ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ചുരുങ്ങിയ വാക്കുകളിൽ അനുസ്മരിച്ചും സർദാർ പട്ടേലിനെ വാനോളം പുകഴ്‌ത്തിയും പ്രധാനമന്ത്രി മോദി. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവുമായ ഇന്ന് മോദി പട്ടേലിനെ പുകഴ്‌ത്തിയാണ് രംഗത്തെത്തിയത്. പട്ടേലിന്റെ ജന്മദിനം ദേശീയ ഐക്യദിനമായി ആചരിക്കുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ചുരുങ്ങിയ വാക്കുകളിലാണ് അനുസ്മരിച്ചത്.

പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന കൂട്ടയോട്ടം വിജയ് ചൗക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലൂഗ് ഓഫ് ചെയ്തു. പട്ടേൽ ഇല്ലാത്ത ഗാന്ധിജി അപൂർണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയും പട്ടേലും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും ചേർന്നാണ് രാജ്യത്തെ കർഷകരെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തിയത്. തന്റെ രാജ്യഭക്തിയും കാഴ്ചപ്പാടും കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിച്ച നേതാവാണ് പട്ടേലെന്നും മോദി പറഞ്ഞു.

ആധുനിക ഭാരതത്തിന്റെ യഥാർത്ഥ സൃഷ്ടാവാണ് സർദാർ പട്ടേൽ. എന്നാൽ, പട്ടേലിനെ നമ്മൾ വേണ്ടരീതിയിൽ ആദരിച്ചിട്ടില്ല. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ ആദർശങ്ങൾ സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കൊണ്ട് ഈ അഖണ്ഡത ഇല്ലാതാക്കാൻ കഴിയില്ലജാത, മത, ഭാഷാ വ്യത്യാസങ്ങൾക്ക് അതീതമായി ഉയരേണ്ട സമയമാണിത്പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ എത്തിയവർക്കുവേണ്ടി പ്രധാനമന്ത്രി ദേശീയ പുനരൈക്യ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കാലത്ത് ഏഴരയോടെ തന്നെ പട്ടേൽ ചൗക്ക് പാർലമെന്റ് സ്ട്രീറ്റിലെത്തി പട്ടേലിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് മോദി കൂട്ടയോട്ടം ഫ്‌ലൂഗ് ഓഫ് ചെയ്യാനെത്തിയത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തന്റെ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നരേന്ദ്ര മോദി ചുരുങ്ങിയ വാക്കുകളിലാണ് സ്മരിച്ചത്. മുൻകാലങ്ങളിൽ പ്രധാനമന്ത്രിയമാർ ചെയ്യാറുള്ളത് പോലെ ശക്തിസ്ഥലിൽ എത്തി ഇന്ദിരയുടെ സമൃതികുടീരത്തിൽ പുഷ്പാർച്ചന നടത്താൻ മോദി തയ്യാറായില്ല. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ശക്തിസ്ഥലിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മടങ്ങിയത്.

സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിക്കാനായുള്ള ധനസമാഹരണവും ഇന്ന് മുതൽ ഊർജ്ജിതമാക്കാനാണ് ബിജെപി പ്രവർത്തകരുടെ ശ്രമം. 3000 കോടി രൂപ ചെലവിട്ടാണ് ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുന്നത്. കോൺഗ്രസ് നേതാക്കളായ ദേശീയ ബിംബങ്ങളെ ചരിത്രത്തിൽ നിന്നും അകറ്റി നിർത്താനാണ് മോദി ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.