ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ന്യൂയോർക്കിലെ 64-ാം സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആഫീസ് ആഘോഷിച്ചു. 15-ന് രാവിലെ 8 മണിക്ക് കോൺസുൽ ജനറൽ സന്ദീപ് ചക്രവർത്തി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയും ദേശീയ ഗാനം ആലപിച്ചും സമുചിതമായി ആഘോഷിച്ചു. അതിനു ശേഷം സ്വാതന്ത്ര്യത്തലേന്ന് വൈകിട്ട് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് രാഷ്ട്രത്തിനായി നൽകിയ സ്വാതന്ത്ര്യദിന സന്ദേശം കോൺസുൽ ജനറൽ സദസ്സിൽ വായിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഭാരതീയ വിദ്യാ ഭവൻ ദേശഭക്തി ഗാനങ്ങളും പദ്യപാരായണവും അവതരിപ്പിച്ചു.

പ്രാദേശിക വിശിഷ്ട വ്യക്തികളും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 200-ൽ അധികം പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ സംഘടനകളുടെ സ്വാധീനത്താൽ ചരിത്ര സ്മാരകങ്ങളായ എംബയർ സ്റ്റേറ്റ് ബിൽഡിങ് നയാഗ്ര വെള്ളച്ചാട്ടം എന്നിവ ത്രിവർണ്ണ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി. ഇന്ത്യൻ ജനതക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ. വിവിധ ഇന്ത്യൻ സംഘടനകളുടെയും ബിസിനസ്സ് സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഈ വർഷം ''ഇന്ത്യ@70'' എന്ന പേരിൽ കുറെ പരിപാടികളുടെ പരമ്പര സംഘടിപ്പിക്കുവാൻ കോൺസുലേറ്റ് പദ്ധതിയിടുന്നുണ്ട്.


'ഇന്ത്യ@70' പരമ്പരയുടെ ഫസ്റ്റ് ബെൽ നാസ്ഡാക്കിൽ

മാത്യുക്കുട്ടി ഇശോ

ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് പദ്ധതിയിടുന്ന 'ഇന്ത്യ@70' എന്ന പരിപാടികളുടെ ഫസ്റ്റ് ബെൽ കേൺസുൽ ജനറൽ സന്ദീപ് ചക്രവർത്തി മുഴക്കി. 16-ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ഡാക്കിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ 70-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഇന്ത്യൻ സമൂഹത്തിലെ ധാരാളം പ്രമുഖരായ വ്യക്തികളെയും മാധ്യമ പ്രവർത്തകരെയും സാക്ഷി നിർത്തി കോൺസുൽ ജനറൽ ഈ ചടങ്ങ് നിർവ്വഹിച്ചത്. ക്യാപിറ്റൽ മാർക്കറ്റിൽ ലോത്തിലെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് നാസ്ഡാക്ക്. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനാണ് ഒന്നാം സ്ഥാനം. ഇത് 8-ാമത് തവണയാണ് ഇത്തരം ആഘോഷ പരിപാടി നാസ്ഡാക്കിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഈ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.