ദുബായ്: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യ കരകയറുന്നു. 5.4 ഓവറിൽ 31 റൺസിനിടെ നാല്  വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ 14 ഓവറിൽ 96 റൺസ് പിന്നിട്ടു. രോഹിത് ശർമ (0), കെ.എൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവരാണ് തുടക്കത്തിൽ പുറത്തായത്. 30 പന്തിൽ 39 റൺസ് എടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്.

ഓപ്പണർമാരായ രോഹിത് ശർമ്മ, കെ എൽ രാഹുൽ, നാലാം നമ്പറുകാരൻ സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ വീഴ്‌ത്തിയ ഷഹീൻ അഫ്രീദിയും ഹസൻ അലിയുമാണ് ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്.

2.1 ഓവറിനിടെ ഓപ്പണർമാരായ രോഹിത് ശർമ്മയെയും(0) കെ എൽ രാഹുലിനേയും(3) ഇൻ-സ്വിങ്ങറുകളിൽ പുറത്താക്കി പേസർ ഷഹീൻ അഫ്രീദി തുടക്കത്തിലെ ഇന്ത്യക്ക് ഇരട്ട പ്രഹരം നൽകി. ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ എൽബിയിൽ പുറത്താവുകയായിരുന്നു. മൂന്നാം ഓവറിൽ വീണ്ടും പന്തെടുത്തപ്പോൾ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ ഒന്നാന്തരമൊരു ഇൻ-സ്വിങ്ങറിൽ അഫ്രീദി കുറ്റി പിഴുതു.

അവിടംകൊണ്ടും അവസാനിച്ചില്ല. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ഹസൻ അലി നാലാം പന്തിൽ സൂര്യകുമാറിനെ(11) വിക്കറ്റിന് പിന്നിൽ റിസ്വാന്റെ കൈകളിലെത്തിച്ചു. ഇതോടെ പവർപ്ലേ പൂർത്തിയാകുമ്പോൾ 36-3 എന്ന നിലയിലാണ് ഇന്ത്യ.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ പാക് നായകൻ ബാബർ അസം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്റെ ആശങ്കയിലായിരുന്ന സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്പിന്നർ. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോൾ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വർ കുമാർ മൂന്നാം പേസറായെത്തി. ബാറ്റിംഗിൽ ഇഷാൻ കിഷനെ മറികടന്ന് സൂര്യകുമാർ യാദവും സ്ഥാനം കണ്ടെത്തി.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി(ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

പാക്കിസ്ഥാൻ ടീം: ബാബർ അസം(ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ(വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസൻ അലി, ഹാരിഫ് റൗഫ്, ഷഹീൻ അഫ്രീദി.

ലോകകപ്പിൽ കണ്ടപ്പോഴൊക്കെ പാക്കിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോൾ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ടി20 ലോകകപ്പിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി.

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 73 കളിയിൽ ജയിച്ചപ്പോൾ 37ൽ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികൾ. ഇന്ത്യയുടെ വിജയശതമാനം 63.5. പാക്കിസ്ഥാൻ ഇതുവരെ 129 ട്വന്റി 20യിൽ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോൾ 45 കളിയിൽ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയിൽ. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോൾ പാക്കിസ്ഥാൻ ഓരോ ജയവും തോൽവിയും രുചിച്ചു.