ന്ത്യൻ മതേതരത്വത്തിന് തീരാകളങ്കമായി വർഗീയ ഫാസിസ്റ്റു ശക്തികൾ ബാബ്റി മസ്ജിദ് തകർത്തതിന്റെ ഇരുപത്തി ആറാം വാർഷികദിനത്തിൽ ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ ജനകീയ സദസ്സ് എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ എം സി സി കുവൈറ്റ് കമ്മിറ്റി ഫാസിസ്റ്റു ഭീകരതയ്‌ക്കെതിരെ മതേതര മുന്നേറ്റം എന്ന തലക്കെട്ടിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

കേവലം ഒരു പള്ളി തകർക്കപ്പെട്ടു എന്നതിനപ്പുറത് ഇന്ത്യ ലോകത്തിനു തന്നെ മാതൃകയായി ഉയർത്തിപ്പിടിച്ച ബഹുസ്വരതക്കു തന്നെ ഉണ്ടായ തകർച്ചയും രാജ്യത്തിനു തന്നെ അപമാനമായിരുന്നുവെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും കലാപങ്ങൾ ഉണ്ടാക്കി അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ തകർക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും, വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മതേതര സംഘടനകളുടെ കൂടിച്ചേരൽ അനിവാര്യമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

ബാബ്റി ദിനം അനുസ്മരിക്കുമ്പോൾ അതിനു വേണ്ടി ഏറ്റവും അധികം ശബ്ദിച്ച ഇബ്രാഹിം സുലൈമാൻ സേട്ടിനെ മറക്കാൻ പറ്റില്ലെന്നും ഇന്ത്യയിൽ ഫാസിസ്റ്റു ശക്തികൾക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്നും യോഗം അനുസ്മരിച്ചു.

ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് മധൂറിന്റെ അദ്യക്ഷതയിൽ ചേർന്ന സെമിനാർ കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർഎൻ അജിത് കുമാർ ( കല ) ഉൽഘാടനം ചെയ്തു. ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ മോഡറേറ്റർ ആയിരുന്നു. ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ് ( എൻസിപി ) , ഹമീദ് കേളോത്, ഹരീഷ് തൃപ്പൂണിത്തറ ( ഒഐ സി സി ) മുഹമ്മദ് അലി ( കെ എംസിസി ) , ഹുമയൂൺ, സലിം പൊന്നാനി ( പിസിഎഫ് ) , അഷ്റഫ് ബി സി (ഐഎംസിസി ) സുദൻ ആവിക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശരീഫ് താമരശ്ശേരി ഉപസംഹാര പ്രസംഗം നടത്തി, ശരീഫ് കൊളവയൽ സ്വാഗതവും, അബൂബക്കർ എ. ആർ നഗർ നന്ദിയും പറഞ്ഞു. ഖാലിദ് ബേക്കൽ, അൻവർ തച്ചംപൊയിൽ, മുനീർ കൂളിയങ്കാൽ, ജാഫർ പള്ളം, കുഞ്ഞമ്മദ് അതിഞ്ഞാൽ , റഷീദ് ഉപ്പള , തുടങ്ങിയവർ നേതൃത്വം നൽകി.