ന്യുഡൽഹി: ഡൽഹിയിലെ വിഐപി സംസ്‌ക്കാരത്തിന് വിലങ്ങിടും എന്നതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാറിന്റെ വാഗ്ദാനങ്ങളിൽ പ്രധാന കാര്യം. എന്നാൾ കെജ്രിവാൾ വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ടു പോകുകയാണോ എന്ന വിമർശനം ഉന്നയിച്ചാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. അഴിമതിക്കെതിരെ കരിശുയുദ്ധം പ്രഖ്യാപിക്കാൻ ഹെൽപ്പ്‌ലൈൻ പുനഃസ്ഥാപിക്കുന്ന ചടങ്ങിലെ അറേഞ്ച്‌മെന്റ്‌സിനെ ചൂണ്ടിയാണ് വിമർശനം. കോൺഗ്രസ് നേതാവ് അജയ് മാക്കനാണ് വിമർശനം ഉയർത്തിയത്. ഡൽഹിയിൽ അധികാരത്തിലേറ്റ് 50 ദിവസങ്ങൾക്കുള്ളിൽ ആം ആദ്മി പാർട്ടി വി.ഐ.പികളുടേതായെന്ന് അജയ് മാക്കന്റെ വിമർശനം.

ഡൽഹി സർക്കാറിന്റെ പുതിയ പദ്ധതിയായ അഴിമതി വിരുദ്ധ ഹെൽപ് ലൈൻ 1031 പുനഃസ്ഥാപിക്കുന്ന ചടങ്ങു നടക്കുന്ന താക്കത്തോറ സ്‌റ്റേഡിയത്തിലെ സൂചനാ ബോർഡുകൾ കണ്ടാണ് അജയ് മാക്കന്റെ പ്രതികരണം. 50 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ആം ആദ്മി പാർട്ടി വി.ഐ.പികളുടെയും വി.വി.ഐ.പികളുടേയും പാർട്ടി ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്‌റ്റേഡിയത്തിൽ വി.വി.ഐ.പികൾക്കും വി.ഐ.പികൾക്കും മാദ്ധ്യമങ്ങൾക്കും പാർക്കിങ്,പ്രവേശനം എന്നിവക്ക് പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. ഇത് സൂചിപ്പിക്കുന്ന ബോർഡുകളുടെ ചിത്രത്തോടൊപ്പമാണ് മാക്കൻ ട്വിറ്ററിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വി.ഐ.പി സംസ്‌കാരത്തിന് എതിരാണെന്നും സാധാരണക്കാരുടെ പാർട്ടിയാണെന്നും ആം ആദ്മി പാർട്ടി പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഈ നടപടി. പാർട്ടി വി.ഐ.പി സംസ്‌കാരത്തെ പിന്തുണക്കുന്നില്ല. അതേസമയം സൈൻബോഡ് വച്ചതിനെ ന്യായീകരിച്ച് ആം ആദ്മി പാർട്ടി നേതാക്കളും രംഗത്തെത്തി. സർക്കാറിന്റെ സുഗമവും ഫലപ്രദവുമായ പ്രവർത്തനങ്ങൾക്ക് ഇത്തരം സൗകര്യങ്ങളുടെ ആവശ്യകതയുണ്ടെന്ന് പാർട്ടി നേതാവ് ആദർശ് ശാസ്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും 67 എംഎ‍ൽഎമാർക്കും വകുപ്പ് തലവന്മാർ, സെക്രട്ടറിമാർ എന്നിവർക്കും വി.വി.ഐ.പി പാർക്കിങ്ങാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചടങ്ങിനത്തെുള്ള മറ്റുള്ളവർക്ക് വിവിധ പ്രവേശനകവാടങ്ങൾക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരും. 3000 ത്തോളം പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും മറ്റു സൗകര്യങ്ങളും തയ്യാറായിരുന്നില്ല. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് മാക്കന്റെ വിമർശനം,