നി അധികകാലം അമേരിക്കയിലേക്ക് വേണ്ടത്ര യോഗ്യതയില്ലാത്തവർക്ക് കടന്ന് വരാൻ സാധിക്കില്ല. യുഎസിലേക്ക് യോഗ്യതാടിസ്ഥാനത്തിലുള്ള വിസ സമ്പ്രദായം നടപ്പാക്കിലാക്കുന്നതിന് വേണ്ടിയുള്ള നിയമനിർമ്മാണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാട്ടി. ഇതനുസരിച്ച് അമേരിക്കയിലേക്ക് വരാൻ പോയിന്റ് ബേസ്ഡ് ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ് ട്രംപ്. ഇത് പ്രകാരം ഇംഗ്ലീഷ് ഭാഷയടക്കം 30 പോയിന്റ് നേടാത്തവർക്ക് വിസക്ക് അപേക്ഷിക്കാനെ പാടില്ല. ഈ പരിഷ്‌കാരം മുമ്പെ ഇത് നടപ്പിലാക്കിയിരുന്നെങ്കിൽ ട്രംപും ഭാര്യയും അടക്കം ട്രംപ് കാബിനറ്റിലെ നിരവധി പേർ അമേരിക്ക കാണില്ലായിരുന്നെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.

പുതിയ നീക്കം നിയമമായാൽ പിന്നീട് ഉന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും സാങ്കേതിക വിദഗ്ദ്ധർക്കും മാത്രമേയ യുഎസ് വിസ ലഭിക്കുകയുള്ളൂ. ഈ കടുത്ത നീക്കത്തിലൂടെ ഒരു ദശാബ്ദത്തിനുള്ളിൽ കുടിയേറ്റം പകുതിയായി കുറയ്ക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. റിമോഫിങ് അമേരിക്കൻ ഇമിഗ്രേഷൻ ഫോർ സ്‌ട്രോംങ് എംപ്ലോയ്‌മെന്റ് (റെയ്‌സ്) എന്നാണീ പുതിയ നിയമത്തിന്റെ പേര്. ഇപ്പോൾ രാജ്യത്തുള്ള വിസ സിസ്റ്റത്തെ അടിമുടി തിരുത്തിയെഴുതുന്ന നിയമമായിരിക്കുമിത്.

ഈ നിയമം നിലവിൽ വന്നാൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വിദ്യാഭ്യാസം, ഉയർന്ന ശമ്പളമുള്ള ജോലി, പ്രായം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷം ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും അമേരിക്കയിലേക്കുള്ള ഗ്രീൻകാർഡ് അടക്കം നൽകുകയെന്നാണ് സൂചന. ഓരോ വർഷവും ഗ്രീൻകാർഡിനായി അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും നറുക്കിട്ടെടുക്കുന്ന 50,000ത്തോളം പേർക്ക് യുഎസിൽ സ്ഥിരതാമസത്തിന് അനുവാദം നൽകുന്ന വിസാ ലോട്ടറി സമ്പ്രദായത്തിന് വിരാമം ഇടാനും ട്രംപ് തീരുമാനിച്ചിരിക്കുന്നു. യുഎസിലെ പൗരന്മാർക്ക് ഇതിലൂടെ കൂടുതൽ ജോലി സാധ്യതകൾ ഉറപ്പാക്കാൻ പുതിയ വിസ വ്യവസ്ഥകളിലൂടെ സാധിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതിന് പുറമെ കുടിയേറ്റക്കാർക്ക് സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കരഗതമാകുമെന്നും പ്രസിഡന്റ് ഉറപ്പേകുന്നു.

ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരും ഉയർന്ന ക്വാളിഫിക്കേഷനുകൾ ഉള്ളവരുമായ നിരവധി സാങ്കേതിക വിദഗ്ദ്ധർക്ക് പുതിയ കുടിയേറ്റ നയം പ്രയോജനപ്പെടുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായിരിക്കുകയാണ്. വർഷം തോറും 11 ലക്ഷം കുടിയേറ്റക്കാരാണ് യുഎസിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ രാജ്യത്തുള്ള നിയമവിധേയരായ 50 ശതമാനത്തോളം ഇമിഗ്രന്റുകളും സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. എന്നാൽ അമേരിക്കയിലെത്തുന്ന 15 കുടിയേറ്റക്കാരിൽ ഒരാൾക്ക് മാത്രമാണ് അർഹമായ തൊഴിൽ യോഗ്യതയുള്ളതെന്ന് വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ നിയമത്തിനുള്ള ബിൽ അമേരിക്കൻ കോൺഗ്രസിൽ ഇതേ രൂപത്തിൽ പാസാകില്ലെന്നാണ് കരുതുന്നത്.

ട്രംപിന്റെ പിന്മുറക്കാരും അദ്ദേഹത്തിന്റെ ഉപദേശകരിലും കാബിനറ്റ് അംഗങ്ങളിലെ മിക്കവരും കുടിയേറ്റക്കാരാണ്. അതിനാൽ ഈ നിയമം വർഷങ്ങൾക്ക് മുമ്പ് പാസാക്കിയിരുന്നുവെങ്കിൽ ട്രംപ് അടക്കമുള്ളവർ അമേരിക്ക കാണില്ലെന്ന ചർച്ചയും ഇതിനോടനുബന്ധിച്ച് ഉയർന്ന് വരുന്നുണ്ട്. പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലൂടെയായിരുന്നു കടന്ന് വന്നിരുന്നതെങ്കിൽ ട്രംപിന്റെ അമ്മയ്ക്കും ജർമൻ ഗ്രാൻഡ്ഫാദറിനും പൂജ്യം പോയിന്റുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളുവെന്നും അഭിപ്രായം ശക്തമാകുന്നുണ്ട്.