽകി. ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ വയ്ക്കുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി ഐഎംഎയുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ബന്ദിൽ കെജിഎംഒഎയും (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) പങ്കാളികളായി.

പൊതുജനങ്ങൾ നാഷനൽ മെഡിക്കൽ കമ്മിഷൻ ബിൽ എന്താണെന്നു മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്സുകൾ നടത്തി മുറിവൈദ്യന്മാരെ സൃഷ്ടിക്കാനും അനർഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുമുള്ള ശ്രമം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കുക വഴി ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയെ അപമാനിക്കുക കൂടിയാണ് ഇതു വഴി ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നയം ജന വിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ചു ബില്ലിനെ ശക്തമായി എതിർക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്

ബില്ലിലെ പല വ്യവസ്ഥകളും പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കുന്നതാണെന്നു ഐഎംഎ കേരള പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ പറഞ്ഞു. എംബിബിഎസ് പൂർത്തിയാക്കിയവർക്കു പ്രാക്ടീസ് ചെയ്യണമെങ്കിൽ ലൈസൻസിങ് പരീക്ഷ ആവശ്യമാണെന്ന പുതിയ ചട്ടം വിദ്യാഭ്യാസ രംഗത്തെ തകർക്കും. എൻട്രൻസ് പരീക്ഷാ മാതൃകയിലുള്ള പരീക്ഷയ്ക്കു പ്രത്യേക പരിശീലനം നേടേണ്ട സാഹചര്യമുണ്ടാകും. ക്ലിനിക്കൽ പഠനത്തെ ഇതു ബാധിക്കുമെന്നു ഐഎംഎ വിദ്യാർത്ഥി വിഭാഗം പറയുന്നു. ഇത്തരത്തിൽ ഒരു പുതിയ രീതി വരുമ്പോൾ പഠനകാലം നീണ്ട് പോകുന്ന അവസ്ഥയും 35 വയസ്സ് കഴിഞ്ഞാലും സമ്പാദിക്കാൻ പറ്റാത്ത അവസ്ഥയുമാണ് ഉണ്ടാവുക.

ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനയോഗ്യത എംബിബിഎസ് ആയിരിക്കണമെന്ന നിലവിലെ ചട്ടം പുതിയ ബില്ലിൽ ഇല്ലാതാക്കുകയാണെന്നും ഇത് അശാസ്ത്രീയ ചികിത്സ പ്രചരിക്കാൻ കാരണമാകുമെന്നും ഐഎംഎ അഭിപ്രായപ്പെടുന്നു.ആധുനിക വൈദ്യ ശാസ്ത്രത്തിലേക്ക് പിൻവാതിലിലൂടെ കടന്ന് വരാനുള്ള ശ്രമങ്ങൾ പണ്ട് മുതൽ തന്നെ സജീവമാണ്. ബില്ല് നടപ്പിലാക്കുന്നതിലൂടെ വ്യാജ ഡോക്ടർമാർക്ക് കടന്ന് വരവിന് എളുപ്പമാകും.

ദേശീയ തലത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ സിബിഎസ്ഇ നടത്തുന്നുണ്ട്. അതിന്റെ ആയിരത്തിലൊന്ന് മാത്രമാണ് എംബിബിഎസ് വിദ്യാർത്ഥികളുള്ളത്, എന്നിട്ടും എല്ലാ മെഡിക്കൽ പരീക്ഷകളും എംബിബിഎസ് തത്തുല്യമാക്കുന്നതിന് പകരം വേറെ ബ്രിഡ്ജ് കോഴ്സുകൾ ഏർപ്പെടുത്തുന്നതും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ അഴിമതിയാണെന്ന് പറയുന്നതും കണ്ണിൽ പൊടിയിടൽ മാത്രമാണ്.മെഡിക്കൽ അസോസിയേഷനിൽ അഴിമതിയുണ്ടെങ്കിൽ സ്ഥാം മാറ്റം നൽകേണ്ടത് അത്തരം കുറ്റം ചെയ്യുന്നവർക്കാണ്.യ അല്ലാതെ അതിന്റെ പേരിൽ രാഷ്ട്രീയക്കാരെ കുത്തി നിറയ്ക്കു്നനത് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംംഗീകാരം നൽകി കൈക്കൂലി വാങ്ങിക്കാനാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.

കൊളമ്പിയയിലെ ഒരു എക്കണോമിസ്റ്റാണ് എൻഎംസി തയ്യാറാക്കിയത്. അമേരിക്കയിലേയും മറ്റ് കരാജ്യങ്ങളിലേയും മാതൃക എന്നൊക്കെ പറയുമ്പോൾ ഇവിടെ അത് പ്രായോഗികമാണോ എന്ന് കൂടി പരിശോധിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ഒരു ഡോക്ടർ ഒരു ദിവസം ഏഴ് രോഗികളെ മാത്രം നോക്കി വിടുമ്പേൾ ഇവിടുത്തെ ഡോക്ടർമാർ 700ഓളം പോരെയാണ് ഒരു ദിവസം നോക്കുന്നത്.പിന്നെ നെക്സ്റ്റ് എന്ന എക്സിറ്റ് പരീക്ഷ കൂടി എഴുതിയാലെ ഡോക്ടറാവുകയുള്ളുവെന്നത് ഒരു മണ്ടൻ ചിന്താഗതിയാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. പഠനം കഴിഞ്ഞ് വാർഡുകളിൽ പോയി രോഗികളെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ട കുട്ടികളോട് പിന്നെയും പരീക്ഷയ്ക്ക് പഠിക്കാൻ പറയുന്നത് ആത്മഹത്യാപരമാണെന്നും കുറ്റപ്പെടുത്തി.