ലണ്ടൻ: ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ നൂറ് കണക്കിന് അഭയാർത്ഥികൾ ഡോവറിലേക്കും മറ്റുമായി എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇറാനിൽ നിന്നും ജീവൻ പണയപ്പെടുത്തി എത്തുന്നവരുടെ എണ്ണം പെരുകുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പാകപ്പിഴകൾ നിറഞ്ഞ കുടിയേറ്റ നയം നടപ്പിലാക്കുന്നതിനെതിരെ ഹോം സെക്രട്ടറി സാജിദ് ജാവിദിനെതിരെയുള്ള വിമർശനം ഇതേ തുടർന്ന് ശക്തമായിട്ടുമുണ്ട്. ഇത്തരത്തിൽ ഡോവറിലും പരിസരപ്രദേശങ്ങളിലുമായി വന്ന് ചേർന്ന് കൊണ്ടിരിക്കുന്നത് അനേകം അഭയാർത്ഥികളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

സൗത്ത് കോസ്റ്റിലേക്ക് ഇത്തരത്തിൽ അഭയാർത്ഥികൾ തുടർച്ചയായി എത്തിക്കൊണ്ടിരിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ രാത്രി നിരവധി ടോറി എംപിമാരാണ് ജാവിദിനെ വിമർശിച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഒരു ബോട്ടിൽ ആറ് അഭയാർത്ഥികളാണ് കിങ്സ്ഡൗണിലും കെന്റിലെ ഡീലിന് സമീപവുമെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഴ്ചയിൽ നൂറ് പേരും നവംബറിന് ശേഷം 220 പേരുമാണ് ഇവിടെയെത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ചാനൽ കടന്നെത്താനുള്ള അഭയാർത്ഥികളുടെ ശ്രമത്തെ ഫ്രഞ്ച് അധികൃതർ പ്രതിരോധിച്ചിരുന്നുവെന്നാണ് ദി നാഷണൽ ക്രൈം ഏജൻസി പറയുന്നത്.

ഇറാനിൽ നിന്നും ഇത്തരത്തിലെത്തുന്ന മിക്ക അഭയാർത്ഥികളും കടുത്ത വിന്റർ സാഹചര്യത്തെ നേരിട്ട് കൊണ്ടാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഈ വിധത്തിൽ ഇവിടേക്കെത്തുന്ന അഭയാർത്ഥികൾ മനുഷ്യക്കടത്തുകാർക്ക് ആയിരക്കണക്കിന് പൗണ്ടാണ് കൊടുക്കുന്നത്. ഇത്തരത്തിൽ പെരുകുന്ന അഭയാർത്ഥി പ്രവാഹത്തെ തുടർന്ന് തന്റെ സൗത്ത് ആഫ്രിക്കൻ സഫാരി ഹോളിഡേ പകുതി വച്ച് അവസാനിപ്പിച്ച് സാജിദിനും കുടുംബത്തിനും യുകെയിലേക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ്. ചാനലിലൂടെ ഇത്തരത്തിൽ അഭയാർത്ഥികൾ കടന്ന് വരുന്ന ചിലകേസുകളിൽ പ്രശ്നങ്ങൾ സങ്കീർണമായിത്തീർന്നിരിക്കുന്നുവെന്നും നിയന്ത്രണാതീതമായിരിക്കുന്നുവെന്നും സാജിദ് സമ്മതിക്കുന്നു.

ഇത് പരിഹരിക്കുക അത്രയെളുപ്പമല്ലെന്നും അതിനാൽ ഈ പ്രശ്നംപരിഹരിക്കാനായി യുകെയിലും വിദേശത്തും ശ്രദ്ധയൂന്നി പ്രവർത്തിക്കുകയാണ് ചെയ്യുന്നതെന്നും ജാവിദ് വിശദീകരിക്കുന്നു. ഇത്തരത്തിൽ സങ്കീർണമായ പ്രശ്നം നിലനിൽക്കുന്നുവെന്ന് ഹോം സെക്രട്ടറിയെന്ന നിലയിൽ താൻ സമ്മതിക്കുന്നുവെന്നും ജാവിദ് പറയുന്നു. യുകെയുടെ അതിർത്തികൾ സംരക്ഷിക്കുകയും ഇവിടുത്തുകാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഹോം ഓഫീസ് പ്രഥമ പരിഗണ നൽകുന്നതെന്നും ജാവിദ് വ്യക്തമാക്കുന്നു. യഥാർത്ഥ അഭയാർത്ഥികളെ പിന്തുണക്കുന്ന നയം പുലർത്തുന്നതിനോടൊപ്പം ക്രിമിനലുകൾ ഇവിടേക്കെത്തുന്നത് തടയേണ്ടതുണ്ടെന്നും ഹോം സെക്രട്ടറി പറയുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഡിഫെൻസ് സെക്രട്ടരി ഗാവിൻ വില്യംസൻ നൽകിയ സൈനിക സഹായ വാഗ്ദാനം ജാവിദ് തള്ളിക്കളഞ്ഞിട്ടുണ്ട്.