ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 447 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 303 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ശ്രേയസ് അയ്യർ (67), റിഷഭ് പന്ത് (50), രോഹിത് ശർമ (46) എന്നിവരാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയത്. പ്രവീൺ ജയവിക്രമ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്‌ത്തി. ലസിത് എംബുൽഡെനിയക്ക് മൂന്ന് വിക്കറ്റുണ്ട്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ലങ്ക ഇന്ന് സ്റ്റംപെടുക്കുമ്പോൾ ഒന്നിന് 28 എന്ന നിലയിലാണ്. ദിമുത് കരുണാരത്നെ (10), കുശാൽ മെൻഡിസ് (16) എന്നിവരാണ് ക്രീസിൽ. ലാഹിരു തിരിമാനെ (0)യാണ് മടങ്ങിയത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമി, ആർ അശ്വിൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ശ്രീലങ്കയെ പുറത്താക്കി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കും മോശം തുടക്കമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും മായങ്ക് അഗർവാൾ (22) നിരാശപ്പെടുത്തി. സ്‌കോർ ബോർഡിൽ 42 റൺസ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികൾ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാൽ എംബുൽഡെനിയയുടെ പന്തിൽ പന്തിൽ ധനഞ്ജയ ഡിസിൽവയ്ക്ക് ക്യാച്ച് നൽകി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തിൽ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്. രോഹിത് - വിഹാരി സഖ്യം 56 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനിൽക്കാനായില്ല. 35 റൺസ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗൾഡാക്കി. കോലി (13) ജയവിക്രമയുടെ തന്നെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

ട്വന്റി 20 ശൈലിയിൽ ബാറ്റ് വീശിയ റിഷഭ് പന്താണ് ഇന്ത്യയുടെ സ്‌കോറിംഗിന് ഉണർവ് നൽകിയത്. രണ്ട് സിക്സും ഏഴ് ഫോറും നേടിയ താരം ജയവിക്രമയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി. രവീന്ദ്ര ജഡേജ (22) വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ ശ്രേയസിന്റെ ബാറ്റിങ് ഇന്ത്യയെ 300 കടത്താൻ സഹായിച്ചു. താരം ഒമ്പത് ബൗണ്ടറി നേടി. ആർ അശ്വിൻ (13), അക്സർ പട്ടേൽ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ലാഹിരു തിരുമാനെയാണ് (0) മടങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ഒരു റൺ മാത്രമാണ് സ്‌കോർബോർഡിലുള്ളത്. ദിമുത് കരുണാരത്‌നെ (0), കുശാൽ മെൻഡിസ് (0) എന്നിവരാണ് ക്രീസിൽ.

രണ്ടാംദിനം എട്ടിന് 66 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകൾ 23 റൺസിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കൻ ബാറ്റർമാർ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. 10 ഓവറിൽ നാല് മെയ്ഡനടക്കം വെറും 24 റൺസ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ പിഴുതത്. ഒന്നാം ഇന്നിങ്‌സിൽ ആകെ 35.5 ഓവർ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 252ന് പുറത്തായിരുന്നു.

രോഹിത് ശർമയും വിരാട് കോലിയും അടക്കമുള്ള മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ അർധ സെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ശ്രേയസ് 98 പന്തിൽ 92 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തിൽ 39 റൺസെടുത്ത റിഷഭ് പന്തും 31 റൺസെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുൽഡെനിയയും പ്രവൺ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ധനഞ്ജയ ഡിസിൽവ രണ്ട് വിക്കറ്റെടുത്തു.

ഇതിനിടെ പന്ത് ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡും സ്വന്തം പേരിലാക്കി. ഏറ്റവും കുറവ് പന്തുകൾ നേരിട്ട് അർധ സെഞ്ചുറി പൂർത്തിയാക്കുന്ന ഇന്ത്യൻ താരമാണിപ്പോൾ പന്ത്. ഇതിഹാസതാരം കപിൽ ദേവിനെയാണ്  പന്ത് പിന്നിലാക്കിയത്. 1982ൽ പാക്കിസ്ഥാനെതിര കറാച്ചിയിൽ കപിൽ 30 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. പന്ത് ഇന്ന് 28 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടത്തിൽ 31 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഷാർദുൽ ഠാക്കൂറാണ് മൂന്നാം സ്ഥാനത്ത്. ഓവലിലായിരുന്നു ഠാക്കൂറിന്റെ ഇന്നിങ്സ്. 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 32 പന്തിൽ 50 തികച്ച വിരേന്ദർ സെവാഗ് നാലാമതാണ്.