തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ തട്ടിപ്പു കേസിൽ ഉടമ നിർമ്മലനുമായി മുൻ മന്ത്രി വി എസ്. ശിവകുമാറിന് ഉള്ള അടുത്ത ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നു. നിർമ്മൽ ചിട്ടി തട്ടിപ്പിൽ ശിവകുമാറിന് മുഖ്യപങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ചിട്ടിക്കമ്പനിയുടമയും മുൻ മന്ത്രിയും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായ തെളിവുകൾ പുറത്തുവരുന്നത്. നിർമ്മൽ തട്ടിപ്പും ശിവകുമാറുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വെളിപ്പെടുന്ന ചിത്രങ്ങളും ലഭിച്ചത്.

ശിവകുമാറിന്റെ ഭാര്യാ സഹോദരൻ കണ്ണൻ നായരും കുടുംബവും നിർമ്മലനും കുടുംബവും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് മറുനാടന് ലഭിച്ചത്. ശിവകുമാറിന്റെയും നിർമ്മലന്റയും ഗൾഫിലെ ബിസിനസുകൾ നോക്കി നടത്തുന്നത് കണ്ണൻ നായരാണ് എന്നാണ് പറയപ്പെടുന്നത്. ഗൾഫിൽ പല മേഖലകളിലായി കോടികൾ മുതൽ മുടക്കി ശിവകുമാറും നിർമ്മലനും ബിസിനസു നടത്തുന്നുവെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.

നിർമ്മലനുമായി നാട്ടുകാരൻ എന്നതിനപ്പുറം മറ്റു ബന്ധങ്ങൾ ഒന്നുമില്ലയെന്ന ശിവകുമാറിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ഈ കുടുംബ ഫോട്ടോകൾ. ശിവകുമാർ മന്ത്രിയായിരിക്കെ ഭാര്യ സഹോദരനായ കണ്ണൻ നായർ തലസ്ഥാനത്ത് തമ്പടിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നുവെന്നാണ് വിവരം. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി ശിവകുമാർ കണ്ണൻ നായരുടെ പേരിൽ വാങ്ങിയെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. കണ്ണൻനായരും ഒത്തുള്ള ചിത്രത്തിൽ നിർമ്മലന്റെ ബിനാമി ഹരികൃഷ്ണനും ഉണ്ട്്. ഹരികൃഷ്ണനുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം മറ്റൊന്നുമില്ലന്ന ശിവകുമാറിന്റെ പ്രസ്താവനയും പച്ചക്കള്ളമാണന്ന് ഇതോടെ തെളിയുകയാണ്.

നിർമ്മലനും ശിവകുമാറും വർഷങ്ങളായി ഒരുമിച്ച് ഇടപാടുകൾ നടത്തുന്നവരാണന്നും ഷീ ഒപ്ടിക്കൽസ് ഇടപാട് ഇതിന് തെളിവാണന്നും ഹരികൃഷ്ണൻ തന്നെ അന്വേഷണ സംഘത്തോടു സമ്മതിച്ചതാണ്. മറുനാടന് ലഭിച്ച ഫോട്ടകൾ മാത്രം മതി ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ. ശിവകുമാറും നിർമ്മലനും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തന്നെയാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതേ സമയം ശിവകുമാറിനെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘത്തലവൻ തമിഴ്‌നാട് ഐ ജി ക്രൈം അശോക്ദാസിനെ സമീപിച്ചുവെന്നാണ് സൂചന.

അന്വേഷണ പുരോഗതി റിപ്പോർട്ടു സമർപ്പിക്കാൻ പോയപ്പോഴാണ് മുൻ മന്ത്രിക്ക് നിർമ്മൽ ചിട്ടിഫണ്ടുമായി ബന്ധം ഉണ്ടെന്നകാര്യം ഉന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്. ഐ ജി യുടെ അനുമതി ലഭിച്ചാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കത്ത് നൽകും. സ്പീക്കറുടെ അനുമതി കിട്ടി കഴിഞ്ഞാൽ എഴുതി തയ്യാറാക്കിയ ചോദ്യാവലി ശിവകുമാറിന് നൽകുമെന്നാണ് സൂചന. ശിവകുമാറിന്റെ പി എയും ബന്ധുവുമായ വാസുദേവൻ നായർ , നിർമ്മലന്റെയും ശിവകുമാറിന്റെയും ബെന്യാമി ഹരികൃഷ്ണൻ, എസ് കെ പ്രദീപ്, എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ അനിൽ, എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ശിവകുമാറിന്റെ ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഹരികൃഷണന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ആദായ നികുതി് വകുപ്പിന് കൈമാറാനും സാധ്യത ഉണ്ട്.

ഹരികൃഷണൻ ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുവെങ്കിലും നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകാരനാണ്. ശിവകുമാറിനും നിർമ്മൽകൃഷ്ണയ്ക്കും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന ഹരികൃഷ്ണൻ രണ്ടുപേരുടെയും ബിനാമിയാണന്നും വിവരമുണ്ട്. അതേ സമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്.

വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്‌നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു. കന്നുമാംമൂട് ജങ്ഷനിൽ ചേർന്ന പൊതുയോഗത്തിലായിരുന്നു പരോക്ഷ വിമർശം.

കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കൊല്ലം നഗരത്തിൽ ആശ്രാമത്ത് നിർമലന്റെ കോടികൾ വിലമതിക്കുന്ന റിസോർട്ടും നാലേക്കറോളം ഭൂമിയും റിസീവർ കണ്ടുകെട്ടി. കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തും കോടികളുടെ വസ്തുക്കളും കെട്ടിടങ്ങളും അറ്റാച്ചുചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമലന്റെ പേരിൽ വെൺപകലിനു സമീപം കോടികൾ വിലമതിക്കുന്ന 20 ഏക്കർ നിക്ഷേപകർ കണ്ടെത്തി അന്വേഷണ സംഘത്തെ അറിയിച്ചു.

ബിനാമി ഭൂമികൾ കണ്ടെത്താൻ കേരളാ പൊലീസിന്റെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നു. നിർമലന് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം തമിഴ്‌നാട് പൊലീസ് ഒരുക്കുന്നതായ ആരോപണവും ഉയരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ട നിർമലൻ വിദേശത്തേക്ക് പോകുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

നിർമൽ കൃഷ്ണയിൽ പണം നിക്ഷേപിച്ച ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻനായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. ദക്ഷിണേന്ത്യയിലെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ചിട്ടി ഉടമ തിരുവനന്തപുരം നഗരത്തിൽ കോടികളുടെ വസ്തുക്കളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയതായി കണ്ടെത്തി. ശാസ്തമംഗലം, കഴക്കൂട്ടം, ചൂഴമ്പാല എന്നിവിടങ്ങളിലായി കോടികളുടെ ആസ്തിയുള്ള വസ്തുക്കളും സ്ഥാപനങ്ങളുമാണ് നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ചൂഴമ്പാലയിൽ കോടികൾ വിലമതിക്കുന്ന വസ്തു നിർമലനും കൂട്ടരും ഒളിവിൽ പോകുന്നതിന് ഒരാഴ്ച മുമ്പാണ് (ഓഗസ്റ്റ് 29) ബിനാമിപ്പേരിൽ മാറ്റിയത്.

2235/2017ാം നമ്പരായാണ് 578/12, 578/13, 578/27 സർവേ നമ്പരിലുള്ള വസ്തു നിർമലൻ മാറ്റിയത്. കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഇക്കാര്യങ്ങൾ പരിശോധിച്ചു. ഈ ഇടപാടുകളിൽ ഹരികൃഷ്ണന് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി, നിർമലന്റെ തിരോധാനം സംബന്ധിച്ച് വ്യക്തമായ വിവരം ഇയാളിൽനിന്ന് ലഭ്യമാകുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ. ആദായ നികുതി നൽകുന്നവരുടെ നിക്ഷേപം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് സ്ഥലം എംപി കൂടിയായ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു.

ആദായ നികുതിയുടെ പരിധി രണ്ടര ലക്ഷമാണെന്നിരിക്കെ നിക്ഷേപകർ കൂടുതൽ ആശങ്കയിലായി. തട്ടിപ്പിൽ കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസും കേസെടുത്തിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിയമപ്രകാരമുള്ള അനുമതിയോടെ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട കന്യാകുമാരി ജില്ലാ കലക്ടർ പൊലീസിന് വ്യക്തമായ നിർദ്ദേശം നൽകാത്തത് അന്വേഷണത്തെ ബാധിച്ചതായും വിമർശനം ഉണ്ട്.