അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അഹമ്മബാദിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് വിൻഡീസിനെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 43.5 ഓവറിൽ 176ന് പുറത്തായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്് സ്‌കോറർ. നാല് വിക്കറ്റ് പ്രകടനവുമായി ഇന്ത്യൻ വിജയത്തിൽ നിർണായകമായ യൂസ്വേന്ദ്ര ചാഹലാണ് കളിയിലെ താരം.

രാജ്യാന്തര ക്രിക്കറ്റിലെ 1000ാമത്തെ മത്സരത്തിന് വിജയത്തിളക്കം സമ്മാനിച്ചത് ഇന്ത്യൻ സ്പിന്നർമാരുടെ മികവാണ്. വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കാനായാതാണ് അനായസ ജയത്തിന് വഴിയൊരുക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചതോടെ 28 ഓവറും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. രോഹിത് 51 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 60 റൺസെടുത്ത് പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഇഷാൻ കിഷനൊപ്പം രോഹിത് നൽകിയ ഉജ്വല തുടക്കവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇരുവരും ചേർന്ന് 13.1 ഓവറിലാണ് 84 റൺസ് കൂട്ടിച്ചേർത്തത്. ഇഷാൻ കിഷൻ 36 പന്തിൽ 28 റൺസെടുത്ത് പുറത്തായി.

വിരാട് കോലി (നാലു പന്തിൽ എട്ട്), ഋഷഭ് പന്ത് (ഒൻപതു പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവ് (36 പന്തിൽ 34*), അരങ്ങേറ്റ മത്സരം കളിച്ച ദീപക് ഹൂഡ (32 പന്തിൽ 26*) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളിൽ രണ്ടെണ്ണം അൽസാരി ജോസഫ് സ്വന്തമാക്കി. ഒരു വിക്കറ്റ് അകീൽ ഹുസൈന് ലഭിച്ചു. ഋഷഭ് പന്ത് റണ്ണൗട്ടാവുകയായിരുന്നു.

ക്യാപ്റ്റൻസി ഭാരമില്ലാതെയെത്തിയ കോലി ഒരിക്കൽകൂടി നിരാശപ്പെടുത്തി. 8 റൺസ് മാത്രമെടുത്ത കോലിയെ അൽസാറി തന്നെയാണ് മടക്കിയത്. കിഷനും (28) റിഷഭ് പന്തും (11) അടുത്തടുത്ത ഓവറുകളിൽ വിക്കറ്റ് കളഞ്ഞു. കിഷനെ അകെയ്ൽ ഹൊസൈൻ മടക്കിയപ്പോൾ പന്ത് റണ്ണൗട്ടാവുകയായിരുന്നു. കൂടുതൽ വിക്കറ്റുകൾ കളയാതെ സൂര്യകുമാർ യാദവും (34), ദീപക് ഹൂഡയും (26) വിജയം പൂർത്തിയാക്കി.

നേരത്തെ ജേസൺ ഹോൾഡർമാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനാണ് വിൻഡീസിനെ തകർത്തത്. വാഷിങ്ടൺ സുന്ദർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുത്തു. മൂന്നാം ഓവറിൽ തന്നെ വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റൺസെടുത്ത ഷായ് ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ വിൻഡീസിന്റെ തകർച്ചയും തുടങ്ങി. രണ്ടാം വിക്കറ്റിൽ ബ്രാണ്ടൻ കിംഗും(13), ഡാരൻ ബ്രാവോയും(18) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ബ്രാണ്ടൻ കിംഗിനെയും ഡാരൻ ബ്രാവോയെയും മടക്കി വാഷിങ്ടൺ സുന്ദർ വിൻഡീസ് പ്രതിരോധം തകർത്തു. സുന്ദർ വെട്ടിയവഴിയിലൂടെ വിൻഡീസിന്റെ നടുവൊടിച്ചത് യുസ്വേന്ദ്ര ചാഹലായിരുന്നു. ഷമ്രാ ബ്രൂക്സിനെ(12) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ചാഹൽ നിക്കോളാസ് പുരാനെ(18) വിക്കറ്റിന് മുന്നിൽ കുടുക്കി.

ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ നേരിട്ട ആദ്യ പന്തിൽ മടക്കിയ ചാഹൽ നടുവൊടിച്ചതോടെ 79-7ലേക്ക് വിൻഡീസ് കൂപ്പുകുത്തി. എന്നാൽ എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജേസൺ ഹോൾഡറും ഫാബിയൻ അലനും ചേർന്ന് 78 റൺസ് കൂട്ടുകെട്ടുയർത്തി വിൻഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 58 പന്തിൽ ഹോൾഡർ അർധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ഫാബിയൻ അലനെ(29) സ്വന്തം ബൗളിംഗിൽ പിടികൂടി സുന്ദർ വിൻഡീസിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. വിൻഡീസിന്റെ അവസാന പ്രതീക്ഷയായ ഹോൾഡറെ(57) പ്രസിദ്ധ് കൃഷ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ അവരുടെ അവസാന പ്രതിരോധവും തകർന്നു.