- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊഹാലിയിൽ രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം; ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി; അശ്വന് രണ്ട് വിക്കറ്റ്; ആതിഥേയർക്ക് കരുത്തായത് ജഡേജയുടെ തകർപ്പൻ സെഞ്ചുറി; മൂന്നാം ദിനം സ്പിന്നർമാർ വിധി നിർണയിക്കും

മൊഹാലി: മൊഹാലി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 574 റൺസ് പിന്തുടരുന്ന ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ശ്രീലങ്ക നാലുവിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. 26 റൺസുമായി പത്തും നിസംഗയും ഒരു റണ്ണെടുത്ത് ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്. ദിമുത് കരുണരത്നെ, ലാഹിരു തിരിമന്നെ, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ആർ അശ്വിൻ രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ, ജഡേജ പുറത്താവാതെ നേടിയ 175 റൺസാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്റെ 96 റൺസ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു. ആർ അശ്വിൻ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുൽഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി 8000 റൺസെന്ന നാഴികക്കല്ലും മറികടന്നു.
ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോറിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി നായകൻ ദിമുത് കരുണരത്നെയും ലാഹിരു തിരിമന്നെയും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 48 റൺസ് കണ്ടെത്തി. എന്നാൽ സ്പിന്നർമാർ വരാൻ തുടങ്ങിയതോടെ ഇരുവരുടെയും താളം തെറ്റി.
തിരിമന്നെയെയാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 17 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ കരുണരത്നെയും പുറത്തായി. സെഞ്ചുറി നേടി തിളങ്ങിയ ജഡേജ തന്റെ ആദ്യ ഓവറിൽ തന്നെ കരുണരത്നെയെ മടക്കി. 28 റൺസെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി.
ഓപ്പണർമാരെ നഷ്ടമായതോടെ ശ്രീലങ്കയ്ക്ക് വേണ്ടി ഏയ്ഞ്ജലോ മാത്യൂസും പത്തും നിസംഗയും ക്രീസിലൊന്നിച്ചു. ഇരുവരും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. എന്നാൽ സ്‌കോർ 93-ൽ നിൽക്കേ ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 22 റൺസെടുത്ത വെറ്ററൻ താരം മാത്യൂസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ശ്രീലങ്കയുടെ മൂന്നാം വിക്കറ്റെടുത്തു.
പിന്നാലെ വന്ന ധനഞ്ജയ ഡി സിൽവയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റണ്ണെടുത്ത സിൽവയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് ക്രീസിലൊന്നിച്ച ചരിത് അസലങ്കയും നിസംഗയും ചേർന്ന് വലിയ അപകടമില്ലാതെ രണ്ടാം ദിനം മത്സരം അവസാനിപ്പിച്ചു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ എട്ട് വിക്കറ്റിന് 574 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജ 228 പന്തുകളിൽ നിന്ന് 17 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 175 റൺസെടുത്ത് പുറത്താവാതെ നിന്നു.
മൊഹിലിയിൽ ജഡേജയുടെ ദിവസമായിരുന്നു ഇന്ന്. 228 പന്തുകളിൽ നിന്നാണ് താരം ഇത്രയും റൺസെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്സും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനുള്ള സമർപ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലിൽ വോൺ നയിച്ച രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്നു ജഡേജ.
അശ്വിനൊപ്പം 130 റൺസിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയർത്തിയത്. അശ്വിൻ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റൺസെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു അശ്വിൻ. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റൺസുമായി മടങ്ങി. എന്നാൽ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യൻ സ്‌കോർ 550 കടത്തി.
ആറുവിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് രവീന്ദ്ര ജഡേജയും അശ്വിനും നൽകിയത്. ശ്രീലങ്കൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ഇന്ത്യൻ സ്‌കോർ ഉയർത്തി. ഏഴാം വിക്കറ്റിൽ അശ്വിനും ജഡേജയും 130 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ ടീം സ്‌കോർ 462-ൽ നിൽക്കേ അശ്വിൻ പുറത്തായി. 61 റൺസെടുത്ത അശ്വിനെ സുരംഗ ലക്മൽ നിറോഷൻ ഡിക്ക്വെല്ലയുടെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ജയന്ത് യാദവിനും പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസെടുത്ത യാദവിനെ വിശ്വ ഫെർണാണ്ടോ ലാഹിരു തിരിമന്നെയുടെ കൈയിലെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ച ജഡേജ തകർത്തടിച്ചു. താരം സെഞ്ചുറിയും 150 റൺസും തികച്ചു. ജഡേജയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്‌കോറും രണ്ടാം സെഞ്ചുറിയുമാണിത്.
ഷമിയെ കൂട്ടുപിടിച്ച് ഒൻപതാം വിക്കറ്റിൽ ജഡേജ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഒൻപതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഇരുവരും 103 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യൻ സ്‌കോർ 574-ൽ എത്തിച്ചു. വൈകാതെ നായകൻ രോഹിത് ശർമ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 25 റൺസ് മാത്രമകലെ ജഡേജയ്ക്ക് ഇരട്ടസെഞ്ചുറി നഷ്ടമായി. ഷമി പുറത്താവാതെ 20 റൺസെടുത്തു
ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മൽ, വിശ്വ ഫെർണാണ്ടോ, ലസിത് എംബുൽദെനിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ലാഹിരു കുമാര, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.


