വാഷിങ്ടൺ ഡി.സി: അമേരിക്കയിൽ കുടിയേറിയ വിദേശികൾക്ക് അമേരിക്കൻ പൗരത്വത്തിനും, ഗ്രീൻകാർഡ് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഇനിമുതൽ ഓൺലൈനിലും ലഭ്യമാണ്.

ഇതിനുള്ള പുതിയ അപേക്ഷകൾ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് ഹോം പേജിൽ നിന്നും ലഭിക്കുമെന്നു അധികൃതർ അറിയിച്ചു. പേഴ്സൺ അക്കൗണ്ട് ഇതിനു ആവശ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നു ഇമിഗ്രേഷൻ വക്താവ് ന്യൂവോ ഹെറാൾഡ് പറഞ്ഞു.

പെർമനന്റ് റസിഡന്റ് കാർഡ്, നാച്വറലൈസേഷൻ അപേക്ഷ, പൗരസ്ത്യ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും ഓൺലൈനിൽ ലഭിക്കുന്നത്. അപേക്ഷകൾ അയയ്ക്കുന്നതിനും, സ്റ്റാറ്റസ് അറിയുന്നതിനും, അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ഓൺലൈൻ സംവിധാനം പ്രയോജനകരമാണ്. യുഎസ് ഇമിഗ്രേഷൻ പ്രോസസിംഗിനു ആവശ്യമായ ഫീസ് ക്രെഡിറ്റ് കാർഡിലൂടെ നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഓൺലൈനിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഓൺലൈനിലൂടെ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ ഉടനടി ഹൈലൈറ്റ് ചെയ്യുന്നതുമൂലം, അപേക്ഷകൾ തള്ളിക്കളയുന്നത് ഒഴിവാക്കാനാകുമെന്നും ഇവർ പറയുന്നു.