കോഴിക്കോട്: ടീം തായ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വമ്പൻ വെട്ടിപ്പ്. പ്രാഥമിക പരിശോധനയിൽത്തന്നെ 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നത്തിയതായി് കണ്ടെത്തിയതായാണ് സൂചന. കമ്പനി എംഡി പിസി താഹിറിന്റെ വീട്ടിൽ നിന്ന് പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള 10 ആഡംബര കാറുകളും കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഒന്നാം ഘട്ട പരിശോധന ബുധനാഴ്ച രാത്രിയാണ് അവസാനിച്ചത്. ഇതിലാണ് 100 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. രണ്ടാം ഘട്ട പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളം, തമിഴ്‌നാട്, ഹൈദരാബാദ്, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ടീം തായ്ഗ്രൂപ്പിന്റെ ഉന്നത ജീവനക്കാരുടെ വീടുകളിലും ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. 35 ഓളം സ്ഥലങ്ങളിൽ ഓരേ സമയം ആയിരുന്നു പരിശോധന. ഓഫീസുകൾ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ നിരവധി രേഖകൾ പിടിച്ചെടുത്തു.

ടീ്ം തായ് ഗ്രൂപ്പ് ഉടമ പിസി താഹിറിന്റെ വീട്ടുകളിൽ നിന്ന് പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള 10 ആഡംബര വാഹനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. റോൾസ് റോയ്സ്, പേർഷെ, ലംബോർഗിനി, ഫെരാരി, മിനി കൂപ്പർ തുടങ്ങിയ വാഹനങ്ങളാണ് പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ളത്. ആഡംബര വാഹനങ്ങളിൽ പജേറോ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. തായ് ഗ്രൂപ്പിന്റെ ട്രാൻസ്പോർട്ട് വിഭാഗമായ ആഖിൻ റോഡ് വെയ്സിന്റെ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിൽ മാമൂൽ എക്സ്പെൻസ് എന്ന പേരിലുള്ള ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ്, ആർടിഒ, സെയിൽസ് ടാക്സ് എന്നീ വിഭാഗങ്ങളിലെ ചില ഓഫീസർമാർക്ക് നൽകിയ പണത്തിന്റെ കണക്കുകളാണ് ഇതിലുള്ളത്. ചില രേഖകൾ പരിശോധിച്ചതിൽ നിന്ന് ചെലവുകൾ പെരുപ്പിച്ച് കാണിച്ചതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പരിശോധ പൂർത്തിയാവുമ്പോൾ നികുതി വെട്ടിപ്പിന്റെ കണക്കുകൾ ഇനിയും വൻതോതിൽ വർദ്ധിക്കുമെന്നാണ് സൂചന.

കേരളത്തിലെ ഒന്നാം നിര കോർപ്പറേറ്റ് കമ്പനികളിൽ ഒന്നാണ് ടീം തായ്്. നിരവധി മേഖലകളിൽ ഗ്രൂപ്പ് ബിസിനസ് നടത്തുന്നുണ്ട്. ലെക്സസ്, ഒലീവ, ഗ്ലാഡിസ് തുടങ്ങിയ സോപ്പുകളും ഡോക്ടർ വാഷ് അലക്കു സോപ്പ് എന്നിവയെല്ലാം തായ് ഗ്രൂപ്പിന്റെ ഉൽപ്പന്നങ്ങളാണ്. അച്ചാറുകൾ, മസാല പൊടികൾ തുടങ്ങിയവ തായ് ഫുട്സ് എന്ന പേരിൽ ഉണ്ട്. ആഖിൻ റോഡ് വെയ്സും ഒലീവ് ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ളതാണ്. ഈ കമ്പനിക്ക് കീഴിൽ 60ഓളം ലോറികൾ ഉണ്ട്. വയനാട്ടിലുള്ള ആയിഷാ പ്ലാന്റേഷനും തായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന് പുറമെ ടൈൽസ്, ഖനനം തുടങ്ങിയ മേഖലകളിലും ബിസിനസുകളും തായ് ഗ്രൂപ്പിനുണ്ട്.

ആദായ നികുതി അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ജെ ആൽബർട്ട്ിന്റെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ ടീം തായ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. അഡീഷണൽ ഡയറക്ടർ ഇയാസ് അഹമ്മദ്, ഡെപ്യൂട്ട് ഡയറക്ടർ ബെൻ മാത്യു വർക്കി, ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഓഫീസർ കെ കൃഷ്ണകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.