- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ ഖാന് ജാമ്യം നിന്നത് നടി ജൂഹി ചൗള; കോടതി ഉത്തരവ് ജയിലിൽ എത്തിക്കാൻ വൈകിയതോടെ ഇന്ന് കൂടി ആര്യൻ ജയിലിൽ കഴിയേണ്ടി വരും; മുൻകൂർ അനുമതിയില്ലാത മുംബൈ വിട്ടുപോകരുത് എന്നത് അടക്കം താരപുത്രന് പുറത്തിറങ്ങാൻ കർശന ജാമ്യ വ്യവസ്ഥകൾ
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് നടിയും ഷാരൂഖ് ഖാന്റെ സുഹൃത്തുമായ ജൂഹി ചൗള ആൾ ജാമ്യം നിൽക്കും. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി. ബോളിവുഡിന്റെ പിന്തുണ എന്ന വിധത്തിൽ കൂടിയാണ് ജൂഹി ആര്യന് ഖാന് വേണ്ടി ജാമ്യം നൽകുന്നത്. അതേസമയം ആര്യൻ ഖാൻ ഇന്നും ജയിലിൽ തന്നെ തുടരേണ്ട അവസ്ഥയാണ് ഉള്ളത്. കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽമോചനം ഒരു ദിവസം വൈകിയത്. ഇതോടെ ഇന്ന് കൂടി ആര്യന് ജയിലിൽ തന്നെ കഴിയേണ്ടി വരും.
14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്.
മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചന്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അർബാസ് മർച്ചന്റിനെ അച്ഛൻ അസ്ലം മർച്ചന്റ് ജയിലിലെത്തി കണ്ടു.
അതസമയം, ആര്യന് ഇന്നലെ ജാമ്യം കിട്ടിയ വാർത്ത കരഞ്ഞുകൊണ്ടാണ് നടൻ ഷാരൂഖ് ഖാൻ കേട്ടതെന്ന് അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി പറഞ്ഞു. മൂന്നുനാലു ദിവസമായി ഷാറുഖ് ഖാൻ ആകെ ദുഃഖിതനായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടർച്ചയായി കാപ്പി കുടിച്ചു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ചിരിക്കുകയാണ്. ജാമ്യ വാർത്ത വലിയ ആശ്വാസമായി. അപ്പോൾ സന്തോഷത്തോടെ കരഞ്ഞുവെന്നും മുകുൾ റോഹത്ഗി പറഞ്ഞു. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം അഭിഭാഷകർക്കും മാനേജർ പൂജ ദദ്ലാനിക്കുമൊപ്പം ഷാരൂഖ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതിനിടെ, സഹതടവുകാർക്ക് നിയമ സഹായവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ആര്യൻ വാഗ്ദാനം ചെയ്തുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജാമ്യവാർത്തയറിഞ്ഞ് ആരാധകർ ഷാറുഖിന്റെ വസതിക്കു മുന്നിലേക്ക് ഒഴുകി. പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദം പങ്കുവച്ചു.
മറുനാടന് ഡെസ്ക്