മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (Mysore Paints and Varnish Limited ) എന്ന കമ്പനിയെ കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാവില്ല. പക്ഷെ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തു കഴിഞ്ഞാൽ ഇടത് കൈയുടെ ചൂണ്ടു വിരൽ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ നമ്മിൽ പലരും ഇപ്പോൾ മത്സരമാണ്. ഒരിക്കൽ വിരലിൽ പുരട്ടിയാൽ ആഴ്ചകളോളം മായാതെ നമ്മുടെ ജനാധിപത്യത്തിന്റെ കാവൽക്കാരായ ഓരോ ഇന്ത്യൻ പൗരന്റെയും ആത്മാഭിമാനം ഉള്ളിൽ കൊണ്ട് നടക്കാൻ പ്രേരിപ്പിക്കുന്ന സ്ഥായിയായ അടയാളം.

ആ മഷിയിൽ അടങ്ങിയിരിക്കുന്ന രാസസൂത്രം എന്താണെന്നോ, അത് എവിടെയാണ് ഉണ്ടക്കുന്നതെന്നോ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അന്വേഷണത്തിന് ഒടുവിലാണ് പ്രശസ്തമായ ദക്ഷിണേന്ത്യൻ നഗരമായ മൈസൂരിൽ എത്തിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം പോലും കിട്ടുന്നതിന് മുൻപ് ചരിത്രമുറങ്ങുന്ന ആ നഗരത്തിൽ സ്ഥാപിച്ച ഒരു സ്ഥാപനത്തിൽ എത്തിപ്പെടുന്നത്.

നൽവാടി കൃഷ്ണരാജ വോഡയാർ എന്ന മൈസൂർ രാജാവ് തന്റെ നാട്ടു രാജ്യത്തിനാവശ്യമായ പെയിന്റ്, വാർണിഷ് തുടങ്ങിയ ഉണ്ടാക്കാൻ വേണ്ടി 1937 ൽ സ്ഥാപിച്ച മൈസുർ ലാക്ക് ആൻഡ് പെയിന്റ്‌സ് വർക്‌സ് ലിമിറ്റഡ് (Mysore Lac & Paint Works Ltd) എന്ന ഫാക്ടറി 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശസാത്ക്കരിച്ചു. 1989 ലാണ് കമ്പനിയുടെ പേര് മൈസുർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്നാക്കുന്നത്.

ഇന്ത്യയിൽ 1962 ൽ ലോക്‌സഭയിലേക്ക് നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, മൈസുർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെ പെട്ടന്നൊന്നും മായ്ക്കാൻ പറ്റാത്ത, മങ്ങാത്ത തരത്തിലുള്ള മഷി നിർമ്മിക്കാനുള്ള ചുമതല ഏൽപ്പിച്ചു.

നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ ശാസ്ത്രിയമായി വികസിപ്പിച്ചെടുത്ത രാസസൂത്രം, വളരെ സൂക്ഷമതയോടെ അതീവ സുരക്ഷിതമായി മൈസുർ പെയിന്റ്‌സ് ഫാക്ടറിയിൽ നിർമ്മിക്കുന്നു. സാധാരണ ഗതിയിൽ നാം നമ്മുടെ ശരീരത്തിൽ ( തൊലിയിൽ ) എന്തെങ്കിലും നിറങ്ങൾ പറ്റിയാൽ അത് മായിച്ചു കളയാൻ ഉപയോഗിക്കുന്ന ഒരു സാധനം കൊണ്ടും ഈ മഷി മായില്ല. അതു കൊണ്ടു തന്നെ കള്ള വോട്ടുകൾ അടക്കമുള്ളവ തടയാൻ എളുപ്പം സാധിക്കുന്നു. (എന്നാൽ കേരളീയർ ആണ് ആദ്യമായി ഈ മഷിയും മായിച്ചു കളഞ്ഞ് കള്ള വോട്ടിനു വരെ തയ്യാറാവുന്ന മിടുക്കർ എന്ന് രാജ്യത്തിന്റെ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ തന്നെ മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. )

ഒരിക്കൽ പുരട്ടിയാൽ ചുരുങ്ങിയത് 20 ദിവസം വരെ ഈ മഷി നമ്മുടെ ചൂണ്ടു വിരലിൽ മായാതെ മായാതെ നിലനിൽക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദ്ദേശിക്കുമ്പോൾ മാത്രമേ ഇവിടെ ഈ മഷി നിർമ്മിക്കുകയുള്ളൂ. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ അതാത് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് കൈമാറും. അവിടെ നിന്നും ജില്ലാകളക്ടർമാർക്കും, പിന്നെ താഴെ തട്ടിലെക്കുള്ള വിതരണ കേന്ദ്രങ്ങളിലേക്കും.

5 മില്ലി ലിറ്റർ ദ്രാവകം അടങ്ങിയ ചെറിയ കുപ്പികളിൽ ആണ് സാധാരണയായി ഈ മഷി വിപണിയിൽ എത്തിക്കുന്നത്. 5 മില്ലി ലിറ്റർ കൊണ്ട് ഏകദേശം 300 പേരുടെ കയ്യിൽ അടയലപ്പെടുത്താൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇപ്പോൾ അന്തർദേശിയ വിപണി കണക്കാക്കി 7,5, 20, 50,80 മില്ലി ലിറ്റർ എന്നിങ്ങനെ കുപ്പികളിലാക്കി നിർമ്മിക്കുന്നുണ്ട്.

കഴിഞ്ഞ 54 വർഷങ്ങൾ കൊണ്ട് ഇത് വരെ ഏകദേശം 400 കോടി ആളുകളുടെ കൈ വിരലുകളിൽ ഈ മഷി പുരണ്ടിരിക്കും എന്നാണ് കണക്ക്. ആദ്യകാലങ്ങളിൽ നമ്മുടെ രാജ്യത്തെ ലോകസഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ മഷി ഇപ്പോൾ തായ്ലാൻഡ്, സിങ്കപ്പൂർ, നൈജീരിയ, കമ്പോഡിയ, മലേഷ്യ, ദക്ഷിണ ആഫ്രിക്ക, ടർക്കി, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നു.

കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന അഫ്ഗാനിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ, ഈ മഷി കൊണ്ട് ഇവിടെ പ്രത്യേകമായി നിർമ്മിച്ച മാർക്കർ പെൻ ഉപയോഗിക്കുകയുണ്ടായി.

മൈസുർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന മറ്റൊരു വിശേഷപ്പെട്ട സാധനമാണ് നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ റെയിൽവേ എന്നിവ പാർസലുകൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന കടും ചുവപ്പ് നിറത്തിലുള അരക്ക്. ഇതിന്റെ വേറൊരു വകഭേദമാണ് ബാലറ്റ് പെട്ടികൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ചുവന്ന നിറത്തിലുള്ള അരക്ക്.

കർണാടക സർക്കാരിന്റെ കീഴിലുള്ള പ്രമുഖ പൊതു മേഖല സ്ഥാപനമാണ് ഇന്ന് മൈസുർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ്. തിരഞ്ഞെടുപ്പും, അതുമായി ബന്ധപ്പെട്ടവയിലൂടെയുമാണ് കമ്പനിയുടെ നിലനിൽപ്പ് എങ്കിലും കഴിഞ്ഞ വർഷം കമ്പനി നേടിയത് 250 കോടി രൂപയിൽ അധികമാണ്. മൈസൂർ നഗരത്തിൽ ഏഴ് ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ 4.5 ഏക്കറും കെട്ടിടങ്ങളാൽ നിബിഡമാണ് .

തിരഞ്ഞെടുപ്പിനുള്ള മഷി കൂടാതെ മറ്റ് പെയിന്റ് ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട് ഇവിടെ നിർമ്മിക്കുന്ന പെയിന്റ് ആണ് ഇന്ത്യൻ ആർമി, നമ്മുടെ കെ എസ് ആർ ടി സി തുടങ്ങിയ സ്ഥാപനങ്ങൾ ഒക്കെ ഉപയോഗിക്കുന്നത്.

മൈസുർ രാജാവിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കാടുകളിൽ നിന്നും കിട്ടിയിരുന്ന അരക്ക് ഉപയോഗിച്ച് നാട്ടുകാർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഗഭാക്കായി ആധികമാരും അറിയപ്പെടാതെ നിലകൊള്ളുന്നു.

(ചിത്രങ്ങൾക്ക് കടപ്പാട്: ദി ഹിന്ദു )