ഇസ്ലാമാബാദ് : ആടിനേയും പോത്തിനേയും വിറ്റ് പണം കണ്ടെത്താനുള്ള വഴികൾ പല കുടുംബത്തിലും നാം കണ്ടിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി എരുമയെ വിൽക്കുന്ന നടപടി കേട്ട് അന്തം വിട്ടിരിക്കുകയാണ് ലോകം. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാക്ക് സർക്കാർ പണം കണ്ടെത്താൻ മുൻ പ്രധാനമന്ത്രിയുടെ എരുമകളെ ലേലം ചെയ്തു.

നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന 8 എരുമകളെയാണ് ലേലം ചെയ്തത്. 23 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.ഷരീഫിന്റെ അനുയായികൾ തന്നെയാണ് എരുമകളെ വാങ്ങിയതെന്നും അവ തിരികെ അദ്ദേഹത്തിനു സമ്മാനിച്ചേക്കുമെന്നും വാർത്തയുണ്ട്.

സർക്കാരിന് ഇപ്പോൾ അധികമായുള്ള 102 വാഹനങ്ങളാണു ലേല പദ്ധതിയിലുള്ളത്. കവചിത വാഹനങ്ങളും കാബിനറ്റ് വിഭാഗം ഉപയോഗിച്ചിരുന്ന ഹെലികോപ്ടറുകളും ഇതിൽ പെടും.വരുന്ന മാസത്തിനുള്ളിൽ തന്നെ ഇവയുടെ ലേല നടപടികളും പൂർത്തിയാക്കുമെന്നും സൂചനയുണ്ട്.

ആദ്യം ലേലം ചെയ്തത് വാഹനങ്ങൾ

ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായി പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള 34 ആഡംബര കാറുകളാണ് ആദ്യം ലേലത്തിൽ വിറ്റത്. ലേലത്തിനായി വച്ച 102 വാഹനങ്ങളിൽ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്.

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് മന്ത്രി മന്ദിരത്തിൽ വളർത്തിയിരുന്ന എട്ട് എരുമകളെയും വിൽക്കാൻ ഇതു കഴിഞ്ഞാണ് തീരുമാനമുണ്ടായത്.ഇതിനു പുറമേ മന്ത്രിമാർക്കായി വാങ്ങിയ നാല് ഹെലികോപ്റ്ററുകളും വിൽക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പാക് സർക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ 87 ശതമാനവും കടത്തിലായെന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം പാക് സർക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വർധിച്ച് 30 ലക്ഷം കോടി രൂപയിലെത്തി.