ഇസ്ലാമാബാദ്: തന്റെ ഭർത്താവിനെ പോലൊരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാക്കിസ്ഥാന്റെ ഭാഗ്യമാണെന്ന് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ഇമ്രാൻ. ഹം ടി വിക്കു നൽകിയ അഭിമുഖത്തിലാണ് ബുഷ്റ ഭർത്താവിനെ കുറിച്ചു ഇക്കാര്യം പറഞ്ഞത്. ഇമ്രാൻ ഖാൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും നേതാവാണെന്നും ബുഷ്റ കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിന്റെ ഭാഗധേയത്തിൽ മാറ്റം വരുത്താൻ ഈശ്വരൻ തീരുമാനിച്ചാൽ അദ്ദേഹം അവർക്ക് രാഷ്ട്രീയക്കാരനെയല്ല പകരം നേതാവിനെയാണ് നൽകുകയെന്നും ബുഷ്റ പറഞ്ഞു. മുഹമ്മദലി ജിന്നയ്ക്കും തുർക്കി പ്രസിഡന്റ് എർദോഗനും ശേഷമുള്ള നൂറ്റാണ്ടിന്റെ നേതാവാണ് ഇമ്രാൻ ഖാനെന്നും ബുഷ്റ കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാനെ പോലൊരു നേതാവ് ഇതുവരെയുണ്ടായിട്ടില്ല, ഇനിയുണ്ടാവുകയുമില്ല. ഒരുപാട് പ്രാർത്ഥനകൾക്കു ശേഷമാണ് പാക്കിസ്ഥാന് ഇമ്രാൻ ഖാനെ പോലൊരു പ്രധാനമന്ത്രി ലഭിച്ചതെന്നും ബുഷ്റ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇമ്രാൻ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുഷ്റ. അതേസമയം ഇമ്രാൻ ഖാന്റെ ഭാര്യയുടെ അഭിപ്രായം സൈബർ ലോകത്തെ ട്രോളിംഗിന് ഇടയുന്നുണ്ട്. ഭർത്താവിനെ കുറിച്ചുള്ള പുകഴ്‌ത്തിപ്പറയൽ അൽപ്പം കൂടിപ്പോയില്ലേയാന്നാണ് സൈബർ ലോകം അഭിപ്രായപ്പെടുന്നത്.