സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലേക്ക് വിദേശികളുടെ കുടിയേറ്റത്തിൽ സാരമായ ഇടിവു രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. 2015-ൽ മുൻ വർഷത്തെക്കാൾ 9.4 ശതമാനം ഇടിവാണ് കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ബേണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വർഷം 150,459 വിദേശികളാണ് സ്ഥിരമായ സ്വിസ് വിലാസം നേടിയെടുത്തത്. ഇത് മുൻ വർഷത്തെക്കാൾ 1.1 ശതമാനം കുറവായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യം വിട്ടു പോകുന്ന വിദേശികളുടെ എണ്ണത്തിലും 6.1 ശതമാനം വർധനയുണ്ടെന്നാണ് റിപ്പോർട്ട്. സ്വിറ്റ്‌സർലണ്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടാകുന്നതും രാജ്യം വിട്ടുപോകുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നതും മൊത്തത്തിലുള്ള കുടിയേറ്റക്കാരുടെ എണ്ണം സാരമായി കുറയ്ക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.

തുടർച്ചയായി രണ്ടാം വർഷവും കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഇടിവാണ് രേഖപ്പെടുത്തി വരുന്നത്. കുടിയേറ്റം ഉയർന്ന തോതിൽ നിലനിന്നിരുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ഇക്കാര്യത്തിൽ ഇടിവു നേരിടുന്നത്. 2015 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തുള്ള വിദേശികളുടെ എണ്ണം രണ്ടു മില്യണിനടുത്താണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നാണിത്.

തൊഴിൽ സംബന്ധിച്ചുള്ള അവ്യക്തതയാണ് രാജ്യത്തെക്കുള്ള കുടിയേറ്റം കുറയാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. 47 ശതമാനവും ഇതാണ് കാരണമെങ്കിൽ ഫാമിലി റീയൂണിഫിക്കേഷനാണ് അടുത്ത കാരണമായി പറയുന്നത്. ഇത് 31 ശതമാനം വരും. പതിനൊന്നു ശതമാനം ആൾക്കാർ സ്വിറ്റ്‌സർലണ്ടിൽ എത്തുന്നത് ഉന്നത വിദ്യാഭ്യാസം, ട്രെയിനിങ്, പ്രൊഫഷണൽ ഇംപ്രൂവ്‌മെന്റ് തുടങ്ങിയ കാര്യങ്ങൾക്കാണ്. അഞ്ചു ശതമാനത്തിൽ താഴെയാണ് അഭയാർഥികളായി എത്തുന്നത്.

കുടിയേറ്റക്കാരായി എത്തുന്നവരിൽ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരാണെന്നാണ് മറ്റൊരു കണ്ടെത്തൽ. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ഇറ്റലിക്കാരാണ് കുടിയേറ്റക്കാരായി എത്തിയിട്ടുള്ളവരിൽ മുമ്പന്തിയിൽ നിൽക്കുന്നത്. ജർമനി, പോർച്ചുഗീസ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്നത്.