- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ സ്നേഹമായിരുന്നു; സ്നേഹിതനായിരുന്നു; ചിരിയായിരുന്നു; അവൻ കണ്ണീരുമായിരുന്നു: വാഹനാപകടത്തിൽ മരിച്ച മാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ
സനലില്ലാത്ത ഒരു ലോകത്തിരുന്നാണ് ഇതെഴുതുന്നത്. വാർത്തകളുടെ കുത്തൊഴുക്കിലൂടെ സഞ്ചരിക്കുമ്പോൾ രാഷ്ട്രീയം പറയാനും സാമൂഹിക അസ്വസ്ഥതകൾ രോഷത്തോടെ പങ്കുവയ്ക്കാനും ഏത് പാതിരാ നേരത്തും വിളിച്ച് നാളത്തേക്കുള്ളതിനെ കുറിച്ച് ബോധ്യപ്പെടുത്താനും സനൽഫിലിപ്പ് ഇല്ലാത്ത ലോകം. അവൻ സ്നേഹമായിരുന്നു. അവൻ സ്നേഹിതനായിരുന്നു. ചിരിയായിരുന്നു. അവൻ കണ്ണീരുമായിരുന്നു. ദുരിതങ്ങൾക്ക് ജന്മം ബലികൊടുക്കാതെ പോരാടിയവൻ. വ്യഥകളിൽ ആധിപൂണ്ട് 'വ്യഥിതഭാവി'യെ കൂറിച്ച് ആകുലപ്പെടാതിരുന്നവൻ. വ്യർത്ഥ ശബ്ദമെന്ന് നിരാശപൂണ്ടിരിക്കാതെ നാവുയർത്തി എല്ലാം വിളിച്ചുപറഞ്ഞവൻ. മാദ്ധ്യമപ്രവർത്തകന്റെ കെട്ടുപാടുകളിൽ കിടന്ന് വട്ടംകറങ്ങാതെ മനുഷ്യനായി നിന്ന് അന്യനെ സ്നേഹിച്ചവൻ. കുഞ്ഞുങ്ങൾക്ക് മധുരം കൊടുത്തവൻ. ഉള്ളിലെ നെരിപ്പോടിൽ ചവിട്ടി നിന്ന് നാടൻ പാട്ടുപാടിയവൻ. രാത്രികളിൽ ഫോൺ വിളിച്ച് 'അലോസര' പ്പെടുത്തുന്നവൻ. വാർത്താ സമ്മേളനങ്ങളിൽ അസ്വസ്ഥപ്പെടുത്തിയ ചോദ്യങ്ങൾ ഉതിർത്തവൻ. മതി ചോദിച്ചത് എന്നുവരെ ചിലരെ കൊണ്ട് പറയിച്ചവൻ. അന്യർക്ക് വേണ്ടി ചോരയും കൊടുത്തവൻ.

സനലില്ലാത്ത ഒരു ലോകത്തിരുന്നാണ് ഇതെഴുതുന്നത്. വാർത്തകളുടെ കുത്തൊഴുക്കിലൂടെ സഞ്ചരിക്കുമ്പോൾ രാഷ്ട്രീയം പറയാനും സാമൂഹിക അസ്വസ്ഥതകൾ രോഷത്തോടെ പങ്കുവയ്ക്കാനും ഏത് പാതിരാ നേരത്തും വിളിച്ച് നാളത്തേക്കുള്ളതിനെ കുറിച്ച് ബോധ്യപ്പെടുത്താനും സനൽഫിലിപ്പ് ഇല്ലാത്ത ലോകം.
അവൻ സ്നേഹമായിരുന്നു. അവൻ സ്നേഹിതനായിരുന്നു. ചിരിയായിരുന്നു. അവൻ കണ്ണീരുമായിരുന്നു.
ദുരിതങ്ങൾക്ക് ജന്മം ബലികൊടുക്കാതെ പോരാടിയവൻ. വ്യഥകളിൽ ആധിപൂണ്ട് 'വ്യഥിതഭാവി'യെ കൂറിച്ച് ആകുലപ്പെടാതിരുന്നവൻ.
വ്യർത്ഥ ശബ്ദമെന്ന് നിരാശപൂണ്ടിരിക്കാതെ നാവുയർത്തി എല്ലാം വിളിച്ചുപറഞ്ഞവൻ. മാദ്ധ്യമപ്രവർത്തകന്റെ കെട്ടുപാടുകളിൽ കിടന്ന് വട്ടംകറങ്ങാതെ മനുഷ്യനായി നിന്ന് അന്യനെ സ്നേഹിച്ചവൻ. കുഞ്ഞുങ്ങൾക്ക് മധുരം കൊടുത്തവൻ. ഉള്ളിലെ നെരിപ്പോടിൽ ചവിട്ടി നിന്ന് നാടൻ പാട്ടുപാടിയവൻ. രാത്രികളിൽ ഫോൺ വിളിച്ച് 'അലോസര' പ്പെടുത്തുന്നവൻ. വാർത്താ സമ്മേളനങ്ങളിൽ അസ്വസ്ഥപ്പെടുത്തിയ ചോദ്യങ്ങൾ ഉതിർത്തവൻ. മതി ചോദിച്ചത് എന്നുവരെ ചിലരെ കൊണ്ട് പറയിച്ചവൻ.
അന്യർക്ക് വേണ്ടി ചോരയും കൊടുത്തവൻ. ജീവനോട് മല്ലടിക്കുന്നതിനിടെ ആശുപത്രിക്കിടക്കയിലേക്ക് തനിക്കെത്തിച്ച ഉപഹാരം അടുത്തുകിടക്കുന്ന രോഗിക്ക് കൈമാറാൻ ആവശ്യപ്പെട്ടവൻ. ഞാൻ ഞാൻ എന്ന് അഴാത്തവൻ. വീട്ടിലേക്കുള്ള വഴി നീളെ കൈകൊടുത്ത് സ്നേഹം പങ്കിട്ടവൻ.
വീടില്ലാതെ വാടകവീട്ടിൽ കഴിയുമ്പോഴും വീടില്ലാത്തവർക്ക് വേണ്ടി നിരന്തരം മൈക്കെടുത്തവൻ. മൂന്ന് സെന്റു സ്ഥലത്ത് പുത്തൻ വീടിന്റെ ചമുരുകൾ കൂട്ടിമുട്ടിക്കാൻ പാടുപെട്ടവൻ. ഭൂമിയില്ലാതെ വാടകഭൂമിയിൽ കഴിയുമ്പോൾ ഭൂമിയില്ലാത്തവർക്ക് വേണ്ടി പോരാടിയവൻ.
അവസാന നിമിഷങ്ങളിലും ലക്ഷ്യങ്ങളെ കുറിച്ചോർത്ത് വ്യാകുലപ്പെട്ടവൻ. തണുത്തുറഞ്ഞ ഐസിയുവിലിരുന്ന് പുറത്തിരിക്കുന്നവരോട് സന്ദേശങ്ങൾ കൈമാറിയവൻ. ആശുപത്രി വരാന്തയിൽ ഞങ്ങൾ കാത്തിരുന്നപ്പോഴും തിരിച്ചുവരുമെന്ന് പറഞ്ഞയച്ചവൻ. മരണത്തിന്റെ വരമ്പിൽ നിൽക്കുമ്പോഴും ജിഷ കേസെന്തായി അച്ഛാ, എന്ന് വ്യാകുലപ്പെട്ടവൻ.
സനലേ,
അണ്ണാ എന്നും ചേട്ടായെന്നും മാറിമാറിയുള്ള നിന്റെ ആ വിളി ഇനി ഇല്ലല്ലോ എന്ന് തിരിച്ചറിയുന്നു. നിന്റെ വീടും നാടും സ്നേഹവും ആകുലപ്പെടുന്നു, അനാഥമാകില്ലെന്നുറപ്പുള്ള നിന്റെ ലക്ഷ്യങ്ങൾക്കുമുന്നിൽ ധൈര്യത്തോടെ ഞങ്ങൾ നിൽക്കുന്നു.
സനലേ,
നീ സ്നേഹമായിരുന്നു. നീ യാത്രയാകുന്നത് സാർത്ഥകമായ ഓർമകളുടെ അവശേഷിപ്പുമായാണ്. നീ വേർപിരിയുന്നത് പൂർണമായ ഒരുജന്മത്തിൽ നിന്നാണ്. അപ്പോഴും അപൂർണമായ നിന്റെ വീടിന് മുന്നിൽ, പ്രിയപ്പെട്ടവരുടെ തേങ്ങലുകൾക്ക് മുന്നിൽ എല്ലാമറിഞ്ഞവനെ പോലെ നീ കിടക്കുന്നു.
സനലേ,
അപൂർണമായ ഭൗതിക ശേഷിപ്പുകൾ പൂർണമാക്കാൻ കഴിയുക തന്നെ ചെയ്യും. ഭൗതികമായി അവശേഷിപ്പിച്ച അപൂർണതകൾക്ക് മുന്നിൽ ഞാനും നിന്റെ സ്നേഹിതരും നിന്റെ ലോകവും എല്ലാമുണ്ട്. നിന്റെ ഓർമകൾ അവശേഷിപ്പിച്ച അഭിമാനബോധത്തോടെ...
- റിപ്പോർട്ടർ ടിവിയിലെ മാദ്ധ്യമപ്രവർത്തകനായ കെ വി മധു ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്

