ഷൊർണൂർ: തൊട്ടുതൊട്ട് മൂന്ന് സൂപ്പർ ഹിറ്റുകൾ തീർത്ത് ആരാധകരെ ത്രസിപ്പിച്ച താരരാജാവ് പുതിയ ചിത്രത്തിനായി തടികുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും പൂമുള്ളി മനയിൽ ചികിത്സയിലാണ്. ആയുർവേദ ചികിത്സയ്ക്കിടെ ആരാധകർക്ക് മുഖംകാണിക്കാൻ പുറത്തെത്തിയ മോഹൻലാലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

മുടിമറച്ച് തലയിൽ കെട്ടുമായും മേക്കപ്പില്ലാതെ സാൾട്ട് അന്റ് പെപ്പർ താടിയുമായും മോഹൻലാൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ താരത്തിന്റെ ഫേസ്‌ബുക്ക് പേജായ കംപ്ലീറ്റ് ആക്റ്ററിലൂടെ ആണ് പുറത്തുവന്നത്.  

കാവിമുണ്ടുടുത്തും കാവി തലയിൽക്കെട്ടുമായും നിൽക്കുന്ന ലാലിന്റെ ചിത്രങ്ങൾ ഇതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. അമ്പത്താറുവയസ്സു പിന്നിട്ടിട്ടും ലാൽ സിനിമാലോകത്ത് അത്ഭുതമാണ് ഇപ്പോഴും. ചെറുപ്പക്കാർ പോലും അഭിനയിക്കാൻ മടിക്കുന്ന ആക്ഷൻ ചിത്രങ്ങളിൽ താരം ഡ്യൂപ്പിനെ വയ്ക്കാതെ അഭിനയിച്ചുവെന്ന വാർത്ത പുലിമുരുകൻ പുറത്തിറങ്ങിയപ്പോഴും വലിയ ചർച്ചയായിരുന്നു. ഇതിനെല്ലാം ലാലിന് ഊർജം പകരുന്നത് വർഷാവർഷം മുടങ്ങാതെ ചെയ്യുന്ന ആയുർവേദ ചികിത്സിയാണ്.

തടി കുറയ്ക്കുന്നതിന്റെയും ദേഹരക്ഷയുടേയും ഭാഗമായുള്ള ആയുർവേദ ചികിത്സയിലാണ് ലാൽ ഇപ്പോൾ. ഇവിടെ ആരാധകരെ കൈവീശിക്കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ ഫേസ്‌ബുക്ക് പേജായ കംപ്ലീറ്റ് ആക്റ്ററിലൂടെ ചിത്രങ്ങൾ പുറത്തുവന്നതോടെ തടി കുറഞ്ഞില്ലല്ലോ എന്ന കമന്റുമായും ആരാധകരിൽ ചിലരെത്തി.

എന്നാൽ തടി കുറയ്ക്കാൻ വേണ്ടിയല്ല അവിടെ പോയതെന്നും ഭക്ഷണക്രമത്തിലൂടെ തടി കുറയുമെന്നും എല്ലാവർഷവും 21 ദിവസം ദേഹരക്ഷയ്ക്കായുള്ള ചികിത്സകൾ മോഹൻലാൽ ഇവിടെ നടത്താറുണ്ടെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു. മോഹൻലാൽ മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ലാൽ നേരെ ആയുർവേദ ചികിത്സയ്ക്കായി എത്തുകയായിരുന്നു.

കഴിഞ്ഞ 25 വർഷത്തിലധികമായി മുടങ്ങാതെ ആയുർവേദ ചികിത്സ നടത്തുന്ന വ്യക്തികൂടിയാണ് മോഹൻലാൽ. അടുത്തിടെ കഴിഞ്ഞ ഒപ്പത്തിലും മുന്തിരിവള്ളികളിലും ആക്ഷൻ സീനുകൾ കുറവായിരുന്നെങ്കിലും പുലിമുരുകനും ജനതാഗ്യാരേജും ഉൾപ്പെടെ പുറത്തിറങ്ങിയ ചിത്രങ്ങളിലും മേജർ രവിയുടെ പട്ടാളച്ചിത്രത്തിലും ശക്തമായ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചാണ് ലാൽ കഴിഞ്ഞവർഷം പിന്നിട്ടത്.

ഇത്തരത്തിൽ ടൈറ്റ് ഷെഡ്യൂൾ കഴിഞ്ഞാണ് യുവതാരങ്ങളേക്കാൾ പ്രസരിപ്പോടെ ലാൽ പുതിയ ചിത്രങ്ങൾക്കും ഒരുങ്ങുന്നത്. ഇത്തരത്തിൽ പ്രസരിപ്പോടെ അഭിനയരംഗത്ത് തുടരാൻ സൂപ്പർസ്റ്റാർ ഊർജം ഉൾക്കൊള്ളുന്നത് പൂമുള്ളിയിലെ സുഖചികിത്സയിലൂടെയാണ്.

ഇനി വരാനിരിക്കുന്ന ബി ഉണ്ണിക്കൃഷ്ണൻ ചിത്രവും ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് സൂചന. ഇതിലാണ് കഥാപാത്രത്തിന് യോജിച്ച രീതിയിൽ തടികുറച്ച് പ്രത്യക്ഷപ്പെടാനും താരം ഒരുങ്ങുന്നത്. മിസ്റ്റർ ഫ്രോഡിന് ശേഷം ബി ഉണ്ണികൃഷ്ണനും ലാലും ഒന്നിക്കുന്ന ചിത്രമാണിത്.