ന്യൂഡൽഹി: കറൻസി നിരോധനവും അതിന് പിന്നാലെ ഇപ്പോൾ ജിഎസ്ടിയും നടപ്പാക്കപ്പെട്ടതോടെ രാജ്യത്തെ വ്യാവസായിക, കാർഷിക മേഖലകളിൽ വൻ തകർച്ചയുണ്ടാവുന്നു എന്നതിന്റെ വ്യക്തമായ സൂചനയായി മാറുകയാണ് ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മുന്നറിയിപ്പ്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് സൂചന നൽകുന്ന വായ്പാനയ പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആർ ബിഐ ഗവർണർ ഊർജിത് പട്ടേൽ.

7.3 ശതമാനം വളർച്ചയുണ്ടാകുമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്ന സ്ഥാനത്ത് ഇത് 6.7 ശതമാനമായി കുറയുമെന്നാണ് ഇപ്പോൾ ആർബിഐ പറയുന്നത്. മാത്രമല്ല നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട് എന്നതിനാൽ സമസ്ത മേഖലകളിലും വൻ വിലക്കയറ്റത്തിനും ഇത് വഴിവെക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കാര്യമായ പഠനമോ മുന്നൊരുക്കമോ കൂടാതെയാണ് കറൻസി നിരോധനം നടപ്പാക്കിയതെന്നും ജിഎസ്ടി കൊണ്ടുവന്നതെന്നുമുള്ള ആക്ഷേപം നേരത്തേ മുതലേ ഉയരുന്നുണ്ട്. ഇതിനിടെയാണ് കറൻസി നിരോധനം മോദി സർക്കാർ നടപ്പാക്കി ഒരു വർഷം തികയുംമുമ്പേ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത്.

അതേസമയം നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുകയും ചെയ്തു. റീപോ ആറു ശതമാനത്തിലും റീവേഴ്‌സ് റീപോ 5.75 ശതമാനത്തിലും തുടരും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന പണവായ്പാ നയപ്രഖ്യാപനത്തിൽ റീപോ നിരക്ക് കാൽശതമാനം കുറച്ച് ആറു ശതമാനമാക്കിയിരുന്നു. ഇത് ആറുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2015 ജനുവരി മുതൽ റീപോ നിരക്കിൽ രണ്ടുശതമാനം കുറവുണ്ടാവുകയും ചെയ്തു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ആറംഗ പണ നയ അവലോകന സമിതി (മോണിട്ടറി പോളിസി കമ്മിറ്റി - എംപിസി) യോഗമാണ് ഇന്ന് വായ്പാനയം പ്രഖ്യാപിച്ചത്.

ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ഓഗസ്റ്റിലെ വായ്പാനയത്തിൽ ആർബിഐ റിപ്പോ നിരക്കിൽ 0.25% കുറവു വരുത്തിയിരുന്നു. ഇക്കുറി പലിശ പലിശ നിരക്കിൽ മാറ്റമുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് വ്യാപാരമേഖലകളിൽ നിന്ന് പ്രതികരണം ഉണ്ടായിരുന്നു. രാജ്യത്ത് വൻതോതിൽ പണപ്പെരുപ്പം ഉയരുന്നതിനാലാണ് വായ്പാ നിരക്ക് മാറ്റില്ലെന്ന കണക്കുകൂട്ടൽ ഉണ്ടായത്. പണപ്പെരുപ്പം ഓഗസ്റ്റിൽ 3.36% ഉയർന്നിരുന്നു. ജൂലൈയിൽ ഇത് 2.36% ആയിരുന്നു. ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ പ്രവണത പിടിച്ചുനിർത്താനുള്ള ഒരു ശ്രമം എന്ന നിലയിൽ മാസങ്ങളായി കൂടിക്കൊണ്ടിരുന്ന ഇന്ധനവില ഇന്നലെ കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടു മാത്രം പണപ്പെരുപ്പം പിടിച്ചുനിർത്താനാവില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കലിന്റേയും ആഘാതം ഏറെക്കാലം തുടർന്നേക്കുമെന്നാണ് നിരിക്ഷകരുടെ അഭിപ്രായം. രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വൻ ആഘാതമാണ് നോട്ടുനിരോധനം കൊണ്ടുവരികയെന്ന് നിരോധനം നടപ്പാക്കിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സിങ് പാർലമെന്റിൽ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു ബിജെപി നേതൃത്വവും മോദി സർക്കാരും. പക്ഷേ, ആ വാക്കുകൾ ശരിയാകുന്നു എന്ന മട്ടിലാണ് കാര്യങ്ങളെത്തി നിൽക്കുന്നതെന്ന് ഇന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കുന്നു.

ഇന്ധനവില കൂടുന്നതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം ഉയർന്നിട്ടും ഇതിനെ ഗൗനിക്കാതെ നിന്ന കേന്ദ്രസർക്കാർ ഇന്നലെ പൊടുന്നനെ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കുകയായിരുന്നു. വിലക്കയറ്റം കുറയ്ക്കാൻ ഉദ്ദേശിച്ചാണ് ഇത് ചെയ്തതെങ്കിലും പണപ്പെരുപ്പം നിയന്ത്രണംവിട്ടു പോകുന്നുവെന്ന സൂചന ഇതോടെ പുറത്തുവന്നു. ഇത് ഓഹരി വിപണിയിലും തളർച്ചയുണ്ടാക്കുമെന്ന വിലയിരുത്തലും വരുന്നു. കേന്ദ്ര സർക്കാരിന് ബജറ്റിൽ കണക്കാക്കിയ കമ്മി ലക്ഷ്യം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തൽ വന്നുകഴിഞ്ഞു. സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കാൻ ഇന്ന് പലിശ നിരക്കുകൾ കുറയ്ക്കാൻ ആർബിഐക്കു മുന്നിൽ ശക്തമായ സമ്മർദമുണ്ടായിരുന്നു.

ഗോവധ നിരോധനം കൊന്നത് പൊന്മുട്ടയിടുന്ന താറാവിനെ

കറൻസി നിരോധനവും ജിഎസ്ടിയും തിരിച്ചടിയായപ്പോൾ, ബിജെപി പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനവും മറ്റും രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കംകൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ഇന്ത്യ പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു എന്ന മട്ടിലാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.

മുസ്‌ളീം മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കപ്പെട്ടതെന്നും എന്നാൽ അത് തകർക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആണെന്നും സാമ്പത്തിക നിരീക്ഷകരും വിലയിരുത്തിയിരുന്നു. ഈ രംഗത്തുമാത്രം ജൂണിലേതിൽ നിന്ന് 13 ശതമാനമാണ് വളർച്ചാ കുറവുണ്ടായത്. തുകൽ വ്യവസായ രംഗത്ത് രാജ്യത്ത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 2020ഓടെ 27 ബില്യൺ ഡോളറിന്റെ വരുമാനം ഈ മേഖലയിൽ നിന്ന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുമ്പ് അവകാശപ്പെട്ടിരുന്നു എന്നതാണ് ഇതിലെ വൈപരീത്യം.

ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നകാര്യത്തിൽ രാജ്യത്തിന് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു എന്നും ഓർക്കണം. ഇതിൽ അനുദിനം ഇടിവുണ്ടായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പാദരക്ഷകളുടെ കയറ്റുമതിയിൽ നാലു ശതമാനം ഇടിവുണ്ടായി 674 ദശലക്ഷം ഡോളറായി കുറഞ്ഞു. മറ്റു തുകൽ ഉൽപ്പന്നങ്ങളുടെ വിദേശ വിൽപനയിൽ 3.2 ശതമാനമാണ് ഇടിവ്. ഈ നിരക്കുകൾ അനുദിനം വർധിച്ചുവരികയുമാണ്. കൃത്യമായ സപ്‌ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാന്റുകളെല്ലാം ചൈന, ബംഗ്‌ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു.

ഈ വിപണി ഇന്ത്യക്ക് ഇനി തിരിച്ചുകിട്ടില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. യുപിയിൽ നിന്ന് കാര്യമായി കയറ്റുമതി ഉണ്ടായിരുന്ന തുകലിന്റെ കാര്യത്തിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി എത്തിയതോടെ വൻ കുറവാണ് ഉണ്ടായതെന്നാണ് കണക്കുകൾ. മാംസത്തിന്റേയും തുകലിന്റേയും കയറ്റുമതി കേന്ദ്രങ്ങളിൽ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി. ഷൂ-ഗാർമെന്റ് നിർമ്മാണ മേഖലയിലും വൻ തിരിച്ചടിയാണ് നേരിടുന്നത്. ഏറെക്കാലമായി കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം മുപ്പതുലക്ഷം മുതൽ അരക്കോടി വരെ സ്ഥിരം തൊഴിലാളികൾക്ക് ഈ മേഖലയിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ.

തൊഴിൽ മേഖലകളിലെല്ലാം വൻ പ്രതിസന്ധി

ടെക്സ്‌റ്റൈൽ മേഖലയിൽ 67 വലിയ യൂണിറ്റുകളാണ് സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചത്. 17,600 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ടെക്സ്‌റ്റൈൽ മേഖലയിലെ വലിയ സ്ഥാപനങ്ങളുടെ കണക്ക് മാത്രമാണിത്. ചെറുകിട മില്ലുകൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുമെന്ന് വ്യക്തം. ടെക്സ്റ്റൈൽ മേഖലയിലും മറ്റും പ്രതിസന്ധി രൂക്ഷമായത് കമ്പനികൾ പൂട്ടിപ്പോയതുകൊണ്ടാണ്. പവർലൂം ഉപയോഗിക്കുന്ന മില്ലുകളാണ് പൂട്ടുപ്പോയവയിലേറെയും. ഈ മേഖലയിലെ അസംഘടിത തൊഴിൽ രംഗത്തെ പ്രതിസന്ധി കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയുമേറുമെന്ന് അധികൃതർ പറയുന്നു.

മറ്റു മേഖലകളിലും ഈ മാന്ദ്യം പ്രകടമാണ്. 2017 മാർച്ച് 31-ന് അവസാനിച്ച അവസാന രണ്ട് പാദങ്ങളിൽ എൽ ആൻഡ് ടി പിരിച്ചുവിട്ടത് 14,000 തൊഴിലാളികളെയാണ്. ഐടി രംഗത്തും തൊഴിൽ നിയന്ത്രണം പ്രകടമാണ്. ഒട്ടാകെ 873913 പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ വലിയ അഞ്ച് ഐടി കമ്പനികളിൽ മൂന്നെണ്ണം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തൊഴിൽ നൽകിയത് കുറച്ചുപേർക്ക് മാത്രം. ടിസിഎസ് 1414 പേർക്കും ഇൻഫോസിസ് 1811 പേർക്കും ടെക് മഹീന്ദ്ര 1713 പേർക്കുമാണ് പുതിയതായി തൊഴിലവസരമൊരുക്കിയത്. വിപ്രോയും എച്ച്.സി.എൽ ടെക്നോളജീസും അവരുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.

ന്യൂജനറേഷൻ ബാങ്കുകളിലും ഈ പ്രതിസന്ധി വെളിപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയിലെ ജീവനക്കാരുടെ എ്ണ്ണത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 6096 പേരുടെ കുറവുണ്ടായി. 90421 പേരിൽനിന്ന് 84325 പേരായാണ് ജീവനക്കാരുടെ എണ്ണം കുറഞ്ഞത്. ഇതിന് തൊട്ടുമുമ്പുള്ള ഒക്ടോബർ-ഡിസംബർ കാലയളവിൽ കുറഞ്ഞ ജീവനക്കാരുടെ എണ്ണം 4581 ആയിരുന്നു. മറ്റു സ്വകാര്യ ബാങ്കുകളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്.

ഭാവിയുടെ ഊർജമെന്ന് കരുതിയിരുന്ന സോളാർ, വിൻഡ് എനർജി മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കാറ്റാടി യന്ത്രം നിർമ്മാതാക്കളായ സുസ്ലോൺ എനർജി ലിമിറ്റഡും ടർബൈൻ നിർമ്മാതാക്കളായ റീജൻ പവർടെക്കും ജീനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചു. ഇനോക്സ് വിൻഡ് ലിമിറ്റഡിൽ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്ത വിധം പ്രതിസന്ധി വളർന്നു.

സ്റ്റാർട്ടപ്പുകൾക്കും ഇത് നല്ല കാലമല്ല. 2016-ൽ അടച്ചുപൂട്ടിയത് 212 എണ്ണമാണ്. മുൻവർഷത്തെക്കാൾ ഇരട്ടിയാണിത്. പെപ്പർടാപ്പ്, ടൈനിഔൾ തുടങ്ങിയ പ്രതീക്ഷ പകർന്ന സ്ഥാപനങ്ങളും പൂട്ടിപ്പോയി. ഇക്കൊല്ലവും കൂടുതൽ എണ്ണം പൂട്ടിപ്പോകുമെന്നാണ് വിലയിരുത്തൽ. സ്റ്റേസില്ല, ടാസ്‌ക്‌ബോബ് തുടങ്ങിയ സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്.

ചരിത്രപരമായ മണ്ടത്തരമെന്ന് മന്മോഹൻ പറഞ്ഞത് അച്ചട്ടാവുന്നു

കള്ളപ്പണം ഇറക്കി അധികാരം പിടിക്കാനിറങ്ങിയവരെ ലാക്കാക്കിയുള്ള മോദിയുടെ തന്ത്രമായിരുന്നു 500ന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടി. ഈ സംഭവം മോദിയുടെ ധീരതയായി ആരാധകരെല്ലാം വാഴ്‌ത്തുകയും ചെയ്തു. എന്നാൽ അന്ന് പാർലമെന്റിൽ നാല മിനിറ്റ് മാത്രം നീണ്ടു നിന്നൊരു പ്രസംഗം നടത്തി മുൻ പ്രധാനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ്. നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കറൻസി നിരോധനത്തിലെ പാളിച്ചകളാണ് അന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞത്. രാജ്യസഭ കണ്ട ഏറ്റവും മനോഹരവും ശാന്തവുമായ പ്രസംഗം ആയിരുന്നു മന്മോഹൻസിംഗിന്റേത്. അനുവദിച്ച നാല് മിനിട്ടിൽ ഒതുങ്ങി നിന്ന്, ആവേശം ഒട്ടും കാണിക്കാതെ ശാന്തസ്വരത്തിൽ സാമ്പത്തിക വിദഗ്ധന്റെ കൈയൊപ്പോടെ മന്മോഹൻ സംസാരിച്ചപ്പോൾ ഭരണപക്ഷ ബഞ്ചുകൾ പോലും നിശബ്ദമായിരുന്നു. ആരു പറയുന്നതും കേൾക്കാതിരുന്ന മോദി അതീവ ശ്രദ്ധയോടെയാണ് മന്മോഹന്റെ ഇംഗ്ലീഷിലെ പ്രസംഗം കേട്ടിരുന്നത്. മുൻ റിസർവ്വ് ബാങ്ക് ഗവർണറും ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധനുമായ മന്മോഹന്റെ അഭിപ്രായം അറിയാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേസമയം, ആരെയും നിരാശപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദിയുടെ ഉദ്ദേശശുദ്ധി അംഗീകരിച്ചുകൊണ്ടായിരുന്നു പ്രസംഗം നീണ്ടത്.

അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.

കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിച്ചു. ഈ നടപടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിക്കുമെന്നും കാർഷിക മേഖലയേയും ചെറുകിട വ്യവസായത്തേയും പൂർണമായും തകർക്കുമെന്നുമാണ് തന്റെ അഭിപ്രായമെന്നും മന്മോഹൻ വ്യക്തമാക്കുകയുണ്ടായി.

അന്ന് മോദിയെ സാക്ഷിയാക്കി മന്മോഹൻ സിങ് പറഞ്ഞ വാക്കുകളുടെ വിലയാണ് ഇപ്പോൾ രാജ്യം തിരിച്ചറിയുന്നത്. 150 വർഷ കാലത്തിനിടെ ആദ്യമായി ഇന്ത്യ ബ്രിട്ടനെ ആഭ്യന്തര ഉത്പാദനത്തിൽ മറികടന്ന് ലോകത്തെ അഞ്ചാമത്തെ രാജ്യമായി അടുത്തിടെ മാറിയിരുന്നു. രാജ്യത്തെ ഇത്തരമൊരു നേട്ടത്തിലെത്തിക്കാൻ പര്യപ്തമായത് 1991ൽ ധനമന്ത്രിയായിരുന്ന കാലം മുതൽ കോൺഗ്രസ് നേതാവ് മന്മോഹൻസിങ് നടപ്പിലാക്കിയ ധനനയങ്ങളായിരുന്നു.

പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ കഴിഞ്ഞത് മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമി മൂലമായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്. അദ്ദേഹത്തിന്റെ പ്രവചനം പൂർണമായും ശരിയാകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോൾ രാജ്യത്തെ സമ്പദ് വ്യവസ്ഥ പോകുന്നതെന്ന് ഏറ്റവും പുതിയ കണക്കുകൾ തന്നെ വ്യക്തമാക്കുകയാണിപ്പോൾ.