അബുദാബി:  കെഎംസിസിയുടെ ആഭിമുഖ്യത്തിൽ 69-ാം ഇന്ത്യൻ സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അബുദാബി ഇന്ത്യൻ ഇസ്ളാമിക് സെന്ററിൽ ഓഗസ്റ്റ് പതിനഞ്ചിനു വൈകീട്ട് അഞ്ചുമുതൽ ചിത്ര രചനാ മത്സരത്തോടെയാണ് ആഘോഷമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

രാജ്യനന്മയ്ക്ക് അനിവാര്യമായ മാദ്ധ്യമ പക്ഷം എന്ന വിഷയത്തെ ആസ്പദമാക്കി രാത്രി എട്ടിന് സെമിനാർ നടക്കും. കെഎൻഎ കാദർ എംഎൽഎ മോഡറേറ്ററായിരിക്കും. ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ജോൺ ബ്രിട്ടാസ് (കൈരളി ‍), ഒ. അബ്ദുല്ല (ദർശന ടിവി) തുടങ്ങിയവർ പങ്കെടുക്കും.

കെഎംസിസി കലാവിഭാഗം ഗായക സംഘം ദേശഭക്തിഗാനാലാപനം നടത്തും. ജമിനി ബിൽഡിംങ് മെറ്റീരിയൽസ് മാനേജിങ് ഡയറക്ടർ ഗണേശ് ബാബു സ്വാതന്ത്യ ദിനാഘോഷ ബ്രൗഷർ പ്രകാശം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് നസീർ ബി. മാട്ടൂൽ, ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, സെക്രട്ടറി അഷ്റഫ് പൊന്നാനി, വൈസ് പ്രസിഡന്റുമാരായ ആലിക്കോയ, വി.കെ. ഷാഫി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.