ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല കോടതിയിൽ കീഴടങ്ങാനായി ബെംഗലൂരുവിലേക്കു തിരിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച സുപ്രധാന തീരുമാനം ഗവർണർ സി. വിദ്യാസാഗർ റാവുവിൽനിന്ന് ഉടൻ ഉണ്ടായേക്കും. ഇന്നു വൈകിട്ടോടെ ഗവർണറുടെ തീരുമാനം ഉണ്ടാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശശികല പക്ഷം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത എടപ്പാടി പളനിസ്വാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവുമാണ് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി പ്രതികൂലമായതിനു പിന്നാലെ ശശികല നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത പളനിസ്വാമിക്ക് അനുകൂലമായ തീരുമാനമായിരിക്കും ഗവർണറിൽനിന്ന് ഉണ്ടാകുകയെന്നു സൂചനയുണ്ട്.

പനീർശെൽവത്തിനോട് ഗവർണർ വിദ്യാസാഗർ റാവുവിന് അനുകൂല മനോഭാവം ഉണ്ടെങ്കിലും അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ പിന്തുണ ഇല്ല. ശശികല പക്ഷത്തുനിന്ന് ഏതാനും എംഎൽഎമാരും എംപിമാരും കൂറുമാറി പനീർശെൽവത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ സംഖ്യയുടെ ഏഴ് അയലത്തുപോലും എത്തിയിട്ടില്ല.

234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പശനിസ്വാമി പക്ഷത്ത് ഏകദേശം 120 എംഎൽഎമാർ ഉണ്ടെന്നാണ് സൂചന. രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 11 എംഎൽഎമാരെ മാത്രമാണ്.

അതേസമയം ശശികല തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച പനീർശെൽവം ഈ സാഹചര്യത്തിൽ പെട്ടന്നു പിന്മാറുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ നിയസഭയിൽ വിശ്വാസ വോട്ടു തേടാനുള്ള അധികാരം അദ്ദേഹത്തിനുണ്ടെന്ന് ചില നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കിയത്. ക്രമേണ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കിയ ശശികല മുഖ്യമന്ത്രിയാകാൻ കോപ്പുകൂട്ടി. ഇതിന്റെ ഭാഗമായി എംഎൽഎമാരെക്കൊണ്ട് അവരെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുപ്പിക്കുകയും പനീർശെൽവത്തെ രാജിവയ്‌പ്പിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കകം തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ട് പനീർശെൽവം രംഗത്തെത്തിയതോടെ ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകകങ്ങൾക്കാണു തമിഴ്‌നാട് വേദിയായത്.