ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഭരണകൂടം സ്വാതന്ത്ര്യാനന്തരം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. കടക്കെണി രൂക്ഷമായതോടെ സർക്കാർ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങൾ കൂട്ടത്തോടെ വിൽക്കാൻ ഒരുങ്ങുകയാണ് പാക് ഭരണകൂടം. ബുള്ളറ്റ് പ്രൂഫ് കാറുകൾ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്‌ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തിൽ 102 ആഡംബര വാഹനങ്ങൾ ലേലത്തിന് വയ്ക്കാനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തീരുമാനം. സർക്കാരിന്റെ ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണ് ആഡംബര വാഹനങ്ങൾ ഒഴിവാക്കുന്നത്.

സർക്കാരിന്റെ കടക്കണി രൂക്ഷമായതോടെ സർക്കാർ അധീനതയിലുള്ള 102 വാഹനങ്ങൾ ഒഴിവാക്കാനാണ് പാക് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനു പുറമേ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിമന്ദിരത്തിൽ വളർത്തിയിരുന്ന എട്ട് കൂറ്റൻ കാളകളെയും ലേലത്തിൽ വിൽക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനൊക്കെ പുറമേ നിലവിൽ ഉപയോഗിക്കാത്ത നാല് ഹെലികോപ്ടറുകളും ലേലത്തിൽ ഉൾപ്പെടുത്തുമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

രണ്ടാം ഘട്ടത്തിൽ 41 വിദേശ നിർമ്മിത കാറുകളാവും ലേലത്തിൽ വയ്ക്കുക. മെഴ്സിഡീസ് ബെൻസ് കാറുകൾ, എട്ട് ബുള്ളറ്റ്പ്രൂഫ് ബിഎംഡബ്ല്യൂ കാറുകൾ, അഞ്ച് എസ്.യു.വികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വാഹനങ്ങളെല്ലാം ഉയർന്ന തുകയ്ക്ക് മാത്രമേ കൈമാറൂ എന്നാണ് അധികൃതരുടെ നിലപാട്.

സർക്കാർ ചെലവുകൾ ഗണ്യമായി വെട്ടിക്കുറക്കുമെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നതാണ്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അദ്ദേഹം ഒഴിവാക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നു. 30 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് പാക് സർക്കാരിന് മേലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാക്കിസ്ഥാന്റെ കടബാധ്യതയിൽ 13.5 ലക്ഷം കോടി രൂപയുടെ വർധന വന്നിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്ക്.