ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം ദൂരർശനും ആകാശവാണിയും സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ചത് കഴഞ്ഞ ദിവസം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. പ്രസംഗം ഇതേ രൂപത്തിൽ നൽകാനാവില്ലെന്നും മാറ്റങ്ങൾ വരുത്തണമെന്നുമാണ് പ്രസാർ ഭാരതി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. സംഘപരിവാറിനെ വിമർശിക്കുന്ന വാദങ്ങൾ കടന്നു കൂടിയതു കൊണ്ടു കൂടിയാണ് പ്രസാർഭാരതിയുടെ ഈ തീരുമാനം എന്നാണ് അറിയുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമം തിരസ്‌ക്കരിച്ച ആ പ്രസംഗത്തിന്റെ പൂർണരൂപം ചുവടേ കൊടുക്കുന്നു.

ത്രിപുരയിലെ ജനങ്ങളെ,
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരുടെ സ്മരണയ്ക്കു മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു. നമുക്കിടയിൽ ഇപ്പോഴുമുള്ള സ്വാതന്ത്ര്യ സമര സേനാനികൾക്കും എന്റെ സ്നേഹാന്വേഷണങ്ങൾ.

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് വെറുമൊരു ചടങ്ങല്ല. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തും നമ്മൾ ഇന്ത്യക്കാർക്ക് ഈ ദിനത്തോടുള്ള വലിയ വൈകാരിക അടുപ്പം കൊണ്ടും അത് ദേശീയമായ ഒരു ആത്മപരിശോധനയ്ക്കുള്ള അവസരമായിത്തന്നെ കരുതേണ്ടതാണ്.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ നമുക്കു മുന്നിൽ ചില പ്രസക്തവും പ്രാധാന്യമുള്ളതും സമകാലികവുമായ പ്രശ്നങ്ങളുണ്ട്.

നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ പൈതൃകമാണ്. ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിർത്തിയത് മതേതരത്വത്തിന്റെ മഹത്തായ മൂല്യങ്ങളാണ്. എന്നാൽ ഇന്ന് മതേതരത്വത്തിന്റെ ആത്മാവ് ആക്രമിക്കപ്പെടുന്നു. സമൂഹത്തിൽ അനഭിലഷണീയമായ സങ്കീർണതയും വേർതിരിവും സൃഷ്ടിക്കാൻ ഗൂഢാലോചനകളും ശ്രമങ്ങളും നടക്കുന്നു. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരിൽ നമ്മുടെ ദേശീയ ബോധത്തെ കീഴടക്കാൻ ഗൂഢാലോചനയും ശ്രമവും നടക്കുന്നു. ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവച്ചും പശുസംരക്ഷണത്തിന്റെയുമൊക്കെ പേരിലാണ് ഇത്. ഇതിന്റെയൊക്കെ പേരിൽ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളവരും ദലിതുകളും രൂക്ഷമായി ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷിതത്വ ബോധം ചഞ്ചലമായിരിക്കുന്നു. അവരുടെ ജീവിതം വിപത്തിലായിരിക്കുന്നു. ഇത്തരം അവിശുദ്ധ പ്രവണതകൾ അനുവദിക്കാനോ വച്ചുപൊറുപ്പിക്കാനോ ആവില്ല.

സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വ്പനങ്ങൾക്കും ആദർശങ്ങൾക്കും എതിരാണ് ഈ നശീകരണ ശ്രമങ്ങൾ. സ്വാതന്ത്ര്യ സമരവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്തവരുടെ, അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരുടെ, നിഷ്ഠൂരരും ചൂഷകരും കരുണയില്ലാത്തവരുമായ ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികൾ ഇപ്പോൾ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകർക്കുകയാണ്. രാജ്യസ്നേഹമുള്ള എല്ലാ ഇന്ത്യക്കാരും രാജ്യത്തിന്റെ ഐക്യം കാത്തസൂക്ഷിക്കാമെന്നും വേർതിരിവുണ്ടാക്കുന്ന ഗൂഢാലോചനകളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാമന്നുമുള്ള പ്രതിജ്ഞയെടുക്കുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും നാം കിണഞ്ഞുശ്രമിക്കേണ്ടതുണ്ട്.

ഇന്ന് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അതിവേഗം വർധിച്ചുവരികയാണ്. രാജ്യത്തിന്റെ വിപുലമായ വിഭവങ്ങളും സമ്പത്തും ചുരുക്കം ആളുകളിലേക്കു കേന്ദ്രീകരിക്കുകയാണ്. ജനങ്ങളിൽ വലിയ പങ്കും ദാരിദ്ര്യത്തിന്റെ ദുരിതം അനുഭവിക്കുന്നു. മനുഷ്യത്വമില്ലാത്ത ചൂഷണത്തിന്റെ ഇരകളാണ് അവർ. അവർക്ക് ഭക്ഷണവും പാർപ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തൊഴിൽ സുരക്ഷിതത്വും നിഷേധിക്കപ്പെടുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങൾക്കു വിരുദ്ധമാണിത്. ദേശീയ തലത്തിലുള്ള നയങ്ങളാണ് ഈയവസ്ഥയ്ക്ക് ഉത്തരവാദികൾ. ജനവിരുദ്ധമായ ഈ നയങ്ങൾ മാറ്റുക തന്നെ വേണം. വാക്കുകൾ കൊണ്ടു മാത്രം അതു കൈവരിക്കാനാവില്ല. അവശരും ദുരിതം അനുഭവിക്കുന്നവരുമായ ഇന്ത്യക്കാർ ഉണരേണ്ടതുണ്ട്, അവർ ശബ്ദമുയർത്തേണ്ടതുണ്ട്, നിർഭയമായി പോരാടേണ്ടതുണ്ട്, മറ്റൊന്നും നോക്കാതെ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിക്കുന്ന ബദൽ നയം ഉണ്ടാവുക തന്നെ വേണം. അതു യാഥാർഥ്യമാക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനിൽക്കുക എന്ന പ്രതിജ്ഞയാണ് ്അവശരും ദുരിതമനുഭവിക്കുന്നവരുമായ ഇന്ത്യക്കാർ ഈ സ്വാതന്ത്ര്യ ദിനത്തിൽ എടുക്കേണ്ടത്.

പെരുകിവരുന്ന തൊഴിലില്ലായ്മ വിഷാദത്തിന്റെയും നൈരാശ്യത്തിന്റെതുമായ ബോധം ദേശീയമായിതന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വശത്ത് ലക്ഷങ്ങൾക്കു തൊഴിൽ നഷ്ടപ്പെടുന്നു, മറുവശത്ത് കോടിക്കണക്കിനു തൊഴിൽരഹിതർ തൊഴിലിനായി കാത്തുനിൽക്കുന്നു. തൊഴിൽ അവർക്കൊരു മരുപ്പച്ചയാവുകയാണ്. ചെറിയൊരു വിഭാഗം കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സഹായിക്കുന്ന ദേശീയ സാമ്പത്തിക നയം മാറ്റാതെ, രാജ്യത്തെ സാധാരണക്കാരുടെ വാങ്ങൽ ശേഷി വർധിപ്പിക്കാതെ ഭീമാകാരമായ ഈ പ്രശ്നത്തെ പരിഹരിക്കാനാവില്ല. അതുകൊണ്ട് നശീകരണസ്വഭാവമുള്ള ഈ നയങ്ങൾ തിരുത്തിക്കുന്നതിനുള്ള പ്രക്ഷോഭത്തിനു തുടക്കമിടുക എന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും എടുക്കേണ്ടത്.

പരിമിതികളിൽനിന്നുകൊണ്ടുതന്നെ, കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കു വിരുദ്ധമായി സമസ്ത മേഖലകളിലും ജനക്ഷേമം ലാക്കാക്കിയുള്ള നയങ്ങളാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. ഇതു തികച്ചും വ്യത്യസ്തവും ബദലുമായ പാതയാണ്. ത്രിപുരയിലെ ജനതയെ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള കീഴാള ജനതയെ ആകർഷിക്കാൻ ഈ പാതയ്ക്കായിട്ടുണ്ട്. ഇത് ഇവിടത്തെ പിന്തിരിപ്പൻ ശക്തികൾക്കു സഹിക്കാനാവുന്നതല്ല. അതുകൊണ്ട് ഇവിടത്തെ ശാന്തിയും സാഹോദര്യവും ഐക്യവും ഇല്ലാതാക്കാൻ നിരന്തരമായി ഗൂഢാലോചനകൾ നടക്കുകയാണ്. അതോടൊപ്പം തന്നെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനും ശ്രമങ്ങൾ നടക്കുന്നു. ഇതിനെയെല്ലാം നേരിട്ട് നമ്മൾ ഈ പിന്തിരിപ്പൻ ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നേരായി ചിന്തിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന, വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ നശീകരണ ശക്തികൾക്കെതിരായ മുന്നോട്ടുവരുമെന്നും ഒരുമിച്ചു നിൽക്കുമെന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ എടുക്കേണ്ടത്.

(കടപ്പാട്: സമകാലിക മലയാളം)