മെൽബൺ: വ്യാജ വിസകൾ നൽകുന്നതിന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ തന്നെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തലുകൾ. വ്യാജ സ്‌കിൽഡ് വിസയും സ്റ്റുഡന്റ് വിസയും നൽകി തട്ടിപ്പിന് കൂട്ടു നിൽക്കുന്നതിന്റെ പേരിൽ ഓസ്‌ടേലിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നേരേയുള്ള ആരോപണവും ശക്തമായിട്ടുണ്ട്. ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ തട്ടിപ്പിന് ഇരയാക്കുന്ന ഈ ശൃംഖലയിൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ തന്നെയുള്ള ചിലരുടെ ഒത്താശയോടെയാണ് വ്യാജതൊഴിൽ കാട്ടി ഓസ്‌ട്രേലിയയിൽ പെർമനന്റി റസിഡൻസി ഉൾപ്പെടെയുള്ള സൗകര്യം ചെയ്തു കൊടുക്കുന്നത്.

ഇമിഗ്രേഷൻ വകുപ്പ് ചീഫായ മൈക്കൽ പെസുല്ലോ ഇത്തരത്തിൽ അനുവദിച്ച 132 കേസുകളിൽ സംശയമുണ്ടെന്ന് കാണിച്ച് ഓസ്ട്രേലിയൻ കമ്മീഷൻ ഫോർ ലോ എൻഫോഴ്സ്മെൻര് ഇന്റെഗ്രിറ്റിക്ക് റഫർ ചെയ്തിരുന്നുവെന്ന് ഫെയർഫാക്സ് മീഡിയ ആൻഡ് എബിസി ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിസ സിസ്റ്റത്തിൽ നടത്തിയ അഴിമതി വെളിച്ചത്തുകൊണ്ടു വരാൻ ദി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് കഴിഞ്ഞ വർഷം അന്വേഷണം നടത്തിയിരുന്നുവെന്നും ഇതിലൂടെ നിരവധി തട്ടിപ്പുകൾ വെളിച്ചത്ത് വന്നിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സമൂഹത്തിൽ സജീവമായി ഇടപെടുന്ന ജസ്വീന്ദർ സിദ്ദു ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ വിസാ തട്ടിപ്പിന് ഡസൻ കണക്കിന് പേർ ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ മുൻ മൾട്ടികൾച്ചറൽ അഡൈ്വസർ ആയിരുന്നു സിദ്ദു.  വിസകൾ നേടുന്നതിനായി  ആളുകൾ 50,000 ഡോളർ വരെ കൈക്കൂലി നൽകുന്നുണ്ടെന്നും ഇവർ കടുത്ത സാഹചര്യങ്ങളിൽ ഇവിടെ കഴിഞ്ഞ് കൂടേണ്ടി വരുന്നുണ്ടെന്നും അതായത് 10 പേർ വരെ ഒരു വീട്ടിൽ കഴിയേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്നും സിദ്ദു വിശദീകരിക്കുന്നു. ഇവർക്ക് പലപ്പോഴും ഭക്ഷണം ലഭിക്കാറില്ലെന്നും മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടുന്ന ദുരവസ്ഥയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തിലെത്തുന്നവരെ എംപ്ലോയർമാർ മർദിക്കുകയും ലൈംഗികചൂഷണം നടത്തിയതിനെപ്പറ്റിയും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും സിദ്ദു മുന്നറിയിപ്പേകുന്നു.