വിയന്ന: ഇറ്റലി, സ്ലൊവേനിയ, ഹംഗറി രാജ്യങ്ങളുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രിയ. കുടിയേറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് അതിർത്തി നിയന്ത്രണം വരുത്തുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം തന്നെ ദിവസേന ഇവിടേയ്ക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ ക്യാപ് ഏർപ്പെടുത്താനും സർക്കാർ പദ്ധതിയിട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്. ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന കരിന്തിയ, സ്റ്റൈറിയ, ബർഗൻലാൻഡ്, ടൈറോൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കുടിയേറ്റത്തെ നേരിടുന്നതിനുള്ള ശക്തമായ നടപടികളാണ് ഓസ്ട്രിയ സ്വീകരിച്ചു വന്നിരുന്നത്.

ഒമ്പതു മില്യൺ ജനസംഖ്യയുള്ള ഓസ്ട്രിയ കഴിഞ്ഞ വർഷം 90,000 അഭയാർഥിത്വ അപേക്ഷകളാണ് സ്വീകരിച്ചിരുന്നത്. ജനസാന്ദ്രതയുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു നിരക്കാണിത്. അനിയന്ത്രിതമായ കുടിയേറ്റത്തിന് തടയിടുന്നതിനായി ഈ വർഷം 37,500 അഭയാർഥിത്വ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് വിയന്ന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ 12,500 പേരെ നാടുകടത്തുകയും ചെയ്യാനുമാണ് ഓസ്ട്രിയ തീരുമാനിച്ചിരിക്കുന്നത്.