ലണ്ടൻ: യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക തിരിമറി നടത്തിയ കോട്ടയം സ്വദേശിയായ യുവാവ് ജയിലിലായി. യുകെ മലയാളികൾക്കിടയിൽ പലിശക്കാരൻ കൊമ്പൻസ്രാവായി വിലസുകയും റിക്രൂട്ട്‌മെന്റും സിനിമ നിർമ്മാണവും വിസ പുതുക്കലും അടക്കം സർവ്വ മേഖലകളിലും പണം ഉണ്ടാക്കാൻ ഉപയോഗിച്ച ബാസിൽഡണിൽ താമസിക്കുന്ന സിജോ സെബാസ്റ്റ്യൻ ആണ് വെള്ളിയാഴ്ച അഴിക്കുള്ളിലായത്. അഞ്ച് വർഷത്തോളമായി യുകെ മലയാളികൾക്കിടയിൽ പണം പലിശക്ക് കൊടുത്തു കച്ചവടം പൊലിപ്പിച്ചതിന്റെ പേരിലാണ് സിജോ അകത്തായത്.

സൗത്ത് എൻഡ് ക്രൗൺ കോർട്ടാണ് സിജി സെബാസ്റ്റ്യനെ വെള്ളിയാഴ്ച നാലു മാസത്തെ തടവിന് വിധിച്ചത്. വിധി വന്ന ഉടൻ സിജോയെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുകയും ചെയ്തു. യുകെയിലെ നിയമം അനുസരിച്ച് 12 മണിക്കൂർ ആണ് ഒരു ജയിൽ ദിവസം എന്നതിനാൽ സിജോയ്ക്ക് രണ്ടു മാസം ശിക്ഷ അനുഭവിച്ച ശേഷം ജയിലിൽ നിന്ന് പുറത്തു വരാം. വിദേശത്തുകൊള്ളപ്പലിശയ്ക്ക് പണം നൽകുകയും ഇത് യഥാസമയം നൽകാത്തവരെ നാട്ടിൽവച്ച് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പിടികൂടി വൻതുകകൾ വസൂലാക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.

പലിശയ്ക്ക് പണം വാങ്ങിയവരുടെ വീട്ടിൽ കയറി ഭീഷണി പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ പരാതി ഉയർന്നെങ്കിലും പണം വാങ്ങിയവർ ആരും പരാതിപ്പെടാതിരുന്നതോടെയാണ് സിജോയുടെ ശിക്ഷ ചെറുതാകാൻ കാരണമായതെന്നാണ് വിവരം. ചിട്ടി ഫണ്ട് കേരളത്തിൽ നിയമപരമാണ് എന്നതും പണം വാങ്ങിയ ആർക്കും പരാതി ഇല്ല എന്നതും പരിഗണിച്ചുവെന്നു കോടതി പറഞ്ഞു.

എന്നാൽ അനധികൃതമായി പണ ഇടപാട് നടത്തുന്നത് യുകെയിൽ നിയമവിരുദ്ധമായതിനാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വച്ച് അതിനുള്ള ശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. യുകെയിലെ മലയാളി സമൂഹത്തിൽ വളരെ മാന്യമായ പദവിയാണ് സിജോയ്ക്കുള്ളത് എന്നു വാദത്തിനിടയിൽ ഉന്നയിച്ചതും ശിക്ഷ ചെറുതാകാൻ കാരണമായി. ഇക്കാര്യം ജഡ്ജി വിധിയിൽ എടുത്തു പറഞ്ഞു. ബാങ്ക് അക്കൗണ്ടിൽ ഇരുപതുകോടിയോളം എത്തിയെന്നതിനാൽ ഇടപാടുകളുടെ വൈപുല്യം കോടതിയേപ്പോലും അമ്പരപ്പിച്ചു.

കഴിഞ്ഞ ആറേഴു വർഷമായി മലയാളി ബിസിനസുകാർക്കിടയിലും മറ്റും സാമ്പത്തിക തിരിമറി നടത്തിയിരുന്ന ഇയാൾക്കെതിരെ പല തവണ വഞ്ചിക്കപ്പെട്ടവർ മറുനാടൻ മലയാളിക്ക് വിവരം നൽകിയിരുന്നെങ്കിലും പൊലീസ് കേസിന്റെ അഭാവത്തിൽ വാർത്ത പുറത്തു വിടാൻ സാധിക്കാതെ വരുക ആയിരുന്നു. പരാതി പെട്ടാൽ അനധികൃത സാമ്പത്തിക ഇടപാടിന്റെ പേരിൽ അവരും പ്രതിചേർക്കപ്പെടും എന്നു സിജോ പറഞ്ഞു ധരിപ്പിച്ചു വച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ ഇല്ലീഗൽ മണി ലീഡിങ് എന്ന കുറ്റം തെളിഞ്ഞതോടെ സിജോ ശിക്ഷിക്കപ്പെടുക ആയിരുന്നു.

രജിസ്‌ട്രേഷൻ ഇല്ലാതെ പലിശക്ക് പണം നൽകൽ നിയമ വിരുദ്ധമായ രാജ്യത്തു വൻതുകയുടെ ഇടപാടുകളാണ് ഇയാൾ നടത്തിയിരുന്നതെന്നു കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. അതിനിടെ യുകെയിലെ സംഘടനാ രംഗത്ത് അടക്കമുള്ള പല പ്രമുഖരുടെയും പണം ഇയാൾ കൈകാര്യം ചെയ്തിരുന്നതായി സൂചന ലഭിച്ചു.

ഇടത്താവളമാക്കിയത് സംഘടനാ നേതാവിന്റെ ഓഫീസ്

യുകെ മലയാളികൾക്കിടയിലെ ഒരു പ്രമുഖ സംഘടനാ നേതാവിന്റെ ഓഫീസ് ആണ് ഇയാൾ ഇടത്താവളമായി ഉപയോഗിച്ചിരുന്നതും. ആത്മീയ കാര്യങ്ങളിലും സംഘടനാ കാര്യങ്ങളിലും യുകെ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ ഈ നേതാവിന്റെ പേരിലാണ് ഇയാൾ തന്റെ പലിശ കച്ചവടത്തിന് സൽപ്പേരുണ്ടാക്കിയത് എന്ന ആരോപണം സജീവമാണ്. എന്നാൽ ഈ നേതാവിന് ഇയാളുടെ ബിസിനസ്സുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നു തെളിയിക്കുന്ന രേഖകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. ഒട്ടേറെ തവണ ഇയാൾ പണം തിരിച്ചു കൊടുക്കാനുള്ളവരുടെ മധ്യസ്ഥനായതായി ഇരയായ പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

ബാസിൽഡനിലെ റാഫേൽസിൽ താമസക്കാരനായ സിജോ സെബാസ്റ്റ്യൻ എന്നയാൾ ചുരുങ്ങിയത് ഒരു മില്യൺ പൗണ്ടിന്റെ അനധികൃത പണമിടപാട് നടത്തി എന്ന കേസിലാണ് സൗത്തെന്റ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ ജയിൽ ശിക്ഷക്ക് വിധിച്ചത്. കുടിയേറ്റ സമൂഹത്തിൽ ഉള്ളവരുടെ സാമ്പത്തിക കഷ്ടപ്പാടിൽ ഇയാൾ തന്ത്രപൂർവം വലവിരിക്കുക ആയിരുന്നു എന്നാണ് കോടതി കണ്ടെത്തുന്നത്.

പലിശ പണം കൊടുക്കുന്നതിനൊപ്പം ചിട്ടിയിൽ പണം ഇറക്കിയാണ് ഇയാൾ ബിസിനസ് വിപുലപ്പെടുത്തിയതെന്നും ഇതിൽ കേരളത്തിൽ വ്യാപകമായി ഉപയോഗത്തിലുള്ള പണ വിക്രയ മാർഗം ആണെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ചിട്ടി നടത്തിപ്പ് കേരളത്തിൽ നിയമ വിധേയമായി നടക്കുന്ന ഒന്നാണെന്ന് കോടതിയെ ധരിപ്പിക്കാനും പ്രതി ഭാഗത്തിന് കഴിഞ്ഞതായി പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പക്ഷെ ഇതാകാം ശിക്ഷ കാലാവധി നാലു മാസമായി ചുരുങ്ങാനും കാരണമായത്.

എന്നാൽ അഞ്ചു വർഷം കൊണ്ട് അനധികൃതമായി നടത്തിയ പണമിടപാടിൽ നിന്നും സിജോ ഏറ്റവും ചുരുങ്ങിയത് 3. 25 ലക്ഷം ലാഭമായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ ലീ ബെന്നെറ്റ് വാദിച്ചു. മാത്രമല്ല എട്ടു ബാങ്ക് അക്കൗണ്ടുകളിലായി രണ്ടു മില്യണിലേറെ പൗണ്ടാണ് സിജോ കൈകാര്യം ചെയ്തത്. എന്നാൽ ഈ തുകയിൽ എത്രത്തോളം കള്ളപ്പണം എത്തി എന്ന് തെളിയിക്കാനാകില്ലെന്നു പ്രോസിക്യൂഷൻ സൂചിപ്പിച്ചു. കാരണം ഇയാൾ നടത്തിയിരുന്ന ടാക്‌സി കമ്പനിയുടെയും സിനിമ നിർമ്മാണ കമ്പനിയുടെയും കണക്കുകളും ഈ അക്കൗണ്ടുകൾ വഴിയാണ് നിയന്ത്രിച്ചിരുന്നത്.

കയ്യിൽ വന്നു ചേർന്ന പണം വൻ പലിശക്കു നൽകുന്ന ബിസിനസാക്കി മാറ്റിയാണ് സിജോ കളം നിറഞ്ഞത്. എന്നാൽ 2012 മുതൽ 2015 വരെയുള്ള നാലു വർഷക്കാലയളവിൽ തനിക്കു നികുതി അടക്കേണ്ട വെറും 29000 പൗണ്ടിന്റെ ബിസിനസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് ഇയാൾ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ ഇക്കാലത്തു തന്നെ കോടികൾ വാരിയെറിഞ്ഞ ഒരു മലയാള സിനിമ ലണ്ടനിൽ ചിത്രീകരണം നടന്നപ്പോൾ ഇയാൾ അതിന്റെ മുൻനിരയിൽ നിന്നിരുന്നു.

എന്നാൽ പിന്നീട് ഇയാൾ തനിക്കു ഈ സിനിമയുമായി യാതൊരു ബന്ധവും ഇല്ലെന്നു വ്യക്തമാക്കുകയും ചെയ്തു. പൊതുവെ യുകെ മലയാളികളുടെ ജീവിത ശൈലിയെയും നേഴ്‌സുമാരെ അപകീർത്തി പെടുത്തുംവിധം കളിയാക്കാനായി മോശമായി നിർമ്മിച്ച ആ പടം എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. അടുത്തിടെ സോക്റ്റാലൻഡിൽ ഇതേ സിനിമ ടീം തന്നെ വീണ്ടും എത്തിയിരുന്നെങ്കിലും റിലീസാകാത്ത ആ ചിത്രത്തിൽ ഇയാളുടെ റോൾ എത്രയുണ്ടെന്ന് വ്യക്തമല്ല.

അതേ സമയം കള്ളന് കഞ്ഞി വച്ചവന് കൂട്ട് നിന്നാലും നാറും എന്ന പഴമൊഴി ഓർമ്മിപ്പിച്ചു യുക്മയുടെ പേരും കോടതിയിൽ എത്തി. സമൂഹത്തിൽ മാന്യൻ ആണെന്ന് കാണിച്ചാൽ കോടതി ശിക്ഷ നടപടികളിൽ നിന്ന് ഒഴിവാക്കും എന്ന ധാരണയിലാകും യുക്മയുടെ പേര് അനവധ്യമായി ഈ കേസിൽ വലിച്ചിഴക്കപ്പെട്ടത് എന്ന് വ്യക്തമാണ്. ബാസിൽഡൺ മലയാളി അസോസിയേഷനിലും യുകെ ഈസ്റ്റ് ആംഗ്ലിയ മലയാളി കമ്മ്യൂണിറ്റി (യുക്മ റീജിയൻ) യിൽ ഇയാൾ പ്രമുഖനായിരുന്നു എന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇയാൾ യുക്മയുടെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നതായി ഇതുവരെ വ്യക്തമല്ല. മാത്രമല്ല, കലാമേള (ഫെസ്റ്റിവൽ എന്ന വാക്കിലൂടെയാണ് കോടതിയിൽ തെറ്റിദ്ധരിപ്പിക്കൽ നടന്നിരിക്കുന്നത്) അടക്കം ഉള്ള പരിപാടികളിൽ ഇയാളുടെ 'സേവനം'' ഉണ്ടായിട്ടുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചത് വഴി യുകെ മലയാളികളുടെ കേന്ദ്ര സംഘടനയെ പലിശക്കാരന്റെ ശിക്ഷ കുറപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്ന നാണക്കേടും മലയാളി സമൂഹത്തിന്റെ തിരുനെറ്റിയിൽ ചാർത്തപ്പെട്ടിരിക്കുകയാണ്.

സിജോ സെബാസ്റ്റ്യന് വൻ പിഴയും കോടതി വിധിച്ചേക്കുമെന്ന് സൂചനയുണ്ട്. സിജോയുടെ സ്വത്തുക്കൾ വിലയിരുത്തിയ ശേഷം ആയിരിക്കും പിഴ വിധിക്കുക. മുൻപ് ലിവർപൂളിലുള്ള സുനിൽ എന്ന മലയാളിക്കെതിരെ ഇതേ വിഷയത്തിൽ കോടതി കേസ് എടുത്തിരുന്നു. വൻ പിഴ ഈടാക്കി ഇയാളെ ജയിൽ ശിക്ഷയിൽ നിന്നും കോടതി ഒഴിവാക്കുക ആയിരുന്നു. ജയിലിൽ നിന്നിറങ്ങിയാലും കോടികളുടെ പിഴ ഇയാൾ നൽകേണ്ടി വരുമെന്നു തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത്.

സിജോയുടെ കയ്യിലകപ്പെട്ടത് ആഡംബരപ്രിയരും ചെറുകിട കച്ചവടക്കാരും

ക്രെഡിറ്റ് കാർഡുകളും പേഴ്സണൽ വായ്പകളും ചിട്ടിക്കാശും കൊണ്ട് തികയാതെ വന്നപ്പോൾ ആഡംബര പ്രിയരായ ആളുകളും ചെറുകിട കച്ചവടക്കാരെ പോലെ ദിവസവും ആയിരക്കണക്കിന് പൗണ്ട് കൈകാര്യം ചെയ്യേണ്ടി വന്നവരുമാണ് സിജോയുടെ കെണിയിൽ ആദ്യം അകപ്പെട്ടത്. തുടർന്ന് കേരളത്തിൽ വട്ടിപ്പലിശ കൈകാര്യം ചെയ്യുന്ന തമിഴ് വാണിഭക്കാരെ വെല്ലുന്ന വിധം വമ്പൻ പലിശ നിരക്കുകളുമായി വടക്കൻ പട്ടണമായ ന്യൂകാസിൽ വരെ ഇയാളുടെ പലിശ സാമ്രാജ്യം വളരുക ആയിരുന്നു. വെള്ളിയാഴ്ച മുതൽ പലിശ പിരിക്കാൻ ഇറങ്ങുന്ന ഇയാൾ ആയിരക്കണക്കിന് പൗണ്ടുമായാണ് മൂന്നും നാലും ദിവസം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയിരുന്നത്. ഏതെങ്കിലും കാരണവശാൽ ഒരാഴ്ചത്തെ പലിശ നൽകാൻ സാധിക്കാതെ വന്നാൽ ഭീക്ഷണിയുടെ സ്വഭാവത്തിലുള്ള അടവുകളായിരുന്നു സിജോ പുറത്തെടുത്തിരുന്നത്.

എന്റെ മകൻ അല്ലെങ്കിൽ മകൾ ലണ്ടനിലാണ് എന്നു വീമ്പു പറയുന്ന മാതാപിതാക്കൾക്കും സഹോദരന്മാർക്കും വേണ്ടിയാണ് പലരും വായ്പ എടുത്തത്. മറ്റുള്ളവർക്കൊപ്പം നിൽക്കാൻ അതിമോഹം കാട്ടിയ പലരും സ്വന്തം നില മറന്നു പലിശയ്ക്ക് പണം വാങ്ങി. പലിശ ഒരു മാസം മുടങ്ങിയാൽ ഭീഷണിയും തെറി വിളിയും നടത്തി പണം പിരിക്കുന്ന നാട്ടിലെ വട്ടപ്പലിശക്കാരുടെ അതേ തന്ത്രങ്ങളായിരുന്നു സിജോയും പുലർത്തിയിരുന്നത്. പണം മുടങ്ങിയതിന്റെ പേരിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഒന്നിൽ അധികം സംഭവങ്ങൾ ഉണ്ട്. വീട്ടിൽ അതിക്രമിച്ചു കടന്നു ഭാര്യയുടെയും മക്കളുടെയും മുൻപിൽ വച്ചു ചീത്ത വിളിച്ചപ്പോൾ മനം നൊന്തു രണ്ടു പേർ ബ്രിട്ടീഷ് മലയാളിയെ മുൻപ് വിവരം അറിയിച്ചിരുന്നു. എന്നാൽ നിയമക്കുരുക്കുകൾ ഭയന്ന് അവരാരും വിവരം പുറത്തു പറഞ്ഞില്ല.

പുറത്തു പറയാൻ കൊള്ളാത്ത വിധത്തിൽ പല വിധ ചൂഷണത്തിനും പലിശ ബിസിനസിനെ ഇയാൾ മറയാക്കിയിരുന്നു എന്നാണ് അപമാനം ഭയന്ന് പേര് പുറത്തു പറയാൻ മടിയുള്ളവർ വ്യക്തമാകുന്നത്. ഒരു തരത്തിൽ, ഇത് തന്നെ ആയിരുന്നു ബിസിനസ്സിൽ സിജുവിന്റെ പ്രധാന ആയുധവും. അമിതമായ ആത്മവിശ്വാസം മൂലം പണം ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കുകയാണ് ഇയാൾ ചെയ്തത്. ബാങ്ക് അക്കൗണ്ടിൽ പണം സ്വീകരിച്ചില്ലെങ്കിൽ പണം കൊടുത്തതിന് തെളിവുണ്ടാകില്ല എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. പരാതിപ്പെട്ടാൽ പണം വാങ്ങിയവരും കുടുങ്ങും എന്ന ഭീഷണിയിൽ വീണ് ആരും വിവരം പുറത്ത് പറഞ്ഞില്ല. ഇവിടെ പലിശ കൊടുത്തതിന്റെ പേരിൽ നാട്ടിലെ വീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവരാരും പരാതിപ്പെട്ടില്ല.

യുകെയിലെ പ്രമുഖ സംഘടനാ നേതാവുമായുള്ള ബന്ധമാണ് ബിസിനസ്സിനെ പരിപോഷിപ്പിച്ചതെന്നാണ് ഇരകളുടെ ആക്ഷേപം. പല സന്ദർഭങ്ങളിലും പണം നൽകുന്നത് സംബന്ധിച്ച തർക്കം ഉണ്ടാകുമ്പോൾ വിളിച്ചിരുന്നത് ഈ നേതാവാണ് എന്നാണ് ഇവർ പറയുന്നത്. തന്റെ സുഹൃത്തായിരുന്നു എന്നൊഴിച്ചു സിജോയുമായി ഒരു ബന്ധവും ഇല്ല എന്നാണ് നേതാവ് ഇപ്പോൾ പറയുന്നത്. എന്നാൽ ശരിയായ മാർഗ്ഗത്തിലുള്ള ബിസിനസ് അല്ലെന്ന് ഉറപ്പുള്ളതിനാൽ ഇത്തരക്കാരെ എന്തിനു ഓഫീസ് ദുരുപയോഗം ചെയ്യാൻ അനുവദിച്ചുവെന്നതിന് വ്യക്തമായ വിശദീകരണമില്ല.

മാത്രമല്ല, വിസ പുതുക്കാനും പുതിയത് സംഘടിപ്പിക്കാനും ഒക്കെ ഇതേ ഓഫീസിൽ എത്തിയാണ് പണം പലരും കൈമാറിയതും. സാധാരണക്കാരായ ആളുകൾ കരുതിയത് സംഘടനാ നേതാവിന് കൂടി പങ്കാളിത്തമുള്ള ബിസിനസാണ് സിജു സെബാസ്റ്റ്യൻ നടത്തിയിരുന്നതെന്നാണ്. അതേ സമയം പലിശ കേസിൽ സിജു മാത്രമാണ് ഇപ്പോൾ അകത്തായതെങ്കിലും ഇയാളുമായി അടുപ്പമുള്ളവർ ബുദ്ധിപരമായി ഇയാളെ ഉപയോഗിച്ചിരിക്കാൻ ഉള്ള സാധ്യതയും പറയപ്പെടുന്നുണ്ട്. ഇയാൾ കൈകാര്യം ചെയ്ത തുകയുടെ വലുപ്പം അത്തരം ഒരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അതേ സമയം വളരെ സുരക്ഷിതമായി അഞ്ചു വർഷം നടത്തിയ പലിശക്കച്ചവടം പൊലീസ് അന്വേഷണത്തിലേക്ക് നീണ്ടത് ചിട്ടി കച്ചവടക്കാർക്കിടയിലെ കുടിപ്പക മൂലം ആണ് എന്നാണ് പരാതി ഉയരുന്നത്. യുകെയിലെ മിക്ക നഗരങ്ങളിലും മലയാളികൾ ചിട്ടി നടത്തുന്നുണ്ട്. അവരിൽ പലരും എല്ലാവർക്കും സൗകര്യപ്രദമെന്ന നിലയിൽ അമിത പലിശ ഈടാക്കാതെയാണ് നടക്കുന്നത്. എന്നാൽ ഇടക്കു ചിലരൊക്കെ പ്രശ്നം ഉണ്ടാക്കി പുലിവാല് പിടിക്കാറുമുണ്ട്. ലെസ്റ്ററിലെ ഒരു സംഭവം ഏതാനും വർങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിട്ടിയെ പലിശ കച്ചവടമാക്കി മാറ്റിയതും ലിവർപൂളിലെ സുനിലും ബാസിൽഡണിലെ സിജോയുമായിരുന്നു. സുനിൽ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വൻ തുകയാണ് പിഴ അടച്ചത്.

സുനിൽ പിടിക്കപ്പെടാൻ കാരണമായത് സിജോ ആണ് എന്ന തോന്നലിൽ നിന്നും സുനിൽ പരാതിപ്പെട്ടതുകൊണ്ടാണ് അന്വേഷണം നടന്നത് എന്നാണ് പറയുന്നത്. അന്വേഷണം തുടങ്ങിയ ശേഷം സുനിൽ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. എന്നാൽ നേതാവിന്റെ മധ്യസ്ഥതയിൽ പരാതി പറയുന്ന ഒരാളെ പോലും രംഗത്തിറക്കാതെ നോക്കിയത് സിജോയ്ക്ക് ഗുണമായി. പലിശ ഇളവ് നൽകിയും കടം വാങ്ങിയ പണം വേണ്ടെന്ന് വച്ചുമൊക്കെയാണ് ആളുകളുമായി സിജോ ഒത്തു തീർപ്പ് നടത്തിയത്. ആരെങ്കിലും ഒരാൾ എങ്കിലും പരാതി പറഞ്ഞിരുന്നെങ്കിൽ സിജോയുടെ ശിക്ഷ കൂടുതൽ ഗുരുതരമായേനേ.