മയാമി: കർമ്മനിരതമായ രണ്ടു പതിറ്റാണ്ടിന്റെ നിസ്വാർത്ഥമായ സേവനത്തിന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് ആദരവിന്റെ നിറച്ചാർത്തുകൾ.

എൺപതോളം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും, തദ്ദേശീയരുമായി ഒരുലക്ഷത്തി എഴുപതിനായിരത്തോളം ജനസംഖ്യയും, ജനസംഖ്യാനുപാതികമായി ഫ്ളോറിഡ സംസ്ഥാനത്തെ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്ന സിറ്റി ഓഫ് പെംബ്രൂക്ക് പൈൻസിന്റെ കമ്മീഷൻ മീറ്റിംഗിൽ വച്ചു മേയർ ഫ്രാങ്ക് ഓർട്ടീസ് ഐ.എൻ.എ.എസ്.എഫിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ശ്ശാഘനീയമാണെന്നും, ഇന്ത്യൻ നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിനു മാത്രമല്ല, ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും, അശരണർക്കും, നിസ്സഹായർക്കും നിസ്വാർത്ഥമായി നൽകുന്നതുകൊണ്ടാണ് സിറ്റി ഓഫ് പെംബ്രൂക്ക് പൈൻസിന്റെ ആദരവുകളും അനുമോദനങ്ങളും ഇവിടെ പ്രഖ്യാപിക്കുന്നതെന്ന് അറിയിച്ചു.

സിറ്റിയുടെ ഔദ്യോഗികമായ ഈ പ്രഖ്യാപനം (പ്രൊക്ലമേഷൻ) ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളുടേയും, സൗത്ത് ഫ്ളോറിഡയിലെ വിവിധ സംസ്ഥാന ഭാരവാഹികളുടേയും നിറസാന്നിധ്യത്തിൽ അലീഷ കുറ്റിയാനി മേയറുടെ കൈയിൽ നിന്നും ഏറ്റുവാങ്ങി.

ഈ മഹനീയ ചടങ്ങിൽ സിറ്റി വൈസ് മേയർ ആഞ്ചലോ കാസ്റ്റില്ല, കമ്മീഷണർമാർ, സിറ്റി സീനിയർ ഒഫീഷ്യൽസ്, കേരള സമാജം പ്രസിഡന്റ് സാജൻ മാത്യു, നവകേരളാ പ്രസിഡന്റ് സുരേഷ് നായർ, ഐ.എൻ.എ.എസ് ഭാരവാഹികളായ ഡോ. ജോർജ് പീറ്റർ, ജിനോയി തോമസ്, വത്സാ സണ്ണി, ബീനാ രാജൻ, കുഞ്ഞമ്മ കോശി, ജയമോൾ ജിനോയി, റജീത്ത് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.