ദുബായ്: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്ന തൊഴിലാളികളുടെ പുതിയ ഇ-മൈഗ്രേറ്റ് സംവിധാനത്തെക്കുറിച്ചുള്ള നടപടികൾ സംബന്ധിച്ച് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.  വിദേശത്ത് ജോലിക്ക് പോകുന്നതിനാവശ്യമായ എമിഗ്രേഷൻ ക്‌ളിയറൻസ് രേഖകൾ ഓൺലൈൻ മുഖേന മതിയെന്നാണ് പുതിയ നിർദ്ദേശം.
നേരിട്ടും ഏജൻസികൾ മുഖേനയും റിക്രൂട്ട് ചെയ്യുന്നതിന് വിദേശത്തെ തൊഴിലുടമ ഇമൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 10 ദിവസത്തിനുള്ളിൽ തൊഴിലുടമ തങ്ങളുടെ രേഖകൾ ഇന്ത്യൻ എംബസിയിൽ നേരിട്ടു ലഭ്യമാക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ അഞ്ചുവർഷത്തേക്ക് റജിസ്‌ട്രേഷൻ ചെയ്യാം.

ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള നടപടികൾക്കായി വിദേശ തൊഴിലുടമക്ക് യൂസർ ഐഡിയും പാസ്‌വേഡും നൽകും. ഉദ്യോഗാർഥിയുടെ തസ്തിക, ശമ്പളം തുടങ്ങിയ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ വിസയും ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിൽ ലഭ്യമാക്കണം. തൊഴിലുടമ എംബസിയിൽ നിന്ന് നേരിട്ടാണ് വിസ സാക്ഷ്യപ്പെടുത്തേണ്ടത്. ഇതിന് ശേഷം മാത്രമാണ് എംബസിയിൽ നിന്നും ലഭിക്കുന്ന തൊഴിൽ കോഡും ഉദ്യോഗാർഥിയുടെ പാസ്‌പോർട്ട് നമ്പറും ഉപയോഗിച്ച് തൊഴിൽ കരാർ ഉണ്ടാക്കാൻ കഴിയുകയുള്ളൂ.

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള www.emigrate.gov.in എന്ന വെബ്‌സൈറ്റ് മുഖേനെയാണ് സേവനം ലഭ്യമാക്കുക. തൊഴിലുടമ, തൊഴിലാളി, റിക്രൂട്ട്‌മെന്റ് ഏജൻസി, വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസി/കോൺസുലേറ്റുകൾ, ഇന്ത്യയിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ഓഫീസുകൾ എന്നിവയെ വെബ്‌സൈറ്റുമായി കണ്ണിചേർത്തിട്ടുണ്ട്. എമിഗ്രേഷൻ ക്‌ളിയറൻസ് നിർബന്ധമാക്കിയ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കുള്ള സംവിധാനമാണിത്.