- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുരാഗ് കശ്യപിനും തപ്സി പന്നുവിനും വികാസ് ബാലിനും എതിരെ ആദായനികുതി വകുപ്പ്; ഇവരുടെ താമസസ്ഥലത്തും ഓഫീസുകളിലും മിന്നൽ റെയ്ഡ്; പരിശോധന 20 ഓളം കേന്ദ്രങ്ങളിൽ
മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ താമസ സ്ഥലങ്ങളിലും പരിശോധനയുമായി ആദായനികുതി വകുപ്പ്. മുംബൈയിലെ ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. അനുരാഗ് കശ്യപിന്റെ നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയത്.റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
മുംബൈയിലും പൂണെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഇക്കൂട്ടത്തിൽ ഒരു ടാലന്റ് ഏജൻസി, അനുരാഗ് കാശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിർമ്മാതാവ് മധു മൺടേനയുടെ ഓഫീസ് എന്നിവ ഉൾപ്പെടും.ചലച്ചിത്ര നിർമ്മാതാവ് മധു മന്ദേന വർമ്മയുടെ ടാലന്റ് മാനേജ്മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതർ വൈകാതെ പരിശോധനകൾ നടത്തുമെന്നാണ് അറിവ്.
ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ അനുരാഗ് കശ്യപ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമർശിച്ചിട്ടുമുണ്ട്.
അതേസമയം കർഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമർശിച്ച് സച്ചിൻ ടെൻഡുൽക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികൾ രംഗത്തെത്തിയപ്പോൾ ബോളിവുഡിൽ നിന്ന് എതിരഭിപ്രായമുയർത്തിയ അപൂർവ്വം പേരിൽ ഒരാളായിരുന്നു തപ്സി പന്നു.
'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അദ്ധ്യാപകർ ആവുകയല്ല വേണ്ടത്', തപ്സി ട്വീറ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ