- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രം; മാർച്ച് പാസ്റ്റും ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ല; മുഖ്യമന്ത്രി പ്രസംഗിക്കുക അഞ്ച് മിനിറ്റ് മാത്രം; കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പത്ത് മിനിറ്റായി ചുരുക്കാൻ ആലോചന
തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പത്ത് മിനിറ്റായി ചുരുക്കാൻ ആലോചന. പതാക ഉയർത്തലിനു ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റ് മാത്രമായിരിക്കും. സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമാകും ഉണ്ടാവുക. മാർച്ച് പാസ്റ്റോ ഗാർഡ് ഓഫ് ഓണറോ ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് വൈകാതെ അന്തിമ ഉത്തരവിറക്കമെന്നാണ് ലഭിക്കുന്ന വിവരം.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എല്ലാവർഷത്തെയും പോലെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരിക്കുന്നു. പ്രോട്ടോകോൾ പ്രകാരം വളരെ കുറച്ച് ഉദ്യോഗസ്ഥർമാത്രമായിരിക്കും സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പങ്കെടുക്കുക.
അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരരെന്നനിലയിൽ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്.
നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം' - ഗവർണർ ആശംസിച്ചു.