ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ ബിബിസി ലേഖികയെ വിവാഹം ചെയ്തതും വിവാഹ മോചനം നേടിയതും അതിവേഗമായിരുന്നു. 65കാരനായ പാക് രാഷ്ട്രീയ നേതാവ് വീണ്ടും വിവാഹം ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചു. മൂന്നാം തവണയാണ് ഇമ്രാൻ വിവാഹം കഴിക്കുന്നത്. ഇത്തവണ അദ്ദേഹം വിവാഹം ചെയ്തത് മതകാര്യങ്ങളിൽ തന്റെ ആത്മീയ ഉപദേശകയായ യുവതിയെയാണ്. 40 വയസിന് മുകളിൽ പ്രായം വരുന്ന ലഹോർ സ്വദേശിനിയായ ബുഷറ വട്ടൂവിനെയാണ് കഴിഞ്ഞയാഴ്‌ച്ച ഇമ്രാൻ വിവാഹം ചെയ്തത്. വധുവിനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പാക്കിസ്ഥാൻ തെഹറീക്ക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാവായ ഇമ്രാന്റെ ഈ വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സംസാരമുണ്ട്. അഞ്ച് കുട്ടികളുടെ മാതാവാണ് ഇവരെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്. മുഖം മുഴുവൻ തുണികൊണ്ട് മറച്ച നിലയിലാണ് ഇവരുടെ ചിത്രങ്ങൾ. നേരത്തെ രണ്ടാം ഭാര്യ രെഹം ഖാന്റെ രാഷ്ട്രീയ മോഹം അതിരു കടന്നപ്പോഴെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നിരുന്നു.

രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചപ്പോഴാണത്രെ ബിബിസി അവതാരകയായിരുന്ന ഭാര്യയെ ക്രിക്കറ്റ് താരം മൊഴി ചൊല്ലിയെന്നായിരുന്നു വാർത്തകൾ. ബിബിസി ന്യൂസ് അവതാരികയായിരുന്ന രെഹം ഖാൻ പാക്കിസ്ഥാനിലെ തെഹ്രി കി ഇൻസാഫ് പാർട്ടിയുടെ നേതാവു കൂടിയായ ഇമ്രാനെ വിവാഹം കഴിച്ച ശേഷം വീട്ടിൽ ഒതുങ്ങിക്കഴിയാൻ നിർബന്ധിതയാകുകയായിരുന്നു. എന്നാൽ, വീട്ടിൽ ഒതുങ്ങിക്കഴിയുന്നത് രെഹംഖാനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഇതെത്തുടർന്ന് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആഗ്രഹം രെഹം ഖാൻ അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വർഷം മുമ്പാണ് ആദ്യ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിൽ നിന്ന് ഇമ്രാൻ ഖാൻ വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ജെമീമ ഗോൾഡ്സ്മ്ത്തിനെ വിവാഹം കഴിക്കുമ്പോൾ ഇമ്രാൻ ഖാന് ഒരു കുട്ടിയുണ്ടായിരുന്നു. മുൻപുണ്ടായിരുന്ന ബന്ധത്തിൽ നിന്നുള്ള കുട്ടിയായിരുന്നുവെന്നാണ് പാപ്പരാസികൾ പറയുന്നത്. എന്നാൽ, ആ കാമുകിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.