ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ കാരുണ്യവർഷത്തോടനുബന്ധിച്ചുള്ള ത്രിദിന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് തുടക്കമായി. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്ന ധ്യാനം ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ ദൈവസാന്നിധ്യത്തിന്റെ ഭദ്രദീപം കൊളുത്തി ധ്യാനം ഉദ്ഘാടനം ചെയ്തു.

അയർലണ്ടിലെ സീറോ മലബാർ സഭ സുവിശേഷവൽക്കരണ രംഗത്ത് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നു മാർപാപ്പയുടെ പ്രതിനിധി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.പുതിയ തലമുറയ്ക്ക് വേണ്ടി സീറോമലബാർ സഭ ഒരുക്കുന്ന കർമ്മ പരിപാടികൾ അയർലണ്ടിലെ സഭ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.ഡാനി കപ്പൂച്ചിയനാണ് ധ്യാനം നയിക്കുന്നത്.

സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായ മോൺ.ആന്റണി പെരുമായൻ പേപ്പൽ നൂൺഷ്യോയ്ക്കും ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസസമൂഹത്തിനും സ്വാഗതം ആശംസിച്ചു.ഫാ.ജോർജ് ബേഗ്ലി(ലിറ്റിൽ പേസ് ചർച്ച് വികാരി)ആശംസകൾ അർപ്പിച്ചു. ഫാ.ആന്റണി ചീരംവേലിൽ നന്ദി പ്രകാശിപ്പിച്ചു.സഭയുടെ പത്താം വാർഷികത്തിന്റെ ഓർമ്മയ്ക്കായി പേപ്പൽ നൂൺഷ്യോയ്ക്ക് മെമന്റോ നൽകി ആദരിച്ചു. ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലിൽ, മാർട്ടിൻ പുലിക്കുന്നേൽ,ജോർജ് പള്ളിക്കുന്നത്ത് ,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികൾക്ക് ജീസസ് യൂത്ത് അയർലണ്ട് നയിക്കുന്ന പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും.കുട്ടികൾക്കായുള്ള ക്രിസ്റ്റീൻ ധ്യാനത്തിനും ഇതോടൊപ്പം തുടക്കമായി.ധ്യാനം ഒക്റ്റോബർ 31 ന് സമാപിക്കും.നവംബർ ഒന്നിന് യുവജന സെമിനാറും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ മുതൽ ധ്യാനത്തിൽ പങ്കെടുക്കാനായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൗണിൽ എത്തിയിരുന്നത്.ഇനിയും online regitsration നടത്താൻ സാധിക്കാത്തവർക്കായി ധ്യാന സെന്റെറിൽ പ്രവർത്തിക്കുന്ന പ്രത്യേക രജിസ്ട്രഷൻ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്.ഇത് ഇന്നും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ന് ജപമാലയെ തുടർന്ന് വിശുദ്ധ കുർബാന രാവിലെ 10 മണിക്കായിരിക്കും.