- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ കിഷൻ; ഏറ്റെടുത്ത് രോഹിത്തും ശ്രേയസും; മുൻനിരയുടെ ബാറ്റിങ് മികവിൽ റൺമല തീർത്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 200 റൺസ് വിജയലക്ഷ്യം; സന്ദർശകർക്ക് മോശം തുടക്കം

ലഖ്‌നൗ: ഇഷാൻ കിഷൻ ബാറ്റിങ് മികവ് വീണ്ടെടുത്ത ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 200 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 56 പന്തിൽ 89 റൺസെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ശ്രേയസ് അയ്യർ 28 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമ - ഇഷാൻ കിഷൻ സഖ്യം ടീമിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 111 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. 32 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 44 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം 44 റൺസ് ചേർത്ത ശേഷമാണ് കിഷൻ പുറത്തായത്. തുടർന്നായിരുന്നു ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ഇന്നിങ്സ്.
ഓപ്പണിങ് വിക്കറ്റിൽ 11.5 ഓവറിൽ111 റൺസെടുത്ത ഇഷാൻ കിഷൻ-രോഹിത് ശർമ സഖ്യമാണ് ഇന്ത്യക്ക് വമ്പൻ സ്‌കോറിനുള്ള അടിത്തറയിട്ടത്. ആദ്യ രണ്ടോവറിൽ 11 റൺസ് മാത്രം പിറന്നപ്പോൾ കരുണരത്‌നെ എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ചാണ് കിഷൻ ടോപ് ഗിയറിലായത്. ലഹിരു കുമാര എറിഞ്ഞ നാലാം ഓവറിൽ സിക്‌സും ഫോറും പറത്തി കിഷൻ കത്തിക്കയറിയപ്പോൾ രോഹിത് സിംഗിളുകളെടുത്ത് കാഴ്ചക്കാരനായി നിന്നു. പവർ പ്ലേ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസെടുത്തപ്പോൾ അതിൽ 39 റൺസും ഇഷാന്റെ ബാറ്റിൽ നിന്നായിരുന്നു.
പവർ പ്ലേക്ക് പിന്നാലെ ജെഫ്രി വാൻഡർസേയുടെ പന്തിൽ ഇഷാൻ കിഷൻ നൽകിയ അനായാസ ക്യാച്ച് ലിയാങ്കെ നിലത്തിട്ടത് ലങ്കക്ക് തിരിച്ചടിയായി. കിഷൻ ഒന്ന് അടങ്ങിയപ്പോൾ രോഹിത് തകർത്തടിച്ച് സ്‌കോറുയർത്തി. വാൻഡെസേയെ സിക്‌സടിച്ച രോഹിത് ടോപ് ഗിയറിലായപ്പോൾ 30 പന്തിൽ കിഷൻ അർധസെഞ്ചുറിയിലെത്തി. പത്താം ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 98 റൺസിലെത്തിയിരുന്നു.
അർധസെഞ്ചുറിയിലേക്ക് കുതിച്ച രോഹിത്തിനെ ലഹിരു കുമാര മനോഹരമായൊരു സ്ലോ ബോളിൽ ക്ലീൻ ബൗൾഡാക്കുമ്പോൾ പന്ത്രണ്ടാം ഓവറിൽ ഇന്ത്യ 111 റൺസിലെത്തിയിരുന്നു. 32 പന്തിൽ 44 റൺസെടുത്താണ് രോഹിത് പുറത്തായത്
അവസാന ഓവറുകളിൽ തകർത്തടിച്ച കിഷൻ അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ പതിനേഴാം ഓവറിലെ അവസാന പന്തിൽ ഷനക വീഴ്‌ത്തി. 56 പന്തിൽ 89 റൺസെടുത്ത കിഷൻ പത്ത് ഫോറും മൂന്ന് സിക്‌സും പറത്തി. കിഷൻ പുറത്തായതിന് പിന്നാലെ സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ കത്തിക്കയറിയപ്പോൾ ഇന്ത്യ 199ൽ എത്തി. 25 പന്തിൽ അർധസെഞ്ചുറി തികച്ച അയ്യർ 28 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജഡേജ മൂന്ന് റണ്ണുമായി പുറത്താകാതെ നിന്നു. അവസാന നാലോവറിൽ കിഷനും ശ്രേയസ് അയ്യരും ജഡേജയും ചേർന്ന് 52 റൺസാണ് അടിച്ചുകൂട്ടിയത്. ലങ്കക്കായി കുമാരയും ഷനകയും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ അവസാന ടി20 കളിച്ച ടീമിൽ ആറ് മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ എത്തിയപ്പോൾ സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡ ടി20 ടീമിൽ അരങ്ങേറ്റം കുറിച്ചു. ബാറ്ററായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ.
കഴിഞ്ഞ മത്തരത്തിൽ അരങ്ങേറിയ ഓപ്പണർ റുതുരാജ് ഗെയ്ക്വാദിനെ കൈയിന് നേരിയ പരിക്കുള്ളതിനാൽ ഒഴിവാക്കിയപ്പോൾ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും സ്പിന്നർ യുസ്വേന്ദ്ര ചാഹലും പേസർ ഭുവനേശ്വർ കുമാറും ഇന്ത്യയുടെ അന്തിമ ഇലവനിൽ തിരിച്ചെത്തി.


