കുവൈത്ത് സിറ്റി: വെറുപ്പിന്റെ രാഷ്ട്രീയം മാറ്റിവെച്ച് സ്‌നേഹവും സൗഹാർദ്ദവും പൂത്തുലഞ്ഞ് നിൽക്കുന്ന ഇന്ത്യയുടെ പുനർനിർമ്മാണത്തിനായി മുഴുവൻ ഭാരതീയരും ഒന്നിച്ച് പോരാടണമെന്ന് കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി ആവശ്യപ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നിപ്പിന്റെ ബ്രിട്ടീഷ് ഭരണത്തിനെതിരെ തികഞ്ഞ ഹൈന്ദവ വിശ്വാസിയായ ഗാന്ധിജിയും ഒരു മതത്തോടും ആഭിമുഖ്യമില്ലാതിരുന്ന നെഹ്‌റുവും ഖുർആൻ പണ്ഡിതനായ മൗലാന അബുൽ കലാം ആസാദും കൈകോർത്തപ്പോൾ സംശയലേശമന്യേ അവരോടൊപ്പം ഇന്ത്യൻ ജനത അണിനിരന്നു. ഇന്ന് ജനാധിപത്യം പണാധിപത്യത്തിനും മതേതരത്വം ഭ്രാന്തമായ മതാവേശത്തിനും വഴിമാറികൊണ്ടിരിക്കുകയാണെന്ന് ഡോ. ജമാലുദ്ധീൻ ഫാറൂഖി വിശദീകരിച്ചു.

ഇന്ത്യ രാജ്യത്തെ യാഥാർത്ഥ്യമാക്കിയത് മതേതര ചിന്തയിലടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയുടെ ശക്തമായ പോരാട്ടമായിരുന്നു. അന്ന് പടിക്ക് പുറത്ത് നിന്ന് ബ്രീട്ടീഷുകാരെ പിന്തുണച്ച വർഗീയ ശക്തികൾ ദേശസ്‌നേഹത്തെ പരിമിതമായ ദേശീയതാ വാദവുമായി ഇടകലർത്തി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് വിഷയാതവരണം നിർവ്വഹിച്ച സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയൊന്നാം വാർഷികം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും എത്രകണ്ട് തനതായ പാരമ്പര്യം ന?യിൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുവെന്ന് തിരിച്ചറിയപ്പെടണമെന്ന് സെമിനാറിൽ സംസാരിച്ച സജി നാരായണൻ (സാരഥി) സൂചിപ്പിച്ചു. ന്യൂന പക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേർതിരിക്കപ്പെടുന്നതിനപ്പുറം ഒരേ രാജ്യം ഒരേ ജനത എന്ന മനോഭാവത്തിലേക്ക് ഇന്ത്യൻ സമൂഹത്തെ കൊണ്ടെത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹംസ പയ്യന്നൂർ (കെ.കെ.എം.എ) പറഞ്ഞു.

സമകാലിക വിദ്വേഷ രാഷ്ട്രീയ സാഹചര്യത്തെ നേരിടാൻ മതേതര ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് കൃഷ്ണൻ കുടലുണ്ടി (ഒ.ഐ.സി.സി) പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുടെ കരിനിഴൽ പരക്കുമ്പോഴും ഫാസിസത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ് ഉയർന്ന് വരുന്ന സമൂഹ്യബോധത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയത്രെയുമെന്ന് മുകേഷ് (കല ആർട്‌സ്) വിശദീകരിച്ചു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് മതേതരത്വത്തിലധിഷ്ടിതമായ ഭൂരിഭാഗം ഇന്ത്യൻ ജനതയിലാണ്. ആ സമൂഹത്തെ ഉണർത്തിയെടുക്കുകയെന്ന ചരിത്രപ്രധാന ദൗത്യം ഏറ്റെടുക്കാൻ നേതാക്കൾ തയ്യാറാവേണ്ടതുണ്ട്. സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി) സൂചിപ്പിച്ചു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്ത്യൻ ഫാസിസത്തിന്റെ പ്രധാനമേഖല സാംസ്‌കാരിക രംഗത്തെ തിരുത്തിയെഴുത്താണ്. ഇതിനെ വേരോടെ പിഴുതുമാറ്റുന്നതിന് നവോത്ഥാന പ്രസ്ഥാനങ്ങൾ അവരുടെ പ്രവർത്തന മേഖല കൂടുതൽ വിശാലമാക്കേണ്ടതുണ്ട്. ഷരീഫ് താമരശ്ശേരി (ഐ.എൻ.എൽ) വിശദീകരിച്ചു.

സമൂഹത്തെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളലാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഷറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി) സൂചിപ്പിച്ചു. അഷ്‌റഫ് മേപ്പയ്യൂർ സ്വാതന്ത്ര ദിന കവിതയും സ്വാലിഹ് അലി ആലുവ ദേശീയഗാനാലാപനവും നടത്തി. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു.