- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുത്തറിയിച്ച് പേസർമാർ; ഓൾറൗണ്ട് മികവുമായി വെങ്കടേഷും; മൂന്നാം മത്സരത്തിൽ വിൻഡീസിനെ ഇന്ത്യ കീഴടക്കിയത് 17 റൺസിന്; ഏകദിനത്തിന് പിന്നാലെ ട്വന്റി 20 പരമ്പരയും തൂത്തുവാരി രോഹിതും സംഘവും

കൊൽക്കത്ത: ഏകദിന പരമ്പരയ്ക്കു പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും തൂത്തുവാരി രോഹിത് ശർമ്മയും സംഘവും. ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 17 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോർ ഇന്ത്യ 20 ഓവറിൽ 184-5, വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 167-9.
നേരത്തെ ഏകദിന പരമ്പരയിലും ഇന്ത്യ സമ്പൂർണ ജയം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏകദിനങ്ങളിലും ട്വന്റി 20യിലും സമ്പൂർണ ജയം നേടാൻ രോഹിത് ശർമക്ക് കഴിഞ്ഞു.
പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ (47 പന്തിൽ 7 ഫോറും ഒരു സിക്‌സും അടക്കം 61), റൊമാരിയോ ഷെപ്പേഡ് (21 പന്തിൽ ഒരു ഫോറും 3 സിക്‌സും അടക്കം 29), റോവ്മാൻ പവൽ (14 പന്തിൽ 2 വീതം ഫോറും സിക്‌സും അടക്കം 25) എന്നിവരുടെ ഇന്നിങ്‌സുകൾ വിൻഡീസിനെ വിജയത്തിലെത്തിക്കാൻ പ്രാപ്തമായിരുന്നില്ല. 4 ഓവറിൽ 22 റൺസിനു 3 വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേലാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ദീപക് ചാഹർ, ശാർദൂൽ ഠാക്കൂർ, വെങ്കിടേഷ് അയ്യർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. 4 ഓവറിൽ 42 റൺസ് വഴങ്ങുകയും ഒരു വിക്കറ്റ് പോലും ലഭിക്കാതിരിക്കുകയും ചെയ്ത ആവേശ് ഖാന് അരങ്ങേറ്റ മത്സരം നിരാശയുടേതായി.
നിക്കോളാസ് പുരനാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 47 പന്തുകൾ നേരിട്ട താരം ഒരു സിക്സും എട്ട് ഫോറുമടക്കം 61 റൺസെടുത്തു. പുരനെ 18-ാം ഓവറിൽ ശാർദുൽ താക്കൂറിന്റെ പന്തിൽ ഇഷാൻ കിഷൻ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മിൽസിനെ (6) നഷ്ടമായി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. പിന്നാലെ മൂന്നാം ഓവറിൽ ഷായ് ഹോപ്പിനെയും (8) ചാഹർ മടക്കി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയ നിക്കോളാസ് പുരൻ - റോവ്മാൻ പവൽ സഖ്യമാണ് പിന്നീട് ക്രീസിൽ ഒന്നിച്ചത്. ഇരുവരും അതിവേഗം 47 റൺസ് വിൻഡീസ് സ്‌കോർബോർഡിലെത്തിച്ചു. 14 പന്തിൽ നിന്ന് 25 റൺസെടുത്ത പവലിനെ മടക്കി ഹർഷൽ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക് ത്രൂ സമ്മാനിച്ചത്.
തുടർന്ന് ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് (5), ജേസൺ ഹോൾഡർ (2) എന്നിവരെ മടക്കി വെങ്കടേഷ് അയ്യർ വിൻഡീസിനെ പ്രതിരോധത്തിലാക്കി. റോസ്റ്റൻ ചേസിനും (12) കാര്യമായ സംഭാവന നൽകാനായില്ല.
ഏഴാം വിക്കറ്റിൽ ഒന്നിച്ച പുരൻ - റൊമാരിയോ ഷെപ്പേർഡ് സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് തോന്നലുണർത്തിയിരുന്നു. 48 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 18-ാം ഓവറിൽ ഷാർദുൽ താക്കൂർ പൊളിച്ചു. 21 പന്തുകൾ നേരിട്ട ഷെപ്പേർഡ് 3 സിക്സും 1 ഫോറുമടക്കം 29 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് - വെങ്കടേഷ് അയ്യർ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
31 പന്തിൽ നിന്ന് ഏഴ് സിക്‌സും ഒരു ഫോറുമടക്കം 65 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ട്വന്റി 20-യിൽ താരത്തിന്റെ നാലാം അർധ സെഞ്ചുറിയാണിത്. വെങ്കടേഷ് അയ്യർ വെറും 19 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 35 റൺസോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ നിന്ന് 91 റൺസാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്.
ഇഷാൻ കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ (4) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷൻ - ശ്രേയസ് അയ്യർ സഖ്യം 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ എട്ടു പന്തുകൾക്കിടെ ഇരുവരും പുറത്തായത് ഇന്ത്യയുടെ റൺറേറ്റിനെ ബാധിച്ചു.
16 പന്തിൽ നിന്ന് നാല് ഫോറടക്കം 25 റൺസെടുത്ത ശ്രേയസിനെ മടക്കി ഹെയ്ഡൻ വാൽഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 31 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 34 റൺസെടുത്ത കിഷനെ റോസ്റ്റൻ ചേസും പുറത്താക്കി.
നാലാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കാര്യമായ സംഭാവന നൽകാനായില്ല. 15 പന്തിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - വെങ്കടേഷ് അയ്യർ സഖ്യം അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ ഇന്ത്യൻ സ്‌കോർ 184-ൽ എത്തിക്കുകയായിരുന്നു.
13.5 ഓവറിൽ രോഹിത് ശർമ പുറത്താകുമ്പോൾ 93 - 4 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. പിന്നീട് 5ാം വിക്കറ്റിൽ സൂര്യകുമാർ വെങ്കിടേഷ് അയ്യർ സഖ്യം അതിവേഗം ചേർത്ത 91 റൺസാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യൻ ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് സൂര്യകുമാർ പുറത്തായത്.
വിൻഡീസിനായി ജെയ്‌സൻ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ്, റോസ്ടൻ ചേസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ, ഡൊമിനിക് ഡ്രേക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ വിരാട് കോലി, ഋഷഭ് പന്ത്, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് പകരം ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, ആവേശ് ഖാൻ എന്നിവർ ഇടംനേടി.


