''സ്വാമി വിവേകനന്ദൻ പറഞ്ഞതുപോലെ, ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അചഞ്ചമായ രാജ്യസ്നേഹവും കൂടിയുള്ള യുവതലമുറയായിരിക്കും നാലുവർഷത്തെ സൈനിക സേവനത്തിലൂടെ ഈ രാഷ്ട്രത്തിൽ സൃഷ്ടിക്കപ്പെടുക.''- അഗ്നിപഥ് എന്ന യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോൾ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ആവേശ ഭരിതനായി പറഞ്ഞ വാക്കുകൾ ആണിത്. പക്ഷേ രാജ്നാഥും ബിജെപിയും പ്രതീക്ഷിച്ചപോലെ യുവാക്കളുടെ ആവേശമല്ല, പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാവുന്നത്.

സംവരണ പ്രക്ഷോഭത്തിനുശേഷം ഉത്തരേന്ത്യ വീണ്ടും നിന്നു കത്തുകയാണ്.
അതും ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഒരു റിക്രൂട്ട്മെന്റിന്റെ പേരിൽ. അതാണ് അഗ്നിപഥ്. ആർമി റിക്രൂട്ട്്മെന്റിൽ വലിയ പങ്കൊന്നും നിർവഹിക്കാനില്ലാത്ത കേരളത്തിന്റെ സോഷ്യൽ മീഡിയയിൽ പോലും, അതിശയോക്തി കലർന്ന വിവരണങ്ങളുമായി അത് വലിയ ചർച്ചയാവുകാണ്. അപ്പോൾ സൈന്യത്തിലെ ജോലി ഒരു അഭിമാന പ്രശ്നമായി കാണുന്ന ഉത്തരേന്ത്യയുടെ കാര്യം പറയാനുണ്ടോ. ബീഹാറിൽ തുടങ്ങിയ പ്രക്ഷോഭം, മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുകയാണ്.

അതിഗുരുതരമായ ആരോപണമാണ് ഈ പദ്ധതിക്കെതിരെ കോൺഗ്രസും ഇടതുപക്ഷവും ഉന്നയിക്കുന്നത്. പട്ടാളത്തിന്റെ വീര്യം തകർത്ത് വെറും കൂലിപ്പട്ടാളമാക്കും, ആർഎസ്എസിന് സൈന്യത്തിൽ നുഴഞ്ഞുകയറാൻ അവസരം കൊടുക്കും തൊട്ട് ഈ പരിശീലനം കിട്ടിയ യുവാക്കൾ പിന്നീട് തീവ്രവാദി സംഘടനകളിൽ ചേർന്നാൽ എന്തുചെയ്യും എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. പക്ഷേ നമ്മൾ വിഷയം ഓരോന്നായി പരിശോധിക്കുമ്പോൾ, ദോഷത്തേക്കൾ ഏറെ ഗുണങ്ങൾ ഉള്ള പദ്ധതിയായിട്ടാണ് ഇത് കാണാൻ കഴിയുക.

കാളപെറ്റെന്ന് കേൾക്കവേ കയറെടുക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈയിടെ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പരിപാടിയാണ്. പൗരത്വം കൊടുക്കാനുള്ള നിയമമാണ് പൗരത്വഭേദഗതി നിയമം. അത് പൗരത്വം എടുത്തുകളയാനുള്ള നിയമാണ് എന്ന് പറഞ്ഞ് പേടിപ്പിച്ച് കേരളത്തിൽപോലും വലിയ സമരങ്ങൾ നടന്നു. ഉത്തരേന്ത്യയിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടമായി. അതുപോലെ ആദ്യം കോൺഗ്രസ് കൊണ്ടുന്നവന്നതാണ്, ഈയിടെ പിൻവലിക്കപ്പെട്ട കാർഷിക പരിഷ്‌ക്കരണ ബില്ലുകൾ. മന്മോഹൻസിങും നരസിംഹറാവുവും 91ൽ ഇന്ത്യൻ വ്യാപാര വാണിജ്യ വ്യവസായ മേഖലകൾ തുറന്നതുപോലെ, കാർഷിക മേഖലയെ ഓപ്പൺ മാർക്കറ്റിലേക്ക് തുറന്ന് കൊടുക്കയായിരുന്നു ആ ബിൽ. പക്ഷേ സംഘടിത സമ്മർദം മൂലം അത് പിൻവലിക്കപ്പെട്ടു. കർഷകർക്ക് വലിയ രീതിയിൽ ഗുണം ചെയ്യുന്ന നിയമങ്ങൾക്ക്, കർഷകരെ ഇറക്കിത്തനെ പൂട്ടിട്ടു. സമാനമായ രീതിയിൽ ആടിനെ പട്ടിയാക്കുന്ന പ്രോപ്പഗൻഡകളാണ് അഗ്നിപഥിന്റെ പേരിൽ പ്രചരിക്കുന്നത്.

എന്താണ് അഗ്നിപഥ്

യുവശക്തിയെ നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനത്തിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ് എന്ന് ഒറ്റവാക്കിൽ പറയാം. 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഇതിൽ അവസരം. ഹ്രസ്വകാലാ അടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് നിയമിക്കും. മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് പിന്നീടു സ്ഥിര നിയമനം നൽകുക. ഹ്രസ്വകാല നിയമനം ലഭിക്കുന്ന അഗ്‌നിവീർ സേനാംഗത്തിനു പെൻഷൻ ലഭിക്കില്ല. സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യോണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത യുവാക്കൾക്ക് അഗ്‌നിപഥ് ഗുണം ചെയ്യും. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.

പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിർദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്‌നിപഥിനും ഉണ്ടായിരിക്കുക. സെനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലനം ഇവർക്കും നൽകും. പരിശീലന മാനദണ്ഡങ്ങൾ സായുധ സേനയിലെ ഉദ്യോഗസ്ഥർ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതൽ ആറ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളിൽ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നൽകും

ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളിൽ നിയമിതരാവുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75 ശതമാനം പേർക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണജോലികളിൽ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അഗ്‌നിവീരന്മാർക്ക് തുടർ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നൽകും.

തുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും. ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവൻസുകളും നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെൻഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' ആയി 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല.

സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും.

ഇതുനോക്കുക, ഈ സേവന വേതന വ്യവസ്ഥകൾ പരിശോധിക്കുന്ന ആർക്കും മനസ്സിലാവും ഇത് വെറും കൂലിപ്പടയല്ല എന്നത്. ഒരു നാലുവർഷത്തെ ജോലിക്ക് ഇതിലും നല്ല പാക്കേജ് വേറെ എവിടെ കിട്ടാനാണ്. പക്ഷേ എന്നിട്ടും കുപ്രചാരണം തുടരുകയാണ്.

ആധുനിക യുദ്ധം കാലാൾപ്പടയിലുടെയല്ല

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം ഇത് സൈന്യത്തിന്റെ വീര്യം തകർക്കുമെന്നും അതിനെ വെറും കൂലിപ്പടയാക്കുമെന്നുമാണ്. ഇത് ആധുനിക കാലത്തെ യുദ്ധത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുകൊണ്ട് പറയുകയാണ്. ഇന്ന് ലോകത്ത് കാലാൾപ്പടയല്ല യുദ്ധത്തെ നിയന്ത്രിക്കുന്നത്. സാങ്കേതിക വിദ്യയാണ്. ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രം നാലുപാടുമുള്ള ശത്രുക്കളിൽ ഒന്ന് ഒരു ബോംബ് പോലും സ്വന്തം രാജ്യത്ത് വീഴാതെ നിലകൊള്ളുന്നത്, സൈന്യത്തിന്റെ അംഗബലത്താലല്ല. മറിച്ച് ഹൈട്ടക്ക് സാങ്കേതിക വിദ്യകൊണ്ടാണ്. രാജ്യത്ത് എത്ര പട്ടാളക്കാർ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലല്ല, ഒരു രാജ്യത്തെ സൈനിക ശക്തിയാക്കി കണക്കാക്കുന്നത്. എത്ര ഭൂഖണ്ഡാന്തര മിസൈലുകൾ ഉണ്ട്, എത്ര ഫൈറ്റർ വിമാനങ്ങൾ ഉണ്ട്, എത്ര കപ്പൽപ്പടയുണ്ട് എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്.

ഈ അർഥത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ സൈനിക ശേഷിക്ക് യാതൊരു കുഴപ്പവുമില്ല. ഇന്ന് ലോകത്തിലെ ഏതൊരു രാജ്യവുമായി കിടപിടിക്കുന്ന രീതിയിലുള്ള ആധുനിക ആയുധങ്ങളും പോർവിമാനങ്ങളും, സുസജ്ജമായ നേവിയുമൊക്കെയുള്ള രാജ്യമാണ് ഇന്ത്യ. പോരാത്തത്തിന് ആണവ ശക്തിയും. പാക്കിസ്ഥാനും ചൈനയുമൊന്നും ഇന്ത്യയെ ആക്രമിക്കാത്തത്, നമ്മുടെ ജവാന്മാരുടെ എണ്ണം കണ്ടിട്ടില്ല. ബെയ്ജിങ്ങിൽപോലും ബോംബിടാൻ കഴിയുന്ന അഗ്നി മിസൈലും, കൊലകൊല്ലിയെന്ന് അറിയപ്പെടുന്ന മിറാഷ് യുദ്ധവിമാനങ്ങളും, ടോർപ്പിഡോകൾ അടക്കം എന്തിനും സജ്ജമായ നേവിയുമുള്ളതുകൊണ്ടാണ്. അതിനാൽ ഇനിയും കാലാൾപ്പടയെ എടുത്തുകൂട്ടുന്നതിന് പകരം, ഇസ്രയേൽ മോഡലിൽ സാങ്കേതികമായി ഇന്ത്യയുടെ സൈനിക ശേഷി ഉയർത്താനാണ് നാം ശ്രമിക്കേണ്ടത് എന്നത് പല പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോൾ യുക്രൈനെ റഷ്യ ആക്രമിച്ച സംഭവം നോക്കുക. കാലാൾപ്പടയില്ലാത്തതല്ല, മികച്ച എയർഫോഴ്സ് ഇല്ലാത്തതാണ് യുക്രൈനിന് പ്രശ്നമായത്. എന്നിട്ടും ആ രാജ്യം പരമാവധി പിടിച്ചു നിൽക്കുന്നു. ഇന്ത്യയെപ്പോലെ ഒരു ആണവശ്കതിയാണ് യുക്രൈൻ എന്ന് വെക്കുക. മൂവായിരം കിലോമീറ്റർ യാത്രചെയ്ത മോസ്‌ക്കോയതിൽ ബോംബിടാൻ കഴിയുന്ന അഗ്നി പോലുള്ള ഒരു മിസൈൽ അവർക്ക് ഉണ്ട് എന്ന് കരുതുക. ഉറപ്പിച്ച് പറയാൻ കഴിയും, റഷ്യ യുക്രൈനെ ആക്രമിക്കുമായിരുന്നില്ല. എഴുത്തുകാരൻ സാം ഹാരിസ് പറയുന്നതുപോലെ ആണവായുധങ്ങളാണ് ലോകത്ത് സമാധാനം ഉണ്ടാക്കുന്നത്!

പ്രതിരോധ വിദഗ്ധനായ ആർ.വി ആനന്ദ് ദ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''റോബാർട്ടിക്സിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും വരുന്ന കാലത്തെ യുദ്ധങ്ങൾ. മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യന്നതിന് പകരം റോബോട്ടുകളായിരിക്കും. അതുപോലെ ഇന്ന് ഒരു നഗരത്തെ ആക്രമിക്കാൻ ഒരു ഡ്രോൺ മാത്രം മതി. ഇസ്രായോൽ പോലുള്ള രാജ്യങ്ങൾ റോബോട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകതൾ ഇപ്പോഴേ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്''.

ഇതെല്ലാം വെച്ച് നോക്കുമ്പോൾ ഒരുകാര്യം ഉറപ്പാണ്. ആധുനിക യുദ്ധതന്ത്രങ്ങളിൽ സൈന്യത്തിന്റെ എണ്ണത്തിന് വലിയ പങ്കൊന്നും ഇല്ല. സേനയെ വർക്ക് ചെയ്യാിക്കാനുള്ള അംഗബലം ഇപ്പോൾ തന്നെ നമുക്കുണ്ട്.

അഗ്നിപഥ് യുദ്ധ മുഖത്തില്ല

ഇനി സൈന്യത്തിന്റെ കരുത്ത് ചോർന്നേ എന്ന് നിലവിളിക്കുന്നവർ മനസ്സിലാക്കേണ്ട ഒരുകാര്യം അഗ്നിവീരന്മാരെ നേരിട്ട് യുദ്ധമുഖത്ത് ഉപയോഗിക്കുന്നില്ല എന്നാതാണ്. അവിടെ നമ്മുടെ വർഷങ്ങളായി പരിശീലനം കിട്ടിയ സുസജ്ജമായ സൈന്യമാണ് പോരാടുന്നത്. അ്ഗനിവീരന്മാരെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് രാജ്യത്തിന്റെ മറ്റ് മേഖലകളിലാണ്. അതായത് പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ, കാലപമേഖലകളിൽ, രക്ഷാപ്രവർത്തനം ആവശ്യമായ മറ്റിടങ്ങളിൽ തുടങ്ങി, ഒരു സെമി പാരാമിലിട്ടറി ഫോഴ്സായാണ് അവർ പ്രവർത്തിക്കുക.

കഴിഞ്ഞ പ്രളയകാലത്ത് ഇപ്പോഴത്തേ മന്ത്രി സജി ചെറിയാൻ ' ഞങ്ങളെ രക്ഷിക്കണേ, ആർമിയെ വിളിക്കൂ' എന്ന് പറഞ്ഞ് കരഞ്ഞത് ഓർമ്മയില്ലേ. അതുപോലെ പാലക്കാട് ഗുഹയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനും വരേണ്ടി വന്നും സൈന്യം. ഇതുപോലുള്ള ഘട്ടങ്ങളിൽ ആക്്റ്റീവായി പ്രവർത്തിക്കാനുള്ള ഒരു സായുധ സംഘം എന്ന നിലയിൽ അഗ്നിവീരന്മാരെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. ഇതുമുലം സൈന്യത്തിന്റെ ജോലി ഒരുപാട് കുറയുകയും ചെയ്യും.

ഇങ്ങനെ കഠിനമായ പരിശീലനത്തിലുടെ വളർന്നുവന്ന അഗ്നിവീരന്മാരിൽ മികച്ച പ്രകടനം കാഴ്ചവെച്ച 25 ശതമാനത്തെ സൈന്യത്തിലേക്ക് എടുക്കുന്നുണ്ട്. നാലുവർഷത്തെ പരിശീലനവും, ഫീൽഡ് അനുഭവവും കിട്ടിവരുന്ന അവർ ആർമി റിക്രൂട്ട്മെന്റ് റാലികളിൽനിന്ന് എടുക്കുന്ന പുതുക്കക്കാരേക്കാൾ എത്രയോ കരുത്തർ ആയിരിക്കും. സൈന്യത്തിൽ വരുന്ന ഒഴിവുകൾ ഇങ്ങനെ നികത്താൻ കഴിയും. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിൽ ഈ രീതിയുണ്ട്. അവിടെ നിർബന്ധിത സൈനിക സേവനത്തിന്റെ പേരിലാണെന്ന് മാത്രം. അതായത് അഗ്നിപഥിൽ നിന്ന് സൈന്യത്തിൽ എത്തുന്ന 25 ശതമാനം എന്നത് ശരിക്കും തീയിൽ കുരുത്തവർ ആയിരിക്കും. ഇത് ഇന്ത്യൻ സൈന്യത്തിന്റെ മികവും കാര്യക്ഷമതയും കൂട്ടുകയാണ് ചെയ്യുക.

പ്രതിരോധ ബജറ്റ് ഗണ്യമായി കുറയും

കുട്ടിക്കാലം തൊട്ടുതന്നെ നിരവധി ഹിരോഷിമാ ദിനങ്ങൾ ആചരിക്കുകയും, യുദ്ധവിരുദ്ധ റാലികൾ നടത്തുന്നവരുമൊക്കെയാണ് നമ്മൾ മലയാളികൾ. അവിടെയാക്കെ ഉയർന്നുകേൾക്കുന്ന ഒരുകാര്യം, ഈ ദരിദ്ര രാജ്യത്തിന്റെ ബജറ്റിന്റെ സിംഹഭാഗവും പ്രതിരോധ മേഖലയിലേക്കാണ് പോകുന്നത് എന്നും, സൈന്യത്തിന്റെ അടക്കമുള്ള ചെലവുകൾ കുറക്കണം എന്നുമാണ്. ഇപ്പോൾ കേന്ദ്ര സർക്കാർ അതുപോലെ ഒരു നീക്കവുമായി വരുമ്പോൾ, യുദ്ധവിരുദ്ധ റാലി നടത്തിയ പഴയ പരിഷത്തുകാർ പോലും ഫേസ്‌ബുക്കിൽ ഉറഞ്ഞുതുള്ളുകയാണ്!

കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഏറ്റവും വലിയ നേട്ടമായി കാണുന്നത് പ്രതിരോധ ബജറ്റിൽ വരുന്ന കുറവു തന്നെയാണ്. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കും. ദരിദ്രലക്ഷങ്ങൾ ഒരുപാടുള്ള ഒരു രാജ്യത്തിന് ഈ ചെലവ് ഒരു നിസ്സാരകാര്യമല്ല.

കണക്കെടുത്ത് നോക്കുമ്പോൾ സൈനിക ചെലവിൽ ഒരു ലക്ഷം കോടി ചെലവാക്കുന്നത് ശമ്പളത്തിനാണ്. വേറെ ഒരു ലക്ഷം കോടി പെൻഷനുവേണ്ടിയും.
60,000 പേരെ ഒരു വർഷം സൈന്യത്തിലെടുക്കുന്നുണ്ട്. അവർ 20 കൊല്ലം ജോലിയിലുണ്ടാകും. അത് കഴിഞ്ഞാൽ ആയുഷ്‌കാലം പെൻഷൻ കൊടുക്കണം. വെറും 20 കൊല്ലം സർവീസ് നടത്തിയാൽ പിന്നെ പത്തുനാൽപതുകൊല്ലം പെൻഷൻ കൊടുക്കണം എന്നതാണ് യാഥാർഥ്യം. ഇവയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാൻ പുതിയ രീതികൊണ്ട് കഴിയുമെന്നാണ് കരുതുന്നത്.

 ആർഎസ്എസ് ഹൈജാക്ക് ചെയ്യുമോ?

ഇന്ത്യൻ സൈന്യത്തിന്റെ നാളിതുവരെയുള്ള ഏറ്റവും വലിയ പ്രത്യേകത പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷതയാണ്. അടുത്തടുത്ത ദിവസങ്ങളിൽ സ്വാതന്ത്ര്യം കിട്ടിയ രാഷ്ട്രങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇതിൽ പാക്കിസ്ഥാൻ അടിക്കടി പട്ടാള ഭരണത്തിലേക്കാണ് പോയത്. മാത്രമല്ല ഇപ്പോഴും ആര് അധികാരത്തിൽ വരണം എന്ന് തീരുമാനിക്കുന്നതും സൈന്യമാണ്. പലപ്പോഴും സൈനിക മേധാവി അവിടെ പ്രധാനമന്ത്രിക്കും മുകളിലാണ്. എന്നാൽ ഇന്ത്യൻ സൈനിക മേധാവി പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്ന വെറുമൊരു ഉദ്യോഗസ്ഥൻ മാത്രമാണ്. നെഹ്റു ഉണ്ടാക്കിയെടുത്ത, സൈന്യത്തിന്റെ ഈ അബ്സല്യൂട്ട് പൊളിറ്റിക്കൽ ന്യൂട്രാലിറ്റിയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ആ രാഷ്ട്രീയ നിഷ്പക്ഷത അഗ്നിപഥിലൂടെ പുർണ്ണമായും ഇല്ലാതാകുമെന്നും, ആർഎസ്എസ് സൈന്യത്തിൽ നുഴഞ്ഞു കയറുമെന്നുമാണ്, കമ്യൂണിസ്റ്റുകാരം ഇസ്ലാമിസ്റ്റുകളും ഒരുപോലെ പ്രചരിപ്പിക്കുന്നത്.


പ്രശ്സത മാധ്യമ പ്രവർത്തകനും മീഡിയാവൺ എഡിറ്ററുമായ പ്രമോദ് രാമൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''അഗ്നിപഥ് ജോലി കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കൾ തൊഴിൽരഹിതരാകും എന്നത് തെറ്റായ ധാരണയാണ്. അവർ ആർ.എസ്.എസിന്റെ സൈനികരായി ജോലിതുടരും. ഇന്നേവരെ നമ്മുടെ സൈന്യം രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. മറ്റനേകം രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ് അത്. കുറ്റാന്വേഷണ/രഹസ്യാന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടപ്പോഴും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഉന്നതമായ സ്വതന്ത്ര നിലപാട് കൈക്കൊണ്ടു. എന്നാൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ചിലർ (വി.കെ.സിംഗും മറ്റും) രാഷ്ട്രീയം പയറ്റുകയും അധികാര സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. എങ്കിലും ഒരു വൻ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തിൽ പാലിച്ച മൂല്യങ്ങൾ തുടർന്നവരുമാണ്. അഗ്നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വർഷം) ജോലി ആയതിനാൽ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നൽകില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങൾ അവരിൽ കടന്നുകയറുകയും ചെയ്യും. അത് തുടർന്നങ്ങോട്ട് ഉപയോഗപ്പെടുത്താൻ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആർഎസ്എസ് ആയിരിക്കും എന്നതിൽ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവർ ആർ.എസ്.എസിന്റെ യുവസൈനികർ ആയിക്കൂടായ്കയില്ല''.

ഇതാണ് പൊതുവേ കേരളത്തിൽ ഉള്ള ലെഫ്റ്റ് ലിബറൽ പ്രൈാഫൈലുകൾ പ്രചരിപ്പിക്കുന്നത്. ഇത് സത്യത്തിൽ അടിസ്ഥാന രഹിതമായ ഒരു ഭീതി മാത്രമാണ്. ഒന്നാമത് ഐഎസ്ഐ വിചാരിച്ചാൽ പാക്ക് പട്ടാളത്തിൽ ജോലികിട്ടുന്നതുപോലെ ആർഎസ്എസ് വിചാരിച്ചാൽ ഇന്ത്യൻ സൈന്യത്തിൽ ജോലികിട്ടില്ല. ഇവിടെ എല്ലാം സുതാര്യമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനം. കടുത്ത ഇന്ത്യാവിരുദ്ധത മനസ്സിൽ ഉള്ളവർക്ക് മാത്രമേ ഇതുപോലെ ഒരു ദുഷ്പ്രചാരണം നടത്താൻ കഴിയൂ.

ഇനി ആർഎസ്എസുകാർ പട്ടാളത്തിൽ കയറി പറ്റുന്നു എന്ന് ആവലാതി ഉള്ളവർ ഉണ്ടെങ്കിൽ അവരും സംഘടിതമായി അങ്ങ് കയറാൻ ശ്രമിക്കുക. ആരുടെയും രാഷ്ട്രീയം നോക്കിയല്ല റിക്രൂട്ട്മെന്റ് നടത്തുന്നത്. ശാരീരികക്ഷമതയും വ്യക്തിത്വവും നോക്കി തന്നെയാണ്. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലല്ലായെ നിങ്ങൾ അയോഗ്യരാക്കുന്ന ഒരു സാഹചര്യവും നിലവിലില്ല.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദീപൻ ജയദേവ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.''
ദേശസ്നേഹം തലയ്ക്കു പിടിച്ച് ഒന്നുമല്ല നിലവിലെ പട്ടാളക്കാർ ഭൂരിപക്ഷവും സൈനികരായി ജോലിയിൽ കയറുന്നത്. ഒരു തൊഴിൽ എന്ന നിലയ്ക്ക് തന്നെയാണ്. എന്നാൽ ആ ജോലി ചെയ്യുമ്പോൾ സ്വാഭാവികമായും രാജ്യസ്നേഹം ഒക്കെ ആളുകളിൽ ഉണ്ടായി വരും. രാജ്യസ്നേഹം മാത്രമല്ല നേതൃത്വ ഗുണവും. ഇതൊക്കെ പട്ടാള ജോലിയുടെ നല്ല വശങ്ങളിൽ ചിലതാണ്.



ഇതിനർഥം ആർഎസ്എസുകാർ നിലവിൽ പട്ടാളത്തിൽ ഇല്ല എന്നല്ല. നിലവിലെ പട്ടാളക്കാരുടെ മുഴുവൻ രാഷ്ട്രീയ ആഭിമുഖ്യ സർവ്വേ നടത്തിയാൽ അതിൽ ഭൂരിപക്ഷം ബിജെപി അനുകൂലികൾ ഉണ്ടായിരിക്കും. അല്ലാത്തവർ കോൺഗ്രസ് അനുകൂലികൾ ആയിരിക്കും. അതല്ലാതെ ഇടത് ലിബറൽ പട്ടാളക്കാർ ഒക്കെ ഉണ്ടാകാൻ സാധ്യതയില്ല അത് കേരളത്തിൽനിന്ന് ആയാൽ പോലും. കേരളത്തിലെ അന്തരീക്ഷത്തിൽനിന്ന് മനസ്സിൽ കയറുന്ന കാര്യങ്ങൾ ഒന്നുമല്ല പട്ടാള ജീവിതത്തിൽ നിന്ന് അവർ മനസ്സിലാക്കുന്ന യാഥാർത്ഥ്യങ്ങൾ. അതിർത്തിക്കപ്പുറത്ത് നിന്നുള്ള പ്രഖ്യാപിത യുദ്ധങ്ങളെക്കാൾ ജവാന്മാരെ സമ്മർദ്ദത്തിൽ ആക്കുക അതിർത്തിക്കപ്പുറം നിന്നുള്ള രാജ വിരുദ്ധമായ നിരന്തര കലാപങ്ങളും കല്ലേറുകളും തന്നെയാണ്. അത് നേരിട്ട് അനുഭവിക്കാൻ പട്ടാളക്കാർക്ക് മിലിറ്ററി സേവനം അനുഷ്ഠിക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളൂ.

മറ്റൊന്ന് ഉത്തരേന്ത്യയിൽ ഇപ്പോഴും കൊടികുത്തിവാഴുന്ന ജാതീയതയാണ്. അതും പട്ടാളക്കാർക്ക് അവരുടെ സൈനിക ജീവിതത്തിൽ അനുഭവിക്കാൻ കഴിയും. ഈ രണ്ടു കാര്യങ്ങൾ എത്ര വായിച്ചാലും സ്വന്തം അനുഭവത്തിൽ നിന്ന് പഠിക്കുന്നത്ര കൃത്യമായി മനസ്സിലാക്കുകയില്ല. പലപ്പോഴും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ള പട്ടാളക്കാർ അതിർത്തിയിൽ പോയി കുറച്ചുകാലം ജോലി ചെയ്തു മടങ്ങി വരുമ്പോഴേക്കും വലതുപക്ഷ രാഷ്ട്രീയക്കാരായി മാറിയിട്ടുണ്ടാകും. അതിന്റെ കാരണം കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല എന്ന് കരുതുന്നു.'' - ദീപൻ വ്യക്തമാക്കുന്നു.

രാജ്യ സുരക്ഷക്ക് ഭീഷണിയാവുമോ?

ഒരുപക്ഷേ നാലു വർഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവർ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം എന്നാണ് ചലച്ചിത്ര സംവിധായകൻ കൂടിയായ മേജർ രവി ചൂണ്ടിക്കാട്ടുന്നത്. ''നാലു വർഷം കഴിഞ്ഞ് ചിലപ്പോൾ ഏതെങ്കിലും ഭീകര സംഘത്തിൽ പോയി ചേരാനായാണ് ഒരാൾ വരുന്നതെങ്കിലോ? അപ്പോൾ അവർക്കു കിട്ടുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ്.' മേജർ രവി പറയുന്നു. ഈ വാദവും ബാലിശം വിദൂരമായ സാധ്യതയുമാണ്. ഇങ്ങനെ നോക്കിയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

മാത്രമല്ല പ്രമോദ് രാമനും മേജർ രവിയും ചൂണ്ടിക്കാട്ടിയതിന് നേർ വിപരീതമായ കാര്യമാണ് സംഭവിക്കാനും സാധ്യത. ദീപൻ ജയദീപ് ചൂണ്ടിക്കാട്ടുന്നു.'' 17 വയസ്സു മുതൽ 21 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ ഉണ്ടാകുന്ന സ്വഭാവരൂപീകരണം ജീവിതത്തിൽ കുറെയൊക്കെ സ്വാധീനം ചെലുത്തും. അക്കാലത്താണ് പലരുടെയും രാഷ്ട്രീയ ആഭിമുഖ്യം ഒക്കെ രൂപപ്പെടുന്ന കാലം.രാഷ്ട്രീയ പാർട്ടികളുടെ ചാവേറുകളായിട്ടും ഗുണ്ടകൾ ആയും ലഹരി മയക്കുമരുന്ന് മാഫിയ കളുടെ ഇടനിലക്കാർ ആയിട്ടും ഒക്കെ യുവാക്കൾ അധപതിച്ചു പോകുന്ന കാലഘട്ടവും ഇതാണ്. ആ സമയത്ത് തെറ്റില്ലാത്ത ശമ്പളത്തോടു കൂടി സൈനികരായി ജോലി ചെയ്യാൻ രാജ്യം അവരെ പരിശീലിപ്പിച്ച് വിടുന്നതിൽ ആക്ഷേപം ഉയരുന്നത് രാജ്യവിരുദ്ധ താല്പര്യമുള്ളവർക്ക് മാത്രമായിരിക്കും.''- ദീപൻ ചൂണ്ടിക്കാട്ടുന്നു.

അതായത് അഗ്നപഥിലൂടെ കൗമാരക്കാർ കൂടതൽ മാനവികയുള്ളരായി മാറുമെന്നയാണ് എതിർവാദം. പദ്ധതി വന്ന ആദ്യബാച്ച് പ്രവർത്തനം തുടങ്ങുന്നതിനു മുമ്പേ തന്നെ ഇത്തരം ദുഷ്ട ചിന്തകൾ ഓടുകൂടി ഇറങ്ങുന്നവർക്ക് രാഷ്ട്രീയ താൽപര്യം മാത്രമാണ് ഉള്ളിൽ ഉള്ളത് എന്ന് വ്യക്തം. പെൺകുട്ടികൾ കൂടുതലായി പുതിയ സ്‌കീമിന്റെ ഭാഗമായാൽ അതും ചരിത്രമാവും.


കാർഷികബിൽ പോലെ ആവുമോ?

പക്ഷേ ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിട്ടും പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ വലിയ പ്രതിഷേധം വരികയാണ്. അതിന്റെ പ്രധാന കാരണം കേരളത്തിൽനിന്ന് ഭിന്നമായി ആർമി റിക്രൂട്ട്മെന്റ് അവിടെ വലിയ പ്രസിറ്റിയുജ് ഇഷ്യൂ ആണെന്നതാണ്. പഞ്ചാബിലും ഹരിയാനയിലും യുപിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ പല ഗ്രാമങ്ങളും ആർമി കോളനികൾ തന്നെയാണ്. അവിടെ വളരെ ചെറുപ്പം മുതൽ തന്നെ സൈന്യത്തിൽ ജോലികിട്ടണം എന്ന ഒറ്റലക്ഷ്യവുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരെ കാണം. ഇനി സൈന്യത്തിൽ സ്ഥിരം നിയമനമില്ല എന്ന രീതിയിൽ വാർത്ത പ്രചരിച്ചത് അവരെ ആകെ വ്രണപ്പെടുത്തിയിരിക്കയാണ്. വെറു കൂലിപ്പട്ടാളമാണ് ഇത് എന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ 35 വർഷത്തിലുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കാണ്. ഉത്തരേന്ത്യയിൽ തൊഴിലുറപ്പ് ജോലി പോലും കിട്ടാനില്ല. ബി.എസ്.എൻ.എൽ, എസ്.ബി.ഐ, റെയിൽവേ തുടങ്ങി ജോലി കൊടുക്കാൻ കഴിവുള്ള ഒരു സ്ഥാപനവും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ആരെയും നിയമിച്ചിട്ടില്ല. മുഴുവൻ കരാർ ജോലിയാണ്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൂലിപ്പണിക്ക്, എന്തെങ്കിലും കിട്ടിയാൽ, ഇരുന്നൂറും മുന്നൂറുമാണ് കൂലി. ഈ സാഹചര്യത്തിൽ യുവാക്കളുടെ വലിയൊരു പ്രതീക്ഷയായിരുന്നു ആർമി റിക്രൂട്ട്‌മെന്റ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. അത് കാരണം ഒട്ടേറെ പേർ ഓവർ ഏജ് ആയി. ആ നിരാശയടക്കമുള്ള കാരണങ്ങളാണ് ഇപ്പോൾ തെരുവിൽ കാണുന്നത്. പെൻഷൻ ഇല്ലാതെ നാലുവർഷം പട്ടാളക്കാരെ രാജ്യം പ്രയോജനപ്പെടുത്തുന്ന വിഷയം നിലവിൽ പെൻഷനോടുകൂടി എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന പട്ടാളക്കാർക്ക് കല്ലുകടി ഉണ്ടാകുമെന്നത് ഉറപ്പാണല്ലോ.

ആസുത്രിത ഗൂഢാലോചനകളും ഈ കലാപത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്. ബീഹാറിൽ കലാപം ആരംഭിച്ചത് ബീഹാറിലെ ഖാൻ സാർ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികൾ ആയിരുന്നു. ഇയാളുടെ സ്ഥാപനം ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യമെങ്ങും ട്രെയിനിങ് നൽകുന്നുണ്ട്. ഇവരാണ് കലാപം തുടങ്ങിവെച്ചത് എന്നാണ് പൊലീസ് റിപ്പോർട്ട്. ഇപ്പോൾ പ്രതിപക്ഷ പാർട്ടികളടക്കം യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരത്തെ, പതിവുപോലെ, പൊളിറ്റിക്കൽ ഇസ്ലാമിക തീവ്രവാദസംഘടനകളിലെ വിദ്യാർത്ഥി വിഭാഗങ്ങൾ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. അങ്ങനെ മറ്റൊരു സിഎഎ സമരമായി ഈ കലാപം ആളിപ്പടരാനും സാധ്യതയുണ്ട്.

രാജ്യമെങ്ങും പ്രതിഷേധം പുകയുന്നിതിനിടെ അഗ്‌നിപഥ് പദ്ധതിയിൽ തിരുത്തലുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്.ഉയർന്ന പ്രായപരിധി 21ൽനിന്ന് 23 ആക്കി ഉയർത്തി കൊണ്ടാണ് പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമങ്ങൽ കേന്ദ്രസർക്കാർ നടത്തുന്നത്. ഈ വർഷത്തേക്കു മാത്രമാണ് ഈ ഉയർന്ന പ്രായപരിധി ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് പ്രായപരിധി 23 ആക്കി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

അതായത് സമരം കണ്ട് ഭയന്ന് കേന്ദ്രം നിലപാടു് മാറ്റുമെന്നതിന്റെയും സൂചനകൾ ഈ നീക്കത്തിൽ കാണം. നേരത്തെ കാർഷിക നിയമത്തിലും അതാണ് കണ്ടത്. എടുത്തത് ശരിയായ തീരുമാനം ആയിരുന്നിട്ടും, ജനരോഷം ഉണ്ടായതോടെ, 'മുച്ചങ്കനായ' നരേന്ദ്ര മോദിക്കും മുട്ടുമടക്കേണ്ടിവന്നു. സമാനമായ അവസ്ഥ അഗ്നിവീരന്മാർക്കും വരുമോ എന്ന് കാത്തിരുന്ന് കാണം.

വാൽക്കഷ്ണം: സത്യത്തിൽ കേരളത്തെ ഒരു രീതിയിലും ബാധിക്കാത്ത പ്രശ്നമാണിത്. നിലവിൽ ഏറ്റവും കൂടുതൽ പട്ടാളക്കാർ സേവനം ചെയ്യുന്നത് ഉത്തരേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ പ്രവിശ്യയിൽ നിന്നുമാണ്. ഇനി പുതിയ സ്‌കീം വന്നാലും യുവാക്കൾ കൂടുതൽ വരിക ഈ പ്രദേശങ്ങളിൽ നിന്നു തന്നെ ആയിരിക്കും. കേരളീയർ ആർമിയിൽ ചേരുന്നത് ഒരു വികാരമായൊന്നും കാണുന്നില്ല. എന്നിട്ടും എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്നപോലെ സോഷ്യൽ മീഡിയിൽ പലരും തിളച്ച് മറിയുകയാണ്.