- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 18 കോടി മരുന്നിന് കാത്തു നിൽക്കാത ഇമ്രാന്റെ മടക്കം; ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുത്തത് അണുബാധ; സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിൽസയിൽ കിടന്നത് മൂന്ന് മാസം; മലയാളിയെ വേദനിപ്പിച്ച് ആ കുഞ്ഞ് യാത്രയാകുമ്പോൾ
അങ്ങാടിപ്പുറം: കുഞ്ഞു ഇമ്രാൻ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങി. 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെയാണ് മടക്കം.
ഇമ്രാന്റെ ചികിത്സയ്ക്കായി ലോകംമുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. ഇതിനിടെയാണ് ദുഃഖവാർത്ത എത്തിയത്. ബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്നു ഇമ്രാൻ. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനാണ് ആറ്മാസം പ്രായമുള്ള ഇമ്രാൻ.
പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കൾ ആശുപത്രികളിലൂടെ ചികിൽസ തേടി നടന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. ഇതിനിടെയാണ് സ്പൈനൽ മസ്കുലാർ അട്രോഫിയാണ് രോഗമെന്ന് തിരിച്ചറിഞ്ഞത്.
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎൽഎ. മഞ്ഞളാംകുഴി അലി ചെയർമാനായി ഇമ്രാൻ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. 16 കോടി കിട്ടുകയും ചെയ്തു. ഇതിനിടെയാണ് ഏവരേയും കരയിപ്പിച്ച് ഇമ്രാന്റെ മടക്കം.
ലോക മലയാളികൾ കൈകോർത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും. ഹൈക്കോടതി പോലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.
ഏറെ പരിശോധനകൾക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. നേരത്തെ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയിൽ എത്തിയിരുന്നു. കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നൽകുകയല്ലാതെ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹർജിയിൽ ഹൈക്കോടതിയിൽ അറിയിച്ചത്.
കോടതി നിർദ്ദേശ പ്രകാരം സർക്കാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ കുട്ടിക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിങ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ