വാഷിങ്ടൺ: അനധികൃതമായി മാതാപിതാക്കളോടൊപ്പം കുടിയേറിയ 14000 കുട്ടികൾ യു എസ്സിൽ തടങ്കലിൽ കഴിയുന്നുണ്ടെന്ന് ഹെൽത്ത് ആൻഡ് ഹൂമൺ സർവ്വീസസ് സ്പോക്ക്മാൻ മാർക്ക് വെബ് നവംബർ 24 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സുരക്ഷാ സംവിധാനം ശക്തിപ്പടുത്തിയതായും, മറ്റ് തടവുകാരിൽ നിന്നുള്ള മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും ട്രംമ്പ് ഭരണകൂടം പ്രത്യേകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മാർക്ക് പറഞ്ഞു.

കസ്റ്റഡിയിൽ കഴിയുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിന് മുന്നോട്ട് വരുന്ന ബന്ധപ്പെട്ടവരെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും, എന്നാൽ ഭൂരിപക്ഷവും അനധികൃത കുടിയേറ്റക്കാരായതിനാൽ ഇമ്മിഗ്രേഷൻ അധികൃതരെ പേടിച്ച് കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും മാർക്ക് പറഞ്ഞു.

കുട്ടികളുടെ അനധികൃത തടങ്കൽ നീണ്ടുപോകുന്നതിനെതിരെ നിരവധി ലോ സ്യൂട്ടുകൾ നിലവിലുണ്ടെന്നും ഇതിൽ നടപടി സ്വീകരിക്കാതെ കുട്ടികൾക്ക് 18 വയസ്സ് തികയുന്നവരെ കാത്തിരുന്ന് അവരുടെ പേരിൽ ഡിറ്റൻഷൻ നടപടികൾ സ്വീകരിക്കാൻ ഗവണ്മെണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്നും 200 കുട്ടികളെ മാത്രമേ ട്രംമ്പിന്റെ സീറൊ ടോളറൻസ് പോളിസിയനുസരിച്ച് മാറ്റി പാർപ്പിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.