മാഡ്രിഡ്: സ്‌പെയിനിലെ വടക്കൻ പ്രവിശ്യയായ വല്ലാജോളിഡിലെ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വല്ലാജോളിഡ് പാർക്കെ ഡി ലാ പാസിലെ (സമാധാനത്തിന്റെ ഉദ്യാനം) മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ നടന്ന ആഘോഷത്തിൽ കാസാ ഡി ലാ ഇന്ത്യ ഡയറക്ടർ ഗ്വില്ലെർമോ റോഡ്രിഗസും മലയാളി അസോസിയേഷൻ പ്രസിഡന്റ് വിന്റു മാളിയേക്കലും ചേർന്ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

ഇന്ത്യയിലെ വിവിധ മതങ്ങൾ തമ്മിലുള്ള സഹകരണവും സമാധാനത്തിനു വേണ്ടിയുള്ള ഒരുമയും ലോകരാജ്യങ്ങൾക്കു മാതൃകയാണന്നു റോഡ്രിഗസ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. വിന്റു, ഫാ. വർഗീസ് നെല്ലുവേലിൽ എസ്‌വിഡി എന്നിവർ പ്രസംഗിച്ചു.

വല്ലാജോളിഡ് യൂണിവേസ്‌സിറ്റി പ്രഫ. ദീപ്തി ദേശഭക്തിഗാനം ആലപിച്ചു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരുംകൂടിച്ചേർന്ന് വന്ദേമാതരം പാടി പരിപാടികൾക്ക് സമാപ്തി കുറിച്ചു.