- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്മശാനങ്ങൾ നിറഞ്ഞ് കവിഞ്ഞ് ഡൽഹി; മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും; രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാനനഗരം
ന്യൂഡൽഹി : ഡൽഹിയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയതെങ്കിൽ ഇപ്പോൾ ഡൽഹിയിൽ ഉയരുന്ന മരണനിരക്കാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേർ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്.
ഡൽഹിയിൽ ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ് മരണത്തിന്റെ യഥാർത്ഥ കണക്കുകളെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 18ന് ശേഷമുള്ള ഒരാഴ്ച്ച തന്നെ 3,096 കോവിഡ് രോഗികളുടെ ശവസംസ്കാരം നടത്തിയെന്നാണു കണക്കുകൾ. എന്നാൽ ഇതേ കാലയളവിൽ ഡൽഹി സർക്കാർ പുറത്തുവിട്ട മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 1,938 മാത്രമാണ്. കണക്കാക്കപ്പെടാതെ പോയത് 1,158 കോവിഡ് മരണങ്ങളും. ആശുപത്രികളിൽനിന്നു നേരിട്ടു കൊണ്ടുവന്ന മൃതദേഹങ്ങൾ മാത്രമാണ് എംസിഡി കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും ഔദ്യോഗിക കണക്കുകളുമായി ഈ ഡേറ്റ പൊരുത്തപ്പെടാത്തത് എന്തെന്നു വ്യക്തമല്ല.
പുറമെ നഗര ശ്മശാനങ്ങളിൽ വീട്ടിലിരിക്കെ കോവിഡ് മൂലം മരിക്കുന്ന ആളുകളെയും സംസ്കരിക്കാനായി എത്തിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ കോവിഡ് മൂലം മരിച്ചവരെ കോവിഡ് കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽ വച്ചുള്ള മരണങ്ങളെ എംസിഡി കോവിഡ് മരണങ്ങളായി കണക്കാക്കുന്നില്ല. മരിച്ചയാൾ കോവിഡ് പ്രശ്നങ്ങൾ നേരിടുകയായിരുന്ന എന്നു കുടുംബം ശ്മശാനത്തിലെ ജീവനക്കാരോടു പറഞ്ഞാൽ, 'സംശയകരം' എന്ന പ്രത്യേക വിഭാഗത്തിലാണു രേഖപ്പെടുത്തുക. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുകയും ചെയ്യും. എന്നാൽ ഈ വിഷയത്തിൽ ഡൽഹി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അനുദിനം ആശുപത്രികളും ശ്മശാനങ്ങളും നിറയുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയിൽ. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തിൽ ദിനംപ്രതി 20 മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളിൽ ദഹിപ്പിക്കേണ്ടി വരുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഡൽഹി പൊലീസ് ഡൽഹി മുൻസിപ്പൽ കോർപറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ