ഫുജൈറ: ജീവിതകാലം മുഴുവൻ പ്രവാസി സമൂഹത്തെ യാത്ര കൂലിയുട പേരിൽ ചൂഷണം ചെയ്യുകയും അവരുടെ അദ്ധ്വാന ഫലം ഊറ്റിയെടുക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ദശീയ വിമാന കമ്പനി ആയ എയർ ഇന്ത്യ പ്രവാസി മരണപെട്ടാലും ആ ചൂഷണം കൂടുതൽ ശക്തിയായി തുടരുന്നത് ക്രൂരവും അപലനീയവുമാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

നാടൻ ഭാഷയിൽ പറഞ്ഞാൽ ശവത്തിൽ കുത്തുകയാണ് അവർ ചെയ്യുന്നത്. മറ്റു വിദേശ വിമാന കമ്പനികൾ ഇതിലും കുറഞ്ഞ ചെലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹകരിക്കുമ്പോൾ എയർ ഇന്ത്യ പ്രവാസി സമൂഹത്തോടു കാണിക്കുന്നതു കൊടും ക്രൂരതയാണ്. ഇതിനെതിരെ പ്രവാസി സമൂഹവും സംഘടനകളും ശക്തിയായി പ്രതികരിക്കണം.

സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി തീരുമാനം പിൻവലിപ്പിക്കണം. നവകേരള സൃഷ്ടിക്കായി പ്രവാസികളോട് ഒരു മാസത്തെ ശമ്പളം തന്നു സഹകരിക്കണമെന്നു ആവശ്യപ്പെടുമ്പോൾ ഇത്തരം ചില ഉത്തരവാദിത്വങ്ങൾ കൂടി നിർവഹിക്കാൻ ഭരണാധികാരികൾ തയ്യാറാവണം . കേന്ദ്ര സർക്കാർ തുടരുന്ന പ്രവാസി വിരുദ്ധസമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ തീരുമാനമെന്നും ഉടൻ പിൻവലിക്കണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു.