ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി മഴ പെയ്തതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ 28 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-2 മാർജിനിൽ സമനിലയിലായി. ഇരു ടീമുകളും ട്രോഫി പങ്കിട്ടു.

ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കുകയും ചെയ്തു. ഫൈനലിന് സമാനമായ അഞ്ചാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഓവറിൽ കേശവ് മഹാരാജിനെ തുടർച്ചയായി രണ്ട് സിക്‌സറിന് പറത്തിയാണ് ഇഷാൻ കിഷൻ തുടങ്ങിയത്.

എന്നാൽ രണ്ടാം ഓവറിൽ എൻഗിഡി സ്ലോ ബോളിൽ ഇഷാനെ(7 പന്തിൽ 15) ബൗൾഡാക്കി. നാലാം ഓവറിൽ പന്തെടുത്തപ്പോൾ റുതുരാജ് ഗെയ്ക്വാദിനെയും(12 പന്തിൽ 10) എൻഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറിൽ 28-2 എന്ന നിലയിലുള്ളപ്പോഴാണ് വീണ്ടും മഴയെത്തിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങൾ പ്രോട്ടീസിന്റെ പ്ലേയിങ് ഇലവനിലുണ്ടായിരുന്നു. സ്ഥിരം നായകൻ തെംബാ ബാവുമ ഇന്ന് കളിച്ചില്ല. തബ്രൈസ് ഷംസി, മാർക്കോ യാൻസൻ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ട്രിസ്റ്റൺ സ്റ്റബ്‌സ്, റീസാ ഹെൻഡ്രിക്‌സ്, കാഗിസോ റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തിയപ്പോൾ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടായിരുന്നില്ല.

ആദ്യ രണ്ടു മത്സരങ്ങൾ കനത്ത മാർജിനിൽ വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടുള്ള രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടി നൽകിയിരുന്നു. ഇതോടെ അഞ്ചാം മത്സരത്തിന് ആവേശമേറി. എന്നാൽ പല ദിവസങ്ങളായി ആവർത്തിച്ചു പെയ്തിരുന്ന മഴ ബെംഗളൂരു നഗരത്തിൽ തുടർന്നതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ജൂൺ 26ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി 20 പരമ്പര.