ലുധിയാന: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അമരിന്ദർ സിംഗിന് വിദേശത്ത് അനധികൃത സമ്പാദ്യമുണ്ടെന്ന സ്വിസ് ലീക്ക്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പിടികൂടാൻ ഇൻകംടാക്‌സ് ഡിപ്പാർട്ടുമെന്റ് ശ്രമം തുടങ്ങി. അതേസമയം തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ കെട്ടിച്ചമച്ചതാണെന്നും പഞ്ചാബിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും അമരീന്ദർ സിംഗും ആരോപിച്ചു.

സ്വിസ് ലീക്‌സ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അമരീന്ദറിനെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി തേടി നികുതി വകുപ്പ് ലുധിയാന കോടതിയെ സമീപിച്ചിരിക്കുകയാണ്. എച്ച്എസ്‌ബിസി ജനീവ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലാണ് അമരീന്ദറിന്റെ ഇടപാടുകളുടെ വിവരങ്ങളും ഉൾപ്പെടുന്നത്. പുറത്തുവന്ന 628 അക്കൗണ്ടുകളുടെ വിവരങ്ങളിൽ ഒന്ന് അമരീന്ദർ സിംഗിന്റെ ഭാര്യ പ്രനീത് കൗറിന്റെ പേരിലാണെന്ന വിവരമാണ് പുറത്തുവന്നത്. നിരവധി ട്രസ്റ്റുകളുടെയും കമ്പനികളുടെയും വിവരങ്ങളും ഇതോടൊപ്പം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു.

അതേസമയം ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ തെളിവൊന്നും കിട്ടാതായതോടെയാണ് അധികൃതർ തന്റെ പേരിൽ പുതിയ ആരോപണം കെട്ടിച്ചമയ്ക്കാൻ ഉദ്ദേശിച്ച് രാഷ്ട്രീയ പ്രേരിതമായി പ്രൊസിക്യൂഷന് അനുമതി തേടിയതെന്ന് അമരിന്ദർ ആരോപിച്ചു. അതേസമയം, നവംബർ 18ന് കോടതിയിൽ നൽകിയ പരാതിയിൽ ഇതുസംബന്ധിച്ച നിരവധി രേഖകൾ ഉള്ളതായാണ് സൂചനകൾ. ഫോറിൻ ടാക്‌സ് ആൻഡ് ടാക്‌സ് റിസർച്ച് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളിൽ ഫ്രാൻസിൽ നിന്നും ദുബായിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ നിന്നും ബ്രിട്ടീഷ് വർജിൻ ദ്വീപുകളിൽ നിന്നുമെല്ലാം ഉള്ള പണമിടപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.