റിയാദ്: വിഘടിപ്പിക്കാനാകാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് സൗദി സ്റ്റാൻഡേർഡ്‌സ്, മെറ്റീരിയോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ ഉത്തരവിറക്കി. കൂടാതെ ഒക്ടോബറോടെ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും ഉപയോഗവും വില്പനയും വിലക്കുമെന്ന് ഓർഗനൈസേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്.

വിഘടിപ്പിക്കാനാവാത്ത പ്ലാസ്റ്റിക് നൂറ്റാണ്ടുകളോളം നശിക്കാതെ കിടക്കും. ഇത് പ്രകൃതിക്ക് ഏറെ ഭീഷണിയാണ്. മൃഗങ്ങൾ ഇവ വിഴുങ്ങിയാൽ കുടലിൽ പറ്റിപ്പിടിക്കുകയും ക്രമേണ മരണകാരണമാകുകയും ചെയ്യും. പുനരുപയോഗിക്കാൻ സാധിക്കാത്ത ഇവ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്.

ഇലക്ട്രോണിക് സാധനങ്ങൾ പായ്ക്ക് ചെയ്യാനും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഉപയോഗിക്കുന്ന പോളിപ്രൊപ്പലെയ്ൻ, പോളി എത്തിലിൻ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന 25 മൈക്രോണിൽ കുറവ് കനമുള്ള പതിനാറോളം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണ് നിരോധനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം വൈദ്യ ആവശ്യങ്ങൾക്കും ഭക്ഷ്യോത്പാദനത്തിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.