ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായ നികുതി ഇളവു നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി. ആദായനികുതി ഇളവ് ശരിവച്ച കോടതി ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി തള്ളി.

ബാങ്കുകളിൽ പഴയ 500, 1000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾക്കു മാത്രമാണ് ഇതു ബാധകമെന്നും വ്യക്തമാക്കിയിരുന്നു.

1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കിൽ ഇളവു ബാധകമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കണക്കിൽപെടാത്ത പണം ബാങ്കുകളിൽ സൂക്ഷിച്ചാൽ സാധാരണക്കാർക്ക് വൻ പിഴ ഈടാക്കുമ്പോഴാണ് രാഷട്രീയ പാർട്ടികളോടു മൃദുസമീപനമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു കോടതിയിൽ ഇളവു ചോദ്യം ചെയ്തു ഹർജി സമർപ്പിച്ചത്. ഇതു തള്ളുകയായിരുന്നു പരമോന്നത കോടതി.