ആഗ്ര: ഭരണഘടനാ ശിൽപ്പിയാണ് അംബേദ്കർ. അദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിആർ അംബേദ്കർ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം. പക്ഷേ പുറത്തുവരുന്ന വാർത്തകൾ അത്ര ആശ്വാസകരമല്ല.

പരീക്ഷ എഴുതിയാൽ കാശുകൊടുത്താൽ ജയിക്കാം. പൈസ് കൊടുത്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്ന യൂണിവേഴ്‌സിറ്റികളെ കുറിച്ചുള്ള കഥയും നാട്ടിൽ പാട്ടാണ്. എന്നാൽ അംബേദ്കർ സർവ്വകലാശാല വാർത്തയിലെത്തിയത് ഇതിന് അപ്പുറത്തേക്ക് പോയാണ്. ഇവിടെ ബിഎഡ് പരീക്ഷ എഴുതിയത് 12,800 പേർ. എന്നാൽ ഫലം വന്നപ്പോൾ 20,000 പേർ ജയിച്ചു. അത്രയേറെ ക്രമക്കേടുകളാണ് നടന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസിയുടെ കള്ളക്കളിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

7000ത്തോളം പേർ പരീക്ഷ എഴുതാതെ തന്നെ ജയിച്ചു. എല്ലാം രേഖകളിലുമുണ്ട്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്വകാര്യ കോളേജുകളോട് കുട്ടികളുടെ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2013-14ലെ പരീക്ഷയിലാണ് തട്ടിപ്പുകൾ നടന്നത്. പരീക്ഷ നടന്നത് ഈ വർഷവും. കഴിഞ്ഞ വർഷം 40 ശതമാനത്തോളം സീറ്റുകൾ കോളേജുകളിൽ ഒഴിഞ്ഞു കിടന്നിരുന്നു. ഈ കുട്ടികൾ കൂടി ഇത്തവണ പരീക്ഷ എഴുതി ജയിച്ചെന്ന വാദമുയർത്തി സംഭവത്തെ വിലകുറച്ച് കാണിക്കാൻ കോളേജുകൾ ശ്രമിച്ചു. അതു പൊളിഞ്ഞതോടെയാണ് വാർത്ത പുറം ലോകത്ത് എത്തിയത്.

ഈ സാഹചര്യത്തിൽ പരീക്ഷ എഴുതിയ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങൾ പരിശോധിക്കുകയാണ് സർവ്വകലാശാല. ഏതായാലും പരീക്ഷ ക്യാൻസൽ ചെയ്യുമെന്ന് ഉറപ്പ്.